രാവില്‍ കാഴ്ച തെളിയുന്ന യമനികളുടെ ഗ്രാമം
നിങ്ങള്‍ ഇപ്പോള്‍ വായിക്കുന്ന എഴുത്തുകളും അതിലെ വര്‍ണമനോഹരമായ പടങ്ങളും കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത് വെളിച്ചമില്ലാത്ത അവസ്ഥയിലാണെങ്കിലെങ്ങനെ ഇരിക്കുമെന്ന് ആലോചിച്ചു നോക്കൂ...
നമുക്ക് ചിന്തിക്കാന്‍ തന്നെ പ്രയാസമായ കാര്യമാണെന്നതില്‍ സംശയമില്ല. ഭൂമിയിലെ മനുഷ്യര്‍ കാഴ്ച ആസ്വദിക്കുന്നത് പൊതുവില്‍ വെളിച്ചത്തിന്റെ സഹായത്താലാണ്. പ്രകൃതിയുടെ പച്ചപ്പും മഴവില്‍വര്‍ണവും നാം ആസ്വദിക്കുന്നത് വെളിച്ചത്തില്‍ തന്നെ. എന്നാല്‍ ചില ജീവികള്‍ക്ക് ദൈവം അവന്റെ സൃഷ്ടിവൈഭവം കൊണ്ട് രാത്രിയില്‍ കാഴ്ചനല്‍കുന്നതും നമുക്ക് ചുറ്റും കാണാനാകും.
സൂര്യന്‍ അസ്തമിക്കുകയും ചുറ്റുപാടുകള്‍ ഇരുട്ടിലമരുകയും ചെയ്യുന്ന നേരത്ത് കാഴ്ച അനുഭവിക്കുന്ന ഒരു വിഭാഗം മനുഷ്യരെക്കുറിച്ച് പറയാനാണ് ഈ ആമുഖമെല്ലാം. അത്തരം മനുഷ്യര്‍ ലോകത്തു വളരെ വിരളമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയവര്‍ പറയുന്നത്. ഒരു പക്ഷേ , വര്‍ണവൈവിധ്യങ്ങളില്‍ കണ്ണ് മഞ്ഞളിച്ചുനില്‍ക്കുന്ന നമുക്ക് അത് ചിന്തിക്കുക പോലും അസാധ്യമായിരിക്കും. യമനിലാണ് ഇത്തരം ശാരീരിക പ്രത്യേകതയുള്ള മനുഷ്യര്‍ കഴിയുന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഒന്നും രണ്ടുമല്ല, ഒരു ഗ്രാമത്തിലെ ഭൂരിഭാഗവും കാഴ്ച അനുഭവിക്കുന്നത് സൂര്യാസ്തമയത്തിന് ശേഷമാണ്.
യമനിലെ പല പ്രദേശങ്ങളും യുദ്ധക്കെടുതിയില്‍ കഷ്ടപ്പെടുമ്പോഴും കടുത്ത ആക്രമണങ്ങളും വെടിയൊച്ചകളും അധികമൊന്നും കടന്നുചെന്നിട്ടില്ലാത്തതാണ് ഇവരുടെ ഗ്രാമം. ഒരു പക്ഷേ ദൈവത്തിന്റെ കാരുണ്യമായിരിക്കുമത്. യമനിലെ തലസ്ഥാന നഗരിയായ സന്‍ആയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നിലകൊള്ളുന്ന ഖശബ ഗ്രാമമാണ് ഇത്തരത്തില്‍ അത്ഭുത പ്രതിഭാസമുള്ള ജനത വസിക്കുന്നത്. തങ്ങളുടെ കണ്ണുകള്‍ കൊണ്ട് വല്ലതും കാണണമെങ്കില്‍ ഒന്നുകില്‍ സൂര്യന്‍ അസ്തമിക്കണം. അല്ലെങ്കില്‍ സൂര്യവെളിച്ചം കണ്ണില്‍ നിന്ന് മറച്ചുപിടിക്കണം.
ചുരുക്കി പറഞ്ഞാല്‍ പകല്‍ കണ്ണുപൊട്ടന്മാരായും രാത്രിയില്‍ എല്ലാം കാണുന്നവരായും ഒരു ജീവിതം. ഒരു ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും ഇങ്ങനെ ആയിരിക്കുന്ന അവസ്ഥയെക്കുറിച്ച് അല്‍ അറബിയ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. യമനില്‍ മറ്റൊരിടത്തും ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്തിയിട്ടില്ല. പാരമ്പര്യമായിട്ടായിരിക്കും ഇവിടെയുള്ള കൂടുതല്‍ ആളുകള്‍ക്ക് ഈ രോഗം പിടികൂടിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. നേത്രാന്തരസിരാപടലത്തിലെ പ്രകാശത്തിന്റെ പ്രതിഫലനം മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ ഡോ. ഹുസൈന്‍ അല്‍ നുഫൈലി പറയുന്നു.
ഹെമറലോഫിയ സണ്‍ഗഌസുകളുടെ ഉപയോഗത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. നേത്രാന്തരസിരാപടലത്തിലെ മനുഷ്യന്റെ കാഴ്ചയെ രണ്ടു വിഭാഗമായിട്ടാണ് ശാസ്ത്രം ഗണിക്കുന്നത്. ഒന്ന് ഇരുട്ടത്ത് പ്രതിഫലിക്കുന്നതും മറ്റൊന്ന് വെളിച്ചത്തില്‍ പ്രതിഫലിക്കുന്നതും. ഇത്തരത്തിലുള്ള ആളുകള്‍ക്ക് വെളിച്ചം തട്ടുമ്പോള്‍ അവരുടെ കാഴ്ച മങ്ങിപ്പോവുകയാണ് ചെയ്യുന്നത്.
ലോകത്ത് വളരെ വിരളമാളുകള്‍ മാത്രമാണ് ഈ പ്രതിഭാസത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് കണക്കുകള്‍. ഈ അവസ്ഥയെ ഹെമറലോഫിയ എന്നും ഫോട്ടോഫോബിയ എന്നും വിളിക്കാറുണ്ടെന്നും നുഫൈലി വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."