യുവാവിനെതിരേ വ്യാജപരാതി നല്‍കി കുടുക്കാന്‍ ശ്രമം; യുവതി പിടിയില്‍
കഴക്കൂട്ടം: യുവാവിനെതിരേ വ്യാജ പരാതി നല്‍കി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മുപ്പത്തിമൂന്നുകാരിയായ യുവതിയെ പൊലിസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. തുമ്പ പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ മൂന്നാം തിയതിയാണ് നാടകീയമായ സംഭവം നടന്നത്.
ഈ കഴിഞ്ഞ ഒന്നാം തിയതി ആറ്റിപ്ര ചിത്ര നഗറില്‍ പുതുവല്‍മണക്കാട് വീട്ടില്‍ പ്രീത ( 33) രാവിലെ തുമ്പ പൊലിസില്‍ എത്തി തന്നെ സുരേഷ് എന്ന വ്യക്തി മര്‍ദ്ദിക്കുകയും ദേഹത്ത് കടന്ന് പിടിക്കുകയും ചെയ്തതായി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടാം തിയതി തന്നെ സുരേഷിനെ പൊലിസ് പിടികൂടുകയും സ്ത്രീകള്‍ക്ക് നേരെ ഉള്ള അതിക്രമത്തിന് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ സുരേഷ് കുറ്റം നിരസിച്ചു. പൊലിസ് യുവതി വാടകയ്ക്ക്ക്ക് താമസിക്കുന്ന വീട്ടിന്റെ പരിസരത്ത് അന്വേഷണം നടത്തിയപ്പോള്‍ യുവതിയുടെ പരാതി കള്ളമാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സ്റ്റേഷനില്‍ സുരേഷിനെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കി.
സുരേഷിനേയും സ്റ്റേഷനില്‍ മറ്റ് പല ആവശ്യങ്ങള്‍ക്കും വന്ന നാലു പേരേയും ഉള്‍പ്പെടുത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ് നടത്തിയത്.
തുടര്‍ന്ന് യുവതിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. എന്നാല്‍ സ്റ്റേഷനില്‍ തിരിച്ചറിയല്‍ പരേഡില്‍ മറ്റൊരു വ്യക്തിയെയാണ് യുവതി ചൂണ്ടി കാട്ടിയത്. ഇതോടെ പരാതി വ്യാജ മാണെന്ന് പൊലിസിന് മനസിലായി.
കൂടുതല്‍ ചോദ്യം ചെയ്യാന്‍ യുവതിയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. അപ്പോഴാണ് താന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥനായ സുബ്രമണ്യന്‍ എന്ന വ്യക്തി സുരേഷിനെ കള്ളക്കേസില്‍ കുടുക്കിയാല്‍ പതിനായിരം രൂപ തരാമെന്ന് വാഗ്ദാനം നല്‍കി എന്ന് പൊലിസിനോട് പറഞ്ഞത്. സുരേഷിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് സുബ്രമണ്യന്‍. എന്നാല്‍ രണ്ട് പേരും തമ്മില്‍ ഇടയ്ക്ക് അടി കൂടുകയും ജയിലില്‍ കിടക്കുകയും ചെയ്തതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി സുരേഷിനെ കുടുക്കാന്‍ സുബ്രമണ്യന്‍ യുവതിയ്ക്ക് പണം വാഗ്ദാനം നല്‍കുകയായിരുന്നു.
യുവതിയെ ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യവും പൊലിസിന്റെ പക്കല്‍ ഉണ്ട്. യുവതിയ്‌ക്കെതിരേ തെറ്റായ വിവരം നല്‍കി പൊലിസിനെ തെറ്റിദ്ധരിപ്പിച്ചത് വഴി നിരപരാധിയെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ടു നിന്നു എന്ന വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
യുവതിയെ ഇതിന് പ്രേരിപ്പിച്ച സുബ്രഹമണ്യനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. സുബ്രമണ്യന്‍ ഒളിവിലാണെന്ന് തുമ്പ എസ്.ഐ പ്രതാപ് ചന്ദ്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."