ഗുജറാത്ത് സര്‍ക്കാരിനെതിരേ പ്രതിഷേധം
അഹമ്മദാബാദ്: കര്‍ഷകര്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതിന് പകരം വ്യവസായത്തിനായി നല്‍കുന്ന രീതിയിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ നിയമം മാറ്റുന്നു. പാവപ്പെട്ട കര്‍ഷകര്‍ക്കായി ഭൂമി പതിച്ചു നല്‍കുന്നതുള്‍പ്പെടെയുള്ള നിയമമാണ് ഗുജറാത്ത് സര്‍ക്കാര്‍ വ്യവസായികള്‍ക്കായി പരിഷ്‌കരിച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
കാര്‍ഷിക ഭൂമി വകമാറ്റുന്നതുമായി ബന്ധപ്പെട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നിയമ ഭേദഗതിക്ക് കഴിഞ്ഞ ആഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു. 1960കളില്‍ അധികം വരുന്ന കൃഷി ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇത് പാവപ്പെട്ട കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കുമായി വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരം കാര്‍ഷിക ഭൂമി വ്യവസായങ്ങള്‍ക്കായി വകമാറ്റാന്‍ തടസമാകില്ല.
സംസ്ഥാന നിയമസഭ ഏകകണ്ഠമായാണ് നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. രണ്ട് വര്‍ഷം മുന്‍പ് പാസാക്കിയ നിയമം അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായിരുന്നു. ഇതാണ് ഇപ്പോള്‍ അംഗീകരിച്ചതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ചില ഭൂമി കാര്‍ഷിക വൃത്തിക്ക് യോജിക്കാത്തതാണ്. ഇത്തരം ഭൂമി പിടിച്ചെടുത്ത് പൊതുകാര്യങ്ങള്‍ക്ക്, സ്‌കൂളുകള്‍ എന്നിവക്കായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ ലക്ഷ്യം വച്ചതെന്നാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ ഭൂരഹിതര്‍ക്ക് നല്‍കാതെ പലയിടത്തും ഉദ്യോഗസ്ഥര്‍ കൃഷിഭൂമി പിടിച്ചുവച്ചിരിക്കുകയാണെന്ന ആരോപണവും ശക്തമാണ്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക ഭൂമി റോഡുകള്‍ക്കും വ്യാവസായിക സംരംഭങ്ങള്‍ക്കുമായി വകമാറ്റപ്പെടുമെന്ന ആശങ്കയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും മറ്റും പറയുന്നു.
സര്‍ക്കാരിന്റെ ഈ നിയമഭേദഗതിക്കെതിരേ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു. നിയമം ആദ്യം കൊണ്ടുവന്നത് ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കുന്നതിനു വേണ്ടിയായിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വകമാറ്റുന്നത് തെറ്റായ നടപടിയാണെന്ന് ഗുജറാത്ത് ഖേദത്ത് സമാജ് നേതാവും ആക്ടിവിസ്റ്റുമായ ജയേഷ് പട്ടേല്‍ പറഞ്ഞു.
രാജ്യത്തെ 60 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവരില്‍ വലിയൊരു ഭാഗവും ഭൂരഹിതരാണ്. 1962ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ ഭൂമി വാങ്ങിക്കാവുന്നതാണ്.
അധികം വരുന്ന ഭൂമി ഭൂരഹിതര്‍, പാവങ്ങള്‍ എന്നിവര്‍ക്ക് പതിച്ചുനല്‍കാനും നിയമം വ്യവസ്ഥ ചെയ്തിരുന്നു. ഭൂകൈമാറ്റം എന്നത് കടലാസുകളില്‍ മാത്രം ഒതുങ്ങുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറാത്തതിനെതിരേ നിരവധി പ്രക്ഷോഭങ്ങളാണ് ഗുജറാത്തില്‍ നടക്കുന്നത്. ഇതിനിടയിലാണ് കാര്‍ഷിക മേഖലയെ നശിപ്പിക്കുന്ന രീതിയില്‍ നിയമ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."