വര്‍ണക്കാഴ്ചകളാല്‍ പൂരത്തിന് പരിസമാപ്തി
തൃശൂര്‍: ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പ്. വര്‍ണക്കാഴ്ചകളാല്‍ വിസ്മയം തീര്‍ത്ത തൃശൂര്‍ പൂരത്തിന് പരിസമാപ്തി. പൂരക്കടല്‍ തീര്‍ത്ത പുരുഷാരം മനം നിറഞ്ഞാണ് തേക്കിന്‍കാട് മൈതാനത്തോട് വിടപറഞ്ഞത്. വടക്കുംനാഥനിലെ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയില്‍ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായത്. ഇരു വിഭാഗങ്ങളുടെയും തിടമ്പേറ്റിയ ഗജവീരന്മാരായ തിരുവമ്പാടി ശിവസുന്ദറും പാറമേക്കാവ് പത്മനാഭനും മുഖാമുഖം നിന്ന് തുമ്പിക്കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തു.
പൂരം ഉപഹാരം ചൊല്ലലില്‍ സാക്ഷികളാകാന്‍ എത്തിയ പതിനായിരങ്ങള്‍ മേളത്തിനൊപ്പെം ഹര്‍ഷാരവം മുഴക്കി. ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞപ്പോള്‍ ഉയര്‍ന്ന ഹര്‍ഷാരവങ്ങളില്‍ പൂരം കെങ്കേമമായി നടത്താനായതിന്റെ ആഹ്ലാദവും പൂരക്കാഴ്ചകള്‍ തീര്‍ന്നുപോയതിലുള്ള നഷ്ടബോധവും പ്രകടമായി. ശ്രീമൂലസ്ഥാനത്ത് നിന്ന് അടുത്ത മേടമാസത്തിലെ പൂരംനാളില്‍ കാണാമെന്ന സങ്കല്‍പത്തോടെ വിടചൊല്ലിയ ഭഗവതിമാര്‍ വടക്കുംനാഥനെ വണങ്ങിയ ശേഷം തട്ടകനിവാസികളുടെ അകമ്പടിയോടെ ക്ഷേത്രങ്ങളിലേക്ക് മടങ്ങി. പുലര്‍ച്ചെ വെടിക്കെട്ടിനു ശേഷം മണികണ്ഠനാല്‍ പന്തലില്‍ നിന്നു ക്ഷേത്രത്തിലേക്കു തിരിച്ചുപോയ പാറമേക്കാവ് ഭഗവതിയും നായ്ക്കനാലില്‍നിന്നു മടങ്ങിയ തിരുവമ്പാടി ഭഗവതിയും രാവിലെ തിരിച്ചെത്തിയതോടെയാണ് പകല്‍പ്പൂരത്തിനു തുടക്കമായത്.
പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് രാവിലെ ഏഴരയോടെ ആരംഭിച്ചു. തിടമ്പേറ്റിയ പാറമേക്കാവ് ശ്രീപദ്മനാഭന് ഇരുവശത്തുമായി 14 ഗജവീരന്മാര്‍ അണിനിരന്നു. കുഴല്‍പറ്റ്, കൊമ്പുപറ്റ്, ചെമ്പടയ്ക്കുശേഷം പാണ്ടിമേളത്തോടെയാണ് എഴുന്നള്ളിപ്പു പുരോഗമിച്ചത്. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പിനു രാവിലെ എട്ടരയോടെയാണു തുടക്കമായത്. നായ്ക്കനാലില്‍നിന്ന് 15 ആനകളുമായി തുടങ്ങിയ ഘോഷയാത്രയ്ക്കു ഗജരാജന്‍ ശിവ സുന്ദര്‍ കോലമേന്തി. പുതിയ മേളപ്രമാണിയായ കോങ്ങാട് മധുവിന്റെ നേതൃത്വത്തില്‍ പാണ്ടിമേളം മുറുകി.
തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും എഴുന്നള്ളിപ്പുകള്‍ ഉച്ചയ്ക്കു പന്ത്രണ്ടോടെ വടക്കുന്നാഥ സന്നിധിയില്‍ എത്തി. തുടര്‍ന്നു 12.40നു ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജന്മാര്‍ ശ്രീമൂലസ്ഥാനത്തു സംഗമിച്ചു. പൂരക്കമ്പക്കാരെയും ദേശക്കാരെയും സാക്ഷിനിര്‍ത്തി തുമ്പിക്കൈ ഉയര്‍ത്തി പരസ്പരം വന്ദിച്ച് യാത്രാമൊഴിയേകി പിരിയുകയായിരുന്നു. മേളം നിലച്ചതോടെ ജനം പൂരപ്പറമ്പിനോടു വിടപറഞ്ഞു. ഒന്നര മണിക്കൂറിനുശേഷമാണ് പൂരം അവസാനിച്ചെന്ന വിളംബരവുമായി പകല്‍വെടിക്കെട്ട് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."