മത്സ്യത്തൊഴിലാളികളുടെ കടബാധ്യത എഴുതിത്തള്ളണം: പി.കെ അബ്ദുറബ്ബ്
തിരൂരങ്ങാടി: പ്രളയ ദുരന്തത്തില്‍നിന്ന് ജനങ്ങളെ കൈപിടിച്ചു കരകയറ്റിയ മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതിതള്ളണമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. പ്രളയത്തെ അതിജീവിക്കുന്നതിന് കൈയും മെയും മറന്നു പ്രവര്‍ത്തിച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ ഈ ധീരന്‍മാരുടെ ജീവിതം എന്നും പ്രയാസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസമനുഭവിക്കുന്ന ഇവര്‍ ഭാരിച്ച കടബാധ്യതകള്‍ക്കും ഉടമകളാണ്. പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത മത്സ്യത്തൊഴിലാളികളുടെ സേവനം പരിഗണിച്ച് മത്സ്യത്തൊഴിലാളികളുടെ കടബാധ്യതകള്‍, മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുതിത്തള്ളുന്നതിനുള്ള അനുകൂല നടപടി സ്വീകരിക്കുകയാണെങ്കില്‍ അത് അവര്‍ക്ക് വലിയ ആശ്വാസമാകും. ഇതിനായി ഒരു പുതിയ സംവിധാനവും എര്‍പ്പെടുത്തേണ്ടതില്ല. നിലവില്‍ മത്സ്യത്തൊഴിലാളികളുടെ കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനമായ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയെ വേണ്ടൂ. ഇതിന് മുഖ്യമന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രിയും മുന്‍കൈയെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."