ഭാസ്‌കരക്കുറുപ്പിന് പകരം ഡാനിയേലിന്റെ മൃതദേഹം കൊണ്ടുപോയി
ചെങ്ങന്നൂര്‍: മുളക്കുഴ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പരസ്പരം മാറിയതുമായി ബന്ധപ്പെട്ട് ആശുപത്രിവളപ്പില്‍ സംഘര്‍ഷം. മുളക്കുഴ രാജേശ്വരിയില്‍ ഭാസ്‌കരക്കുറുപ്പ് ( 77), ചെറിയനാട് നാക്കോലയ്ക്കല്‍ നെയ്യാത്ത് മണ്ണില്‍ എന്‍.പി ഡാനിയേല്‍ (87) എന്നിവരുടെ മൃതദേഹങ്ങളാണ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. സംസ്‌ക്കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ മൃതദേഹം എടുത്തുക്കൊണ്ടു പോയതിലെ പിഴവാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ഭാസ്‌കരക്കുറുപ്പിന്റെ ബന്ധുക്കളാണ് ആദ്യം മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയത്. തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകി ഡാനിയേലിന്റെ മൃതദേഹം എടുക്കാനായി ബന്ധുക്കള്‍ എത്തിയപ്പോള്‍ മൃതദേഹം കണ്ടില്ല. ഇതോടെയാണ് സംഘര്‍ഷമുടലെടുത്തത്. ഉടന്‍ പൊലിസെത്തി പ്രശ്‌നങ്ങള്‍ നിയന്ത്രിച്ചു. അന്വേഷണത്തില്‍ മൃതദേഹങ്ങള്‍ പരസ്പരം മാറിയതായി കണ്ടെത്തിയതോടെ, മുളക്കുഴയിലെ രാജേശ്വരിയിലേക്ക് ഭാസ്‌കര കുറുപ്പിന്റെ മൃതദേഹവുമായി ആശുപത്രി അംബുലന്‍സ് പാഞ്ഞു. അതേസമയം 11 മണിക്ക് വീട്ടുവളപ്പില്‍ നടത്തേണ്ട സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിക്കുന്ന തിരക്കിലായിരുന്നു ഭാസ്‌ക്കരക്കുറുപ്പിന്റെ ബന്ധുക്കള്‍. മരണവീട്ടിലേക്ക് വീണ്ടും ആംബുലന്‍സെത്തിയതോടെ നാട്ടുകാരും ബന്ധുക്കളും അന്ധാളിച്ചു.
തുടര്‍ന്ന് ഭാസ്‌കരക്കുറുപ്പിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കി ഡാനിയേലിന്റെ മൃതദേഹവുമായി ആംബുലന്‍സ് തിരിച്ച് ആശുപത്രിയിലേക്ക്. മൃതദേഹം ബന്ധുക്കളെ ഏല്‍പ്പിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് വിരാമമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."