കുടുംബവഴക്കും കടബാധ്യതയും കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം കുടുംബവഴക്കും കടബാധ്യതയും മൂലമുള്ള മനോവിഷമം കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യയെപ്പറ്റി കൂടുതല്‍ തെളിവുകളും പൊലിസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. വീട് വില്‍പനയ്ക്കു ഭര്‍ത്തൃമാതാവ് തടസം നിന്നത് ലേഖയുടെ മനോവിഷമം വര്‍ധിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
മകളുടെ വിദ്യാഭ്യാസത്തിനും ജപ്തി ഒഴിവാക്കുന്നതിനും വീടു വില്‍ക്കണമെന്ന നിലപാടിലായിരുന്നു ലേഖ. എന്നാല്‍ ഭര്‍ത്താവിന്റെ അമ്മ ഇതിന് അനുവദിച്ചില്ല. വീട്ടില്‍ ജപ്തി നോട്ടിസ് വരുമ്പോള്‍ പൂജ നടത്തുകയായിരുന്നു പതിവ്. കോട്ടൂരുള്ള മന്ത്രവാദിയാണു സ്ഥിരമായി പൂജ നടത്തിയിരുന്നത്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയും വീട്ടില്‍ മന്ത്രവാദം നടന്നുവെന്നും വസ്തുവില്‍പനയ്ക്ക് അമ്മ തടസം നിന്നതായും അതില്‍ തര്‍ക്കമുണ്ടായെന്നും ആത്മഹത്യ നടന്ന ദിവസം അമ്മ ലേഖയുമായി വഴക്കിട്ടുവെന്നും ചന്ദ്രന്‍ മൊഴിനല്‍കിയിരുന്നു. ആത്മഹത്യ ചെയ്ത ദിവസം 'പോയി മരിച്ചു കൂടെ' എന്ന് അമ്മ ലേഖയോടു ചോദിച്ചതായും ചന്ദ്രന്‍ വെളിപ്പെടുത്തി. അതേസമയം, പ്രദേശവാസിയായ മന്ത്രവാദിയെ തിരിച്ചറിഞ്ഞുവെന്ന് പൊലിസ് വ്യക്തമാക്കി.
സംഭവത്തില്‍ ഭര്‍ത്തൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവര്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും പൊലിസ് തീരുമാനിച്ചു. ബന്ധുക്കളുടേയും പരിസരവാസികളുടേയും മൊഴികള്‍ രേഖപ്പെടുത്തി. ജപ്തി സംബന്ധിച്ച രേഖകള്‍ ഹാജരാക്കുന്നതിനു കാനറാ ബാങ്കിനും നോട്ടിസ് നല്‍കും. അതിനിടെ കേസില്‍ കാനറ ബാങ്ക് ചീഫ് മാനേജര്‍ അടക്കം നാലുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പൊലിസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
ആത്മഹത്യാകുറിപ്പിന് പിന്നാലെ തെളിവായി നോട്ട്ബുക്കും
തിരുവനന്തപുരം: ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവ് ചന്ദ്രനും മാതാവ് കൃഷ്ണമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നതിനെക്കുറിച്ച് ലേഖ എഴുതിയതെന്നു കരുതുന്ന നോട്ട്ബുക്കും പൊലിസ് കണ്ടെത്തി. ഇന്നലെ വെള്ളറട സി.ഐയുടെ നേതൃത്വത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നോട്ട് ബുക്ക് കണ്ടെത്തിയത്. കുടുംബ വഴക്കിനെ കുറിച്ച് വിശദമായി ഇതില്‍ എഴുതിയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം വീട്ടില്‍ വഴക്ക് പതിവായിരുന്നെന്നും തന്നെ സമൂഹത്തിന് മുന്നില്‍ മോശക്കാരിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവിന്റെ അമ്മ ശ്രമിക്കുന്നതായും ഇതില്‍ പറയുന്നു. ഓരോ ദിവസത്തെയും ചെലവുകള്‍ സംബന്ധിച്ചും ബുക്കില്‍ കുറിച്ചിട്ടുണ്ട്.
കടങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ച് ചന്ദ്രനും കൃഷ്ണമ്മയും കുറ്റപ്പെടുത്തിയിരുന്നുവെന്നും ലേഖ കുറിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് താന്‍ അയച്ച പണം എന്ത് ചെയ്തുവെന്നും ആര്‍ക്ക് കൊടുത്തുവെന്നും ചോദിച്ച് കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. ആദ്യമൊക്കെ തനിക്ക് വലിയ സങ്കടം ആയി. പിന്നീട് മകളുടെ കാര്യം ആലോചിച്ചായിരുന്നു സങ്കടമെന്നും ലേഖ ബുക്കില്‍ എഴുതി വച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ ആദ്യം ചന്ദ്രന്‍ നിഷേധിച്ചെങ്കിലും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."