എച്ച്. മെഹ്ബൂബ് എന്ന പാട്ടുകാരന്‍
കൊച്ചിയിലെ കൊച്ചങ്ങാടിയില്‍ ഫാറുഖ് എന്ന് പേരുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്, ഏത് വിഷയത്തെക്കുറിച്ചും ഫാറുഖിനോട് ചോദിക്കാം. മറുപടിയുണ്ടാകും, ആത്മാവില്ലാത്ത മറുപടിയല്ല. ആത്മാര്‍ഥമായ മറുപടിയാകും അത്. ഈയൊരു ജ്ഞാനസമ്പന്നതയായിരുന്നു ഞങ്ങളുടെ ചങ്ങാത്തത്തിന്റെ അടിസ്ഥാനം.
ഫാറുഖിന് പല കലാകാരന്മാരുമായും അടുപ്പമുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഭായി എന്ന് ഞങ്ങള്‍ ആദരവോടെയും പ്രിയത്തോടെയും വിളിച്ചിരുന്ന പാട്ടുകാരന്‍ എച്ച്. മെഹ്ബൂബുമുണ്ടായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലത്തായിരുന്നു ജനനം.
കൊച്ചങ്ങാടിയിലുള്ള ഫാറുഖിന്റെ നാച്ചിയ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോഴൊക്കെ മെഹ്ബൂബും മിക്കവാറും അവിടെ ഹാജരുണ്ടാകും. ഞങ്ങള്‍ മൂവരുമിരുന്ന് സംസാരിച്ച സന്ധ്യകള്‍ക്കും സായാഹ്നങ്ങള്‍ക്കും കണക്കില്ല. കലയാകും മിക്കപ്പോഴും സംസാര വിഷയം. അങ്ങനെയാണ് ഭായി പി.ജെ ആന്റണി എന്ന നാടകക്കാരന്റെയും സിനിമാനടന്റെയും കലയോടുള്ള പ്രതിബദ്ധതയും നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാംപുകളില്‍ പ്രകടിപ്പിച്ചിരുന്ന ഒത്തുതീര്‍പ്പില്ലാത്ത സംവിധാന കര്‍ക്കശ്യത്തെയും കുറിച്ച് പറയുന്നത്. ജീവിതപരമായി ആന്റണി മാസ്റ്റര്‍ ദരിദ്രനായിരുന്നെങ്കിലും കലാപരമായി അദ്ദേഹം സമ്പന്നന്‍ തന്നെയായിരുന്നു.
മലയാളം, ഹിന്ദി പാട്ടുകളും ഗസലുമൊക്കെ ആലപിക്കുമ്പോള്‍ ഉച്ചാരണ വൈകല്യമില്ലാതെ അവ ആസ്വാദകരെ അനുഭവിപ്പിക്കുവാന്‍ മെഹ്ബൂബിലെ ഗായകന് കഴിഞ്ഞിരുന്നുവെന്നുള്ളതിന് അദ്ദേഹം പങ്കെടുത്ത പാട്ടുകച്ചേരികള്‍ ശ്രവിച്ചിട്ടുള്ളവര്‍ക്ക് ബോധ്യമാകും. ഗസല്‍ സംഗീതത്തെ കൊച്ചിയില്‍ ജനകീയമാക്കിയതും എച്ച്. മെഹ്ബൂബാണ്.
പക്ഷേ മെഹ്ബൂബ് പാടിയ സിനിമാ പാട്ടുകളെ ഹാസ്യഗാനങ്ങളെന്ന് പറഞ്ഞു തരംതാഴ്ത്താനുള്ള ശ്രമങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. ഈയൊരു പ്രവണത മെഹ്ബൂബ് ജീവിച്ചിരുന്ന കാലത്തുമുണ്ടായിരുന്നു. മെഹ്ബൂബ് ആലപിച്ചിരുന്ന ഗാനങ്ങളില്‍ ഒന്നോ രണ്ടോ ഒഴിച്ചാല്‍ ബാക്കിയൊന്നും ഹാസ്യഗാനത്തില്‍ പെടുന്നതല്ല. 'അകലേ ആരും കൈവിടും' 'പണ്ട് പണ്ട് നിന്നെ കണ്ട നാളയ്യാ' 'വണ്ടി വണ്ടി നിന്നെ പോലെ' 'നയാപൈസയില്ല കൈയില്‍ നയാപൈസയില്ല' തുടങ്ങിയ പാട്ടുകളിലൊക്കെ ജീവിതത്തെ സംബന്ധിക്കുന്ന സത്യസന്ധമാര്‍ന്ന ഒരു നോക്കികാണലുണ്ട്.
നെല്‍സണ്‍ എം.എ എഴുതിക്കൊടുത്ത 'നടിനു വേണ്ടി നാടിന് വേണ്ടി ജീവന്‍ നല്‍കാന്‍ പോണവരേ' എന്ന ഗാനം നമ്മുടെ പടനായകര്‍ക്ക് വേണ്ടിയുള്ള ഏറ്റവും നല്ല ഗാനാഭിവാദ്യമാണ്.
മെഹ്ബൂബിനെ കുറിച്ച് ജീവിതപരമായും സംഗീതപരമായും സംസാരിക്കുവാന്‍ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനായ അബ്ദുള്‍ ഖാദര്‍ വക്കീല്‍ ശ്രമിച്ചിരുന്നു. മ്യൂസികല്‍ മീറ്റ് എന്ന പേരില്‍ സംഗീതപ്രേമികളുടെ കൂട്ടായ്മയും വക്കീല്‍ രൂപീകരിച്ചു. നല്ലൊരു തബലവാദകന്‍ കൂടിയായിരുന്നു സംഗീതപ്രേമിയായ വക്കീല്‍.
പണ്ഡിറ്റ് രവി ശങ്കര്‍, അല്ലാരഖ, ബിസ്മില്ലാ ഖാന്‍, തലത്ത് മെഹമ്മൂദ്, ബീഗം അക്തര്‍, പര്‍വീണ്‍ സുല്‍ത്താന തുടങ്ങിയ സംഗീത പ്രതിഭകളുടെ സംഗീത പ്രകാശനത്തിനും കൊച്ചിയില്‍ ആദ്യമായി 'മ്യൂസികല്‍ മീറ്റ് ' വേദി ഒരുക്കി.
നല്ല ഒരു കഥപറച്ചിലുകാരന്‍ കൂടിയായിരുന്നു മെഹ്ബൂബ് . കൊച്ചി കായലിലെ ആണ്‍തിരുതയുടെയും പെണ്‍തിരുതയുടെയും പ്രണയത്തെക്കുറിച്ചും കള്ളുഷാപ്പിലെ കണ്ണുനീര്‍ വാര്‍ക്കുന്ന പട്ടിയെക്കുറിച്ചും ഇങ്ങനെ എത്രയോ കഥകളാണ് ശ്രുതിയും താളവും പിഴയ്ക്കാതെ മെഹബൂബ് പറഞ്ഞിട്ടുള്ളത്. ഈ കഥകളില്‍ ചിലത് എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ജമാല്‍കൊച്ചങ്ങാടി കഥയാക്കിയിട്ടുണ്ട്.
കൊച്ചി കല്‍വത്തിയില്‍ മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്ന പേരിലൊരു സംഗീത ട്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് മാത്രമാണ് ഈ ഗായകന്റെ ഓര്‍മയെ നിലനിര്‍ത്തുന്നത്. നഗരസഭ ഫോര്‍ട്ട്‌കൊച്ചിയില്‍ മെഹ്ബൂബിന്റെ ഓര്‍മക്കായി നിര്‍മിച്ചിട്ടുള്ള മെഹ്ബൂബ് മെമ്മോറിയല്‍ പാര്‍ക്കിന്റെ ശോചനീയാവസ്ഥ അധികൃതര്‍ക്ക് ഇത്തരം വിഷയങ്ങളിലുള്ള അനാസ്ഥ എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ്.
ഒരു സ്മാരകത്തിന്റെയും പിന്‍ബലമില്ലാതെ തന്നെ മെഹ്ബൂബ് എന്ന ഗായകന്‍ അദ്ദേഹം ആലപിച്ച ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസില്‍ മരണാതീതനാണെന്നതിന് കൊച്ചി എത്രയോ കാലമായി
സാക്ഷിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."