തലപ്പുഴയിലെത്തിയത് നാലംഗ മാവോവാദി സംഘം
തലപ്പുഴ(വയനാട്): തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴചുങ്കത്തെ കാപ്പിക്കളത്ത് ബുധനാഴ്ച രാത്രി എത്തിയത് മാവോവാദികളെന്ന് പൊലിസ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി എട്ടോടെ എത്തിയ ആയുധധാരികളായ സംഘം മുദ്രാവാക്യം വിളിക്കുകയും വീടുകളില്‍ സര്‍ക്കാര്‍ വിരുദ്ധ നോട്ടിസുകള്‍ വിതരണം ചെയ്യുകയും ചെയ്തു. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അരിയും മറ്റ് സാധനങ്ങളും സംഘം ആവശ്യപ്പെട്ടതായി ഇവര്‍ പറയുന്നു. മാവോവാദി സംഘത്തിലെ സ്ത്രീ പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച സാവിത്രിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.
ബുധനാഴ്ച രാത്രി തന്നെ ഡിവൈ.എസ്.പി കെ.എം ദേവസ്യ, തലപ്പുഴ എസ്.ഐ സി.ആര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊട്ടിയൂര്‍ വനത്തിലേക്ക് സംഘം കടന്നതായാണ് പൊലിസ് നല്‍കുന്ന സൂചന. സി.പി.ഐ മാവോവാദി കബനി ഏരിയ കമ്മിറ്റിയുടെ പേരില്‍ എഴുതി തയാറാക്കിയ നോട്ടിസാണ് സംഘം വീടുകളില്‍ നല്‍കിയത്. കൂടാതെ, സമീപത്തെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ഭിത്തിയിലും മറ്റൊരു വീടിന്റെ മതിലിലും നോട്ടിസ് പതിക്കുകയും ചെയ്തിട്ടുണ്ട്. കാപ്പിക്കളത്തെ കടുങ്ങോട്ട് ഷെമീര്‍-താഹിറ ദമ്പതികളുടെ വീട്ടിലാണ് സംഘം ആദ്യം എത്തിയത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മുദ്രാവാക്യം മുഴക്കിക്കൊണ്ട് തന്നെ സമീപത്തെ മറ്റ് വീടുകളിലും എത്തി. പ്രളയം രണ്ട് മാസം മുന്‍പ് തിരിച്ചറിഞ്ഞിട്ടും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനോ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. ജനങ്ങളെ വെള്ളത്തില്‍ മുക്കിക്കൊന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല. ഭരണകൂട കൊലപാതകമാണ് നടന്നതെന്നും കൊലയാളിക്കെതിരേ ഒന്നിക്കണമെന്നും നോട്ടിസില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ഇന്നലെയും തണ്ടര്‍ബോള്‍ട്ടും പൊലിസും പരിസര പ്രദേശങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തലപ്പുഴ പൊലിസ് യു.എ.പി.എ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ തന്നെ മക്കിമല, കമ്പമല, ചിറക്കര എന്നിവിടങ്ങളില്‍ മുന്‍പ് മാവോവാദി സാന്നിധ്യം പൊലിസ് സ്ഥിരീകരിച്ചിരുന്നു. ഇവിടെയുള്ള വീടുകളില്‍ പലപ്പോഴായി സായുധരായ സംഘം എത്തിയിരുന്നതായി തെളിവ് ലഭിച്ചിരുന്നു. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷും മുന്‍പ് മക്കിമലയില്‍ എത്തിയിരുന്നതായി സ്ഥിരീകരണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."