HOME
DETAILS
MAL
രണ്ടായിരത്തിലേറെ കൊവിഡ് നെഗറ്റീവ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി സ്വകാര്യ ലാബ്
backup
September 30 2020 | 04:09 AM
വളാഞ്ചേരി: കൊവിഡ് നെഗറ്റീവ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ വളാഞ്ചേരി കുളമംഗലത്തെ അര്‍മ ലാബില്‍ നടന്നത് വന്‍ തട്ടിപ്പെന്ന് പൊലിസ്.
രണ്ടായിരത്തിലേറെ പേര്‍ക്ക് കൊവിഡ് നെഗറ്റീവ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ലാബ് ഉടമ നടത്തിയതെന്ന് വളാഞ്ചേരി പൊലിസ് പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി നിരവധി പേര്‍വിദേശത്തേക്കും മറ്റും യാത്ര ചെയ്തിട്ടുമുണ്ട്.
ലാബില്‍ 2500 പേരുടെ സ്രവം സ്വീകരിച്ചതായും ഇതില്‍ 491 സാമ്പിളുകള്‍ മാത്രമാണ് കോഴിക്കോട് മൈക്രോ ഹെല്‍ത്ത് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതെന്നും പൊലിസ് കണ്ടെത്തി.
മൈക്രോ ലാബിന്റെ ഫ്രാഞ്ചൈസി ആയ അര്‍മ ലാബ് സാമ്പിളുകള്‍ ശേഖരിച്ച് അയക്കുകയും അവരില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിതരണം ചെയ്യുകയുമാണ് പതിവ്. എന്നാല്‍ അര്‍മ ലാബ് അധികാരികള്‍ മൈക്രോ ലാബിലേക്ക് സാമ്പിള്‍ അയക്കാതെ അവരുടെ വെബ്‌സൈറ്റില്‍നിന്ന് നെഗറ്റീവ് ആയവരുടെ ഫലം പ്രിന്റെടുത് തിരുത്തി വ്യാജമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വരികയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
ഇത്തരത്തില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു വിദേശത്തേക്കു പോകാനിരുന്ന തൂത സ്വദേശിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം മൈക്രോ ലാബിനെ സമീപിച്ചു. ഇതേതുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ മൈക്രോ ലാബ് അധികൃതര്‍ വളാഞ്ചേരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ലാബ് രണ്ടാഴ്ച മുമ്പ് പൊലിസ് അടപ്പിച്ചു. പിടിച്ചെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കും മറ്റും വിശദമായി പരിശോധന നടത്തിയാണ് പൊലിസ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. അയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലാബ് ഉടമയ്ക്കും കൊവിഡ് പോസിറ്റീവ് ആണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."