ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: കുറ്റക്കാര്‍ തന്നെ അന്വേഷണത്തിന്, നിയമപോരാട്ടത്തിനൊരുങ്ങി പിതാവ് ശരീഫ്
മഞ്ചേരി:ആശുപത്രികളില്‍ നിന്നും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വെള്ളപൂശുന്നു.സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ആവശ്യപ്രകാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെടുന്ന ആള്‍ തന്നെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇക്കാര്യത്തില്‍ മഞ്ചേരിയിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും യുവതിയുടെ ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ ഉന്നയിക്കുന്ന വാദം. ദമ്പതികളെ കുറ്റക്കാരാക്കുന്ന സമീപനമാണ് ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നത്.കുട്ടികള്‍ മരിച്ച ദുഖത്തില്‍ കണ്ണീര്‍തോരാതെ ആശുപത്രികിടക്കിയിലാണ് സഹ്‌ല, നീതിക്കായി നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ശരീഫ്. ഈ സാഹചര്യത്തിലാണ് ദമ്പതികളെ പ്രതിചേര്‍ക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്.
ആശുപത്രിയില്‍ വയറുവേദനയുമായെത്തിയ സഹ്‌ലയ്ക്ക് ചികിത്സ നല്‍കിയെന്നും പിന്നീട് നടത്തിയ പരിശോധനയില്‍ പ്രസവ വേദനയല്ലെന്നും അതിനാല്‍ വീട്ടിലേക്കോ,മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ കൊണ്ടുപോകാമെന്ന് പറയുകയായിരുന്നു. ഇതുപ്രകാരം പരിശോധനകള്‍ പൂര്‍ത്തിയാകാന്‍ രാവിലെ പത്തരയായി. അതേ സമയം യുവതിയുടെ ഭര്‍ത്താവ് ശരീഫ്
കോട്ടപ്പറമ്പ് മാതൃ-ശിശു ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് അവിടേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതനുസരിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അവിടേക്ക് റഫര്‍ ചെയ്യുകയുമായിരുന്നെന്നാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരിയില്‍ നെഗറ്റീവായ ഗര്‍ഭിണികളെ പ്രവേശിപ്പിക്കാന്‍ പ്രോട്ടോകോള്‍ പ്രകാരം സാധിക്കില്ല,എന്നാല്‍ പ്രസവവേദനയുള്ള ഗര്‍ഭിണികളെ പ്രവേശിപ്പിക്കാറുണ്ടെന്നും സൂപ്രണ്ട് ഡോ.നന്ദകുമാര്‍ പറഞ്ഞു. സംഭവത്തില്‍ കാരണക്കാര്‍ തന്നെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ജീവനക്കാരേയും അധികൃതരേയും വെള്ളപൂശിയാണ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രാഥമിക റിപ്പോര്‍ട്ട് തീര്‍ത്തും കെട്ടിച്ചമക്കപ്പെട്ടതാണെന്നും അധികാരികള്‍ കയ്യൊഴിയുകയാണെന്നും ശരീഫ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഒരുവിശ്വാസവുമില്ല. അധികാരികള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്,മുന്‍പും ആശുപത്രിയില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഷെരീഫ് വ്യക്തമാക്കിയിരുന്നു. 'മഞ്ചേരി എത്തിയപ്പോള്‍ ഒന്നു സ്‌കാന്‍ ചെയ്തിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല. ലേബര്‍ റൂമിലെ ഒരു നഴ്‌സ് ഓളോട് പറയാ നീയ്.മാസം തികയാതെ പ്രസവിക്കൂന്ന്. ആരും ഞങ്ങളോട് നന്നായി പെരുമാറിയില്ല' ശരീഫ് പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവിടെ നിങ്ങളെ എടുക്കില്ലെന്നും കൊവിഡ് രോഗികള്‍ക്ക് മാത്രമേ ചികിത്സ നല്‍കുകയൊള്ളുവെന്നുമായിരുന്നു മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതരുടെ പ്രതികരണം. മറ്റു മാര്‍ഗമില്ല, സ്വകാര്യ ആശുപത്രിയില്‍ എടുക്കുന്നില്ല എന്നെല്ലാം പറഞ്ഞെങ്കിലും ചികിത്സ നല്‍കാനാവില്ലെന്ന് മെഡിക്കല്‍ കോളജ് ഉറച്ചുനിന്നു. വേദനകൊണ്ട് പിടഞ്ഞ ഗര്‍ഭിണിയോടുള്ള പെരുമാറ്റവും ക്രൂരമായിരുന്നു. പുലര്‍ച്ചെ എത്തിയിട്ടും സ്‌കാന്‍ ചെയ്യാന്‍ പോലും തയാറായില്ല. ഇപ്പോള്‍ വേദന ഇല്ലെന്നും കൊണ്ടുപൊയ്‌ക്കൊള്ളൂവെന്നും മെഡിക്കല്‍ കോളജില്‍ നിന്ന് അന്തിമനിര്‍ദേശവും കിട്ടി. രാവിലെ 10 മണിയോടെ മറ്റ് ആശുപത്രികളില്‍ പോവാനായി കൊവിഡ് മുക്തമായെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും ഇത്രേം നേരത്തെ തന്നെ സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ഇറങ്ങിയിരിക്കുകയാണോ എന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി.
പ്രസവവേദന വന്നതിനെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെ 4.30ന് ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് യുവതി പോയത്. എന്നാല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മടക്കിയതിനാല്‍ വിവിധ സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓട്ടമായി പിന്നീട്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അധികൃതരോടും സ്വകാര്യ ആശുപത്രികളോടും കരഞ്ഞ് അഭ്യര്‍ഥിച്ചെങ്കിലും അനുകൂലപ്രതികരണം ഉണ്ടായില്ല.ഒടുവില്‍ മലപ്പുറം ഡി.എം.ഒ ഡോ. സക്കീന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വൈകിയെങ്കിലും ഗര്‍ഭിണിയെ ചികില്‍സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് തയാറായത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കുകയുംചെയ്തു. ഇതുപ്രകാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കി വൈകീട്ടോടെ ശസ്ത്രക്രിയവഴി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.
അതേ സമയം മരണത്തിന് ശേഷം പലതവണ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ പ്രതികരണമല്ല ലഭിച്ചതെന്നും ശരീഫ് പറയുന്നു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി, ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളജുകളെല്ലാം കോവിഡ് സെന്ററാക്കിയതോടെ അത്യാവശ്യ ചികിത്സക്ക് പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. ആരോഗ്യവകുപ്പിന്റെ ക്രൂരതയെ തുടര്‍ന്നാണ് ഇരട്ടക്കുട്ടികളുടെ ജീവന്‍ പൊലിഞ്ഞതെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.
''ഞാനൊരു കാര്യം ചെയ്യാം. എന്റെ കുട്ടികള്‍ക്ക് ഞാന്‍ മാസങ്ങള്‍ക്ക് മുമ്പേ കുഞ്ഞുടുപ്പും തൊട്ടിലും ഒക്കെ
വാങ്ങി വച്ചതാ. ലോക്ക്ഡൗണായാല്‍ വാങ്ങാന്‍ പറ്റാതെ വരുമോ എന്ന് കരുതിയിട്ട്. അപ്പോ വാങ്ങി വച്ചാല്‍ അതില്‍ എന്തെങ്കിലും വൈറസ് വരുമോ എന്ന് പേടിച്ചിട്ട്. ഞാനാ അതൊക്കെ കഴുകി ഉണക്കി ആശുപത്രിയില്‍ കൊണ്ടുവന്നത്. നോക്ക്, ആ വരാന്തയില്‍ എല്ലാം കൂട്ടി വച്ചിട്ടുണ്ട്. എന്റെ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്താ അതെല്ലാം കൊണ്ടുപോയി ഞാന്‍ കളക്ടര്‍ക്ക് കൊടുക്കും. എല്ലാം വീതിച്ച് കൊടുക്കട്ടെ.
എന്റെ കുട്ടികളെ കൊന്ന സൂപ്രണ്ടിനും അവരെ പിന്തുണയ്ക്കുന്ന മന്ത്രിയ്ക്കും ഒക്കെ വീതിച്ച് കൊടുക്കട്ടെ'.അന്വേഷണത്തില്‍ പ്രതികരിച്ചുകൊണ്ട് ശെരീഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."