കക്കൂസ് കിടപ്പുമുറിയാക്കി കുടുംബം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
കല്‍പ്പറ്റ: പുല്‍പ്പള്ളി പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ചണ്ണംകൊല്ലി ഇറുമുക്കി കാട്ടുനായ്ക്കര്‍ കോളനിയിലെ ഒരു കുടുംബം കക്കൂസ് കിടപ്പുമുറിയാക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അധികൃതരില്‍ നിന്നും വിശദീകരണം തേടി.
അടുത്ത മഴക്കാലത്തിനു മുന്‍പ് ഇവര്‍ക്ക് അടച്ചുറപ്പുള്ള വീട് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറും വയനാട് ജില്ലാ കലക്ടറും സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസറും വിശദീകരണം നല്‍കണം. കോളനിയിലെ അനീഷ്-സന്ധ്യ ദമ്പതിമാരും രണ്ടു മക്കളുമാണ് കക്കൂസ് കിടപ്പുമുറിയാക്കിയത്.
ഇവരുടെ ദൈന്യജീവിതം സംബന്ധിച്ച് മെയ് ഒന്നിന് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. വികസനത്തെയും അടിസ്ഥാന സൗകര്യത്തെയും കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്യുന്ന മലയാളികള്‍ക്കിടയിലേക്ക് ഇത്തരം വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കടന്നു വരുന്നതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തകര്‍ന്നു വീഴാറായ കക്കൂസില്‍ വന്യമൃഗങ്ങളെ പേടിച്ചാണ് ഇവര്‍ കഴിയുന്നത്. ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ സ്വന്തമായി ഒരു തുണ്ടു ഭൂമിയോ ഇല്ല. ഭൂമിക്കായി ഇവര്‍ പലവാതിലുകളും മുട്ടിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അത് ആവശ്യക്കാരിലേക്ക് എത്തുന്നില്ലെന്ന് പി മോഹനദാസ് നിരീക്ഷിച്ചു. കേസ് ജൂണില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. സുപ്രഭാതം വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."