കൊയിലാണ്ടി നഗരസഭയില്‍ 85 കോടിയുടെ കുടിവെള്ള പദ്ധതി
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന 85 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് കൊയിലാണ്ടിയില്‍ തുടക്കം. കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കും തുറയൂര്‍, കോട്ടൂര്‍, നടുവണ്ണൂര്‍ എന്നീ സമീപ പഞ്ചായത്തുകള്‍ക്കും പദ്ധതി ഉപകാരപ്പെടും. കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ പുതുതായി നിര്‍മിക്കുന്ന മൂന്ന് ജലസംഭരണികളിലേക്കും കോട്ടൂര്‍, തുറയൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകളിലെ ഓരോ ജലസംഭരണിയിലേക്കും ശുദ്ധജലം എത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
നാലു പാക്കേജുകളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യത്തെ പാക്കേജില്‍ കായണ്ണ മുതല്‍ ഊരള്ളൂര്‍ വരെയുള്ള പ്രധാന പൈപ്പ്‌ലൈനുകളും രണ്ടാമത്തെ പാക്കേജില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മൂന്നു ജലസംഭരണികളുടെ നിര്‍മാണവും ഊരള്ളൂര്‍ മുതല്‍ ജലസംഭരണികളിലേക്കുള്ള പൈപ്പ്‌ലൈനുകളുമാണ് ഉള്‍പ്പെടുന്നത്. മൂന്നാമത്തെ പാക്കേജില്‍ തുറയൂര്‍ പഞ്ചായത്തിലെ ജലസംഭരണിയും ട്രാന്‍സ്മിഷന്‍ മെയിനും നാലാമത്തെ പാക്കേജില്‍ കോട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകളിലേക്കുള്ള സംഭരണികളും അവിടങ്ങളിലേക്കുള്ള ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈനുകളുടെ പൂര്‍ത്തീകരണവുമാണ്. നാലാമത്തെ പാക്കേജിലെ ജലസംഭരണി നിര്‍മിക്കാര്‍ സ്ഥലം ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി സിവില്‍ സ്റ്റേഷനു മുന്‍വശത്തായി ദേശീയപാതക്ക് കിഴക്കുഭാഗത്ത് ജലസേചന വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ 35 സെന്റ് സ്ഥലമാണ് അനുവദിച്ചുകിട്ടിയത്.
പദ്ധതി ആരംഭിക്കുമ്പോള്‍ കൊയിലാണ്ടി നഗരപ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം ഇവിടെ സംഭരിച്ചാണു വിതരണം ചെയ്യുക. ജലവിതരണ പൈപ്പ് സ്ഥാപിക്കാന്‍ 30 കോടി രൂപയും അനുബന്ധ പണികള്‍ക്കായി 35 കോടി രൂപയുമാണു നീക്കിവച്ചത്.
23 ലക്ഷം ലിറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കൂറ്റന്‍ ജലസംഭരണിയാണ് ഇവിടെ നിര്‍മിക്കുക. അടി ഭാഗം വാട്ടര്‍ അതോറിറ്റിയുടെ കൊയിലാണ്ടി സബ്ഡിവിഷന്‍ ഓഫിസായി ഉപയോഗിക്കാവുന്ന തരത്തിലാണ് ജലസംഭരണി നിര്‍മിക്കുക. ഇതിലേക്കുള്ള വെള്ളം എത്തിക്കാനുള്ള പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. മഴകാരണം പെരുവട്ടൂര്‍ റോഡില്‍ വരെയാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് കനാല്‍വഴി കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സകൂള്‍, റെയില്‍വേ ട്രാക്ക്, പൊലിസ് സ്റ്റേഷന്‍ എന്നിവയ്ക്കു സമീപത്തുകൂടെ ടാങ്കിലേക്ക് വെള്ളം എത്തിക്കും. ഇതില്‍ റെയില്‍വേയുടെ അനുമതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നുണ്ട്. സ്ഥലം ലഭ്യമായാല്‍ ടാങ്ക് നിര്‍മാണ പ്രവൃത്തികളും ബാക്കിയുള്ള പൈപ്പ്‌ലൈന്‍ വലിക്കല്‍ പ്രവൃത്തികളും ഉടന്‍തന്നെ ആരംഭിക്കുമെന്ന് പ്രൊജക്ട് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. ഈ പാക്കേജിലുള്ള പ്രവൃത്തികള്‍ 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും പാക്കേജിന്റെ പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. ഒന്നാമത്തെ പാക്കേജിന്റെ പ്രവൃത്തിക്കാവശ്യമായ ഡി.ഐ പൈപ്പുകള്‍ കരാറുകാരന്‍ ഭാഗികമായി വിതരണം ചെയ്തിട്ടുണ്ട്. ഇതിനായി എട്ടു കിലോമീറ്റര്‍ നീളത്തില്‍ 900 മി.മീറ്ററും 800 മി.മീറ്ററും വ്യാസമുള്ള പൈപ്പുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ കോട്ടൂര്‍ പഞ്ചായത്തിലെ അവരാട്ടുമുക്കില്‍ നിലവിലുള്ള സംഭരണിയുടെ പുനരുദ്ധാരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."