ചന്ദ്രശേഖര്‍ റാവുവിന്റെ കണക്കുകൂട്ടലുകള്‍ ഇങ്ങനെ
ഹൈദരാബാദ്: പ്രധാനമന്ത്രിപദം, അല്ലെങ്കില്‍ ഒരു ഉപപ്രധാനമന്ത്രി പദവിയെങ്കിലും വേണം (കേന്ദ്രമന്ത്രിസ്ഥാനം മതിയാവില്ല), പിന്നെ കേന്ദ്രത്തില്‍ ഒരു കോണ്‍ഗ്രസ്- ബി.ജെ.പിയിതര സര്‍ക്കാര്‍...! ഇതാണ് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാനാ രാഷ്ട്രസമിതി (ടി.ആര്‍.എസ് ) അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ആഗ്രഹം. തന്റെ ആഗ്രഹങ്ങള്‍ നടത്തുന്നതിനു ചില കണക്കുകൂട്ടലുകളുമുണ്ട് അദ്ദേഹത്തിന്.
പ്രാദേശിക രാഷ്ട്രീയം ആളിക്കത്തിച്ച് സമീപകാലത്ത് ഏറ്റവും വിജയകരമായ രാഷ്ട്രീയം കളിച്ച നേതാവാണ് കെ.സി.ആര്‍ എന്ന ചന്ദ്രശേഖര്‍ റാവു അഥവാ കല്‍വകുന്ദള ചന്ദ്രശേഖര്‍ റാവു. ഒരുകാലത്ത് കോണ്‍ഗ്രസ് നയിച്ച യു.പി.എയുടെ ഭാഗമായിരുന്നു ടി.ആര്‍.എസ് എങ്കില്‍ ഇപ്പോള്‍ എന്‍.ഡി.എക്ക് പുറത്ത് നിര്‍ണായകഘട്ടത്തില്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്ന പ്രാദേശിക പാര്‍ട്ടികളിലൊന്നാണ്. 2004ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ അംഗവുമായിരുന്നു റാവു. തെലങ്കാന വിഭജനം കോണ്‍ഗ്രസ് വൈകിപ്പിച്ചതോടെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. അങ്ങനെ തെലങ്കാനാ സമരനായകന്‍ എന്ന പ്രതിഛായ അതിവേഗം റാവു നേടിയെടുത്തു. തെലങ്കാനാ രൂപീകൃതമായപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പുതിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ റാവു ഇന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ കൂടെകൂടിയെങ്കില്‍ എന്നാഗ്രഹിക്കുന്ന ദേശീയ നേതാവാണ്.
യൂത്ത് കോണ്‍ഗ്രസിലൂടെ പൊതുരംഗത്തെത്തിയ റാവു, അതിവേഗം ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയിലെത്തുകയും പാര്‍ട്ടിയുടെ തീപ്പൊരി നേതാവായി വളരുകയും ചെയ്തു. തെലങ്കാനാ സംസ്ഥാന രൂപീകരണം സംബന്ധിച്ച് നായിഡുവുമായി ഉടക്കി ടി.ആര്‍.എസ് ഉണ്ടാക്കി. റാവുവിന്റെയും കുടുബംത്തിന്റെയും കൈയിലാണിപ്പോള്‍ ടി.ആര്‍.എസ്. സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനാണ് മകന്‍ കെ.ടി രാമറാവു. നിസാമാബാദില്‍ നിന്ന് മല്‍സരിക്കുന്ന മകള്‍ കവിതക്കും ഭര്‍ത്താവിനും പാര്‍ട്ടിയില്‍ വന്‍ സ്വാധീനമുണ്ട്. ചുരുക്കത്തില്‍ പാര്‍ട്ടിയുടെ പ്രധാന ചുമതലകള്‍ കുടുംബത്തെ ഏല്‍പ്പിച്ചാണ് ഡല്‍ഹി രാഷ്ട്രീയത്തില്‍ റാവു കണ്ണുവയ്ക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും മുന്‍പേ ബി.ജെ.പി-കോണ്‍ഗ്രസ് ഇതര 'ഫെഡറല്‍ മുന്നണി' രൂപീകരിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു റാവു. ഇതിന്റെ ഭാഗമായി ഇടതുകക്ഷികള്‍, ബിജു ജനതാദള്‍ നേതാവ് കൂടിയായ ഒഡിഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി എന്നിവരെയെല്ലാം കണ്ടെങ്കിലും പ്രധാനമന്ത്രി മോഹം ഉള്ളില്‍ കൊണ്ടുനടക്കുന്ന ഈ നേതാക്കള്‍ റാവുവിന്റെ നീക്കത്തിന് തലവച്ചുകൊടുത്തതുമില്ല. കഴിഞ്ഞയാഴ്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടകാ മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരെയും കണ്ടു. ഇവര്‍ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചതുമില്ല, ഫലം വരട്ടെയെന്ന ഒഴുക്കന്‍ മറുപടിയാണ് ഇവരില്‍ നിന്നുണ്ടായത്. ഇതുകഴിഞ്ഞ് പോയാതാവട്ടെ, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെയടുത്തേക്ക്. താങ്കളെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ക്ഷണിക്കുന്നുവെന്ന അപ്രതീക്ഷിത മറുപടിയാണ് റാവുവിന് സ്റ്റാലിന്‍ നല്‍കിയത്.
ചുരുക്കത്തില്‍ ഫലപ്രഖ്യാപനം വരുംമുന്‍പുള്ള കെ.സി.ആറിന്റെ നീക്കങ്ങളൊന്നും വിജയിച്ചില്ല. ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ കക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിന്തുണ മാത്രമാണ് റാവുവിനുള്ളത്. എങ്കിലും കിങ് മേക്കര്‍ ആവാന്‍ സാധ്യതയുള്ള നേതാവാണിപ്പോഴും റാവു.
നിലവില്‍ സംസ്ഥാനത്തെ 17 ലോക്‌സഭാ സീറ്റില്‍ 11ഉം ടി.ആര്‍.എസിന്റെ കൈകളിലാണ്. ടി.ആര്‍.എസിനും അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമിനും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും കൂടി 30ലധികം സീറ്റുകള്‍ ഉറപ്പാക്കുകയാണ് ടി.ആര്‍.എസിന്റെ ലക്ഷ്യം. അങ്ങനെയാണെങ്കില്‍, യു.പി.എക്കും എന്‍.ഡി.എക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി പദവിക്കു അവകാശവാദം ഉന്നയിക്കാമെന്നാണ് റാവുവിന്റെ കണക്കുകൂട്ടല്‍.
കോണ്‍ഗ്രസിന്റെ കൂടെ കൂടിയാല്‍ പ്രധാനമന്ത്രിയാവില്ലെന്ന് റാവുവിന് ഉറപ്പുണ്ട്. എന്‍.ഡി.എ മുന്നണിക്കൊപ്പം പോവാന്‍ രാഷ്ട്രീയ പശ്ചാത്തലവും അനുവദിക്കില്ല. ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. 1, തെലങ്കാനയിലെ ജനസംഖ്യയില്‍ ദലിത്, മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ 27 ശതമാനം വരും. ഈ വിഭാഗത്തിന്റെ പിന്തുണ റാവുവിനാണ്. എന്നാല്‍, ഇവര്‍ ബി.ജെ.പിയോട് അടുക്കരുതെന്ന നിലപാടുള്ളവരുമാണ്. മോദിയോട് അടുക്കുകയാണെങ്കില്‍ തെലങ്കാനയില്‍ ശക്തമായ സ്വാധീനമുള്ള മജ്‌ലിസിന്റെ പിന്തുണ നഷ്ടമാവുകയും ചെയ്യും. 2, അടുത്തിടെ നടന്ന സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ഏറ്റവുമധികം അവിശ്വാസം രേഖപ്പെടുത്തിയ സംസ്ഥാനങ്ങളാണ് തെലങ്കാനയും ആന്ധ്രാപ്രദേശും. ഈ സാഹചര്യത്തില്‍ ജനവികാരം മറന്ന് മോദിക്കൊപ്പം നില്‍ക്കാന്‍ റാവുവിനാവില്ല.
മുന്‍പിലുള്ള സാധ്യത
1, കോണ്‍ഗ്രസ് പിന്തുണയുള്ള ഫെഡറല്‍ മുന്നണി. 1996ലേതു പോലെ പ്രാദേശിക കക്ഷികള്‍ക്കു പിന്തുണ കൊടുത്ത് കോണ്‍ഗ്രസ് സഹായത്തോടെയുള്ള സര്‍ക്കാര്‍ രൂപീകരിക്കല്‍. അത്തരം ഘട്ടത്തില്‍ റാവുവിന് പ്രധാനപദവി ലഭിക്കും. ഈ ഘട്ടത്തില്‍ മുന്നണികളില്‍പ്പെടാത്ത എസ്.പി, ബി.എസ്.പി, തൃണമൂല്‍, ബി.ജെ.ഡി, എ.എ.പി, പി.ഡി.പി, ഇടതുപക്ഷം, എ.ഐ.യു.ഡി.എഫ് പോലുള്ളവയും കോണ്‍ഗ്രസിന്റെ കൂടെയുള്ള ഡി.എം.കെ, എന്‍.സി.പി, ജെ.എം.എം, ജെ.വി.എം, എന്‍.സി എന്നിവയും ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും ജെ.ഡി.യുവും സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാവും. ഇതില്‍ തൃണമൂലിനും യു.പിയിലെ മഹാസഖ്യത്തിനും 30ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ റാവുവിന്റെ സ്വപ്നം നടക്കുകയുമില്ല.
2, ബി.ജെ.പി പിന്തുണയോടെയുള്ള ഫെഡറല്‍ മുന്നണി രൂപീകരണം. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും എന്നാല്‍, എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിക്കാതെ വരികയും, മോദിയല്ലാതെ പുറത്തുനിന്നുള്ള ഒരാളുടെ നേതൃത്വത്തില്‍ പൊതുപ്രധാനമന്ത്രി വരട്ടെയെന്ന് ആര്‍.എസ്.എസ് ആലോചിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ റാവുവിന് സാധ്യതയുണ്ട്. എസ്.പി, മജ്‌ലിസ്, എ.ഐ.യു.ഡി.എഫ്, ആര്‍.ജെ.ഡി പോലുള്ള കക്ഷികള്‍ ഇതിനെ പിന്തുണയ്ക്കാനിടയില്ല. പക്ഷേ, ഈ നീക്കം നടക്കാന്‍ വിദൂരസാധ്യതയേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."