മാക്രോണുമായി ബന്ധപ്പെട്ട ഇ-മെയിലുകളില്‍ കൂട്ടഹാക്കിങ്
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രചാരണരംഗത്ത് മുന്നിട്ടുനില്‍ക്കുന്ന മിതവാദ സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മാക്രോണിനെ ലക്ഷ്യമിട്ട് കൂട്ട ഹാക്കിങ് ആക്രമണം. ഫ്രഞ്ച് ജനത പോളിങ് കേന്ദ്രങ്ങളിലേക്ക് പോകാന്‍ കേവലം 48 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് മാക്രോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിവരങ്ങളടങ്ങിയ ഔദ്യോഗിക ഇ-മെയിലുകളില്‍ സംഘടിതമായ ഹാക്കിങ് നടന്നത്.
വെള്ളിയാഴ്ച ഫ്രഞ്ച് പ്രാദേശിക സമയം രണ്ടുമണിക്കാണ് മാക്രോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണകേന്ദ്രങ്ങളെ ഞെട്ടിപ്പിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ചോര്‍ന്നത്. മാക്രോണിന്റെ പാര്‍ട്ടി എന്‍ മാര്‍ഷെയുമായും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായും ബന്ധപ്പെട്ടുള്ള ഏകദേശം 14.5 ജിഗാ ബൈറ്റ് വരുന്ന ഇ-മെയില്‍ സന്ദേശങ്ങളും വ്യക്തിപരവും വ്യാവസായികവുമായ രേഖകളുമാണ് പുറത്തായത്. വിവരകൈമാറ്റ വെബ്‌സൈറ്റായ പാസ്റ്റബിന്‍ വഴി 70,000ത്തോളം ഫയലുകളുമായി ബന്ധിപ്പിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ആശയക്കുഴപ്പം സൃഷ്ടിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുമായി ആധികാരികവും വ്യാജവുമായ രേഖകള്‍ കൂട്ടിക്കുഴച്ചാണ് ഹാക്കര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഹാക്കര്‍മാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേതു പോലെ റഷ്യക്കുനേരെ തന്നെയാണ് ആരോപണമുനകള്‍ ഉയരുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമം വഴി മാക്രോണിനെ കുറിച്ച് റഷ്യ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടിരുന്നെന്നും മരിന്‍ ലെ പെന്നുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന് ഉറ്റബന്ധമുണ്ടെന്നും എന്‍ മാര്‍ഷെ അധ്യക്ഷന്‍ റിച്ചാര്‍ഡ് ഫെറന്‍ഡ് ആരോപിച്ചു. കഴിഞ്ഞ വര്‍ഷത്തെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഉപയോഗിച്ച അതേ രീതി തന്നെയാണ് ഇതിനും അവലംബിച്ചതെന്ന് സൈബര്‍ ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മാക്രോണിന്റെ ഇ-മെയിലുകള്‍ ഹാക്ക് ചെയ്തത് റഷ്യയാണെന്ന ആരോപണം കള്ളമാണെന്നും അടിസ്ഥാനരഹിതമാണെന്നും വ്‌ളാദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു പ്രിയപ്പെട്ട ഒരു സ്ഥാനാര്‍ഥിയുമില്ലെന്നും തെരഞ്ഞെടുപ്പില്‍ ഇടപെടേണ്ട ഒരു കാര്യവും തങ്ങള്‍ക്കില്ലെന്നും റഷ്യന്‍ അധികൃതര്‍ പറഞ്ഞു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചതു പോലെ കൃത്യമായും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൃത്യം നടന്നതെന്ന് എന്‍ മാര്‍ഷെ പാര്‍ട്ടി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."