എന്‍ഡോസള്‍ഫാന്‍ സമര നേതാവിനുണ്ടായ അപകടത്തില്‍ ദുരൂഹതയെന്ന്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ ജനുവരിയില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിയ സമരത്തിനിടെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണനുണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ബോധപൂര്‍വം ഉണ്ടാക്കിയ അപകടമാണതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ കൂടുതല്‍ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ജനകീയ മുന്നണി കുറ്റപ്പെടുത്തി.
അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ ചികിത്സയ്ക്ക് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അമ്മമാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയെന്നത് ശുദ്ധ അസംബന്ധമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. അമ്മമാരടക്കം പലരും ചികിത്സാസഹായമായി സ്വമേധയാ പണം നല്‍കിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങള്‍ കൊണ്ട് അമ്മമാരുടെ സമരത്തെ തകര്‍ക്കാനാവില്ല. ജനകീയ മുന്നണിക്കെതിരേ നടക്കുന്ന കുത്സിത ശ്രമങ്ങള്‍ക്ക് പിന്നില്‍ കീടിനാശിനി കമ്പനിയുടെയും ഭരണകൂടത്തിന്റെയും ഏജന്റുമാരാണെന്നും അവര്‍ ആരോപിച്ചു.
മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകും. ഇതിന്റെ മുന്നോടിയായി കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലാസമ്മേളനങ്ങള്‍ ജൂണ്‍ ആദ്യ വാരത്തില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുനീസ അമ്പലത്തറ, ചന്ദ്രാവതി കെ, അരുണി കാടകം, ഷൈനി പി, ജമീല എം.പി, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."