പാറക്കണ്ടി പവിത്രന്‍ വധക്കേസ്: ഏഴ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: സി.പി.എം പ്രവര്‍ത്തകന്‍ പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ (45) കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍ വിനോദാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്. ആര്‍.എസ്.എസ്-ബി.ജെ.പിക്കാരായ പൊന്ന്യം വെസ്റ്റ് ചെങ്കളത്തില്‍ വീട്ടില്‍ സി.കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ്(35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ.സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ. മഹേഷ് (38) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ഒരു ലക്ഷം വീതം പിഴയും അടക്കണം. ആകെയുള്ള എട്ടുപ്രതികളില്‍ നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് നേരത്തെ മരിച്ചിരുന്നു.
2007 നവംബര്‍ ആറിനു പുലര്‍ച്ചെ 5.45ന് നാമത്ത്മുക്ക് അങ്കണവാടിക്ക് സമീപത്ത് വച്ച് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് പവിത്രനെ പ്രതികള്‍ ആക്രമിച്ചത്. പാല്‍പാത്രം ഉപേക്ഷിച്ച് മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ പ്രതികള്‍ തലക്കും കൈകാലുകള്‍ക്കും വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ രമണി, മകന്‍ വിപിന്‍, ഏഴാംപ്രതി വിജിലേഷിനെ തിരിച്ചറിയല്‍ പരേഡ് നടത്തിയ മലപ്പുറം ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ എന്നിവരടക്കം 23 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 48 രേഖകളും ആയുധങ്ങള്‍ ഉള്‍പ്പെടെ 21 തൊണ്ടിമുതലുകളും ഹാജരാക്കി.
കൊലപാതകത്തിനു ശേഷം പവിത്രന്റെ കുടുംബത്തിന് നാമത്ത്മുക്കില്‍ നിന്ന് തന്നെ മാറി താമസിക്കേണ്ടിവന്നിരുന്നു. വിചാരണയ്ക്കിടെ പ്രതികളടക്കമുള്ള സംഘം സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ്കുമാര്‍ ചമ്പളോന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."