നിക്ഷേപത്തട്ടിപ്പ്: കമ്പനി ഉടമയെ ഉടന്‍ ചോദ്യം ചെയ്യും
കോഴിക്കോട്: വ്യാജ ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ വന്‍നിക്ഷേപം സ്വീകരിച്ച എല്‍.ആര്‍ ടെക്‌നോളജീസിനെതിരേ അന്വേഷണം ശക്തമാക്കി പൊലിസ്. കമ്പനി സി.ഇ.ഒ നിഷാദ് കിളിയിടുക്കിലെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ നോട്ടിസ് നല്‍കും.
കോടികളുടെ മണിചെയിന്‍ തട്ടിപ്പ് നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതായി മലപ്പുറം ജില്ലാ പൊലിസ് മേധാവി യു. അബ്ദുല്‍കരീം വ്യക്തമാക്കി. നിഷാദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്നു നിക്ഷേപ തുകയേക്കാള്‍ കൂടുതല്‍ ലാഭം നേടിയവകരുടെയും ബാങ്ക് ഇടപാടുകള്‍ പൊലിസ് പരിശോധിക്കും. ജില്ലാ പൊലിസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്‌പെഷല്‍ ബ്രാഞ്ചും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അന്വേഷണ സംഘത്തെ വിപുലപ്പെടുത്താനും നീക്കമുണ്ട്.
പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവില്‍ നിന്ന് വന്‍ ബിസിനസുകാരനിലേക്കുള്ള നിഷാദിന്റെ വളര്‍ച്ചയെ കുറിച്ച് പൊലിസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നേരത്തെ അമരമ്പലം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു നിഷാദ്.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം വാങ്ങി കബളിപ്പിച്ചതായി ഇയാള്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്തോടെ ഇത് അന്ന് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. പിന്നീട് വിദേശത്തേക്ക് പോയ നിഷാദ് നിക്ഷേപ പദ്ധതിയുടെ ഉടമയായാണ് പിന്നീട് നാട്ടിലെത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ നാട്ടില്‍ സ്വീകാര്യതയുണ്ടാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. നിക്ഷേപ പദ്ധതിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിച്ചു.
അതിനിടെ, മോറിസ് കോയിനില്‍ നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്നവര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ ഒരുക്കം തുടങ്ങി. മോറിസ് പേ വാലറ്റിലുള്ള തുക പണമായി തിരികെ ലഭിക്കുമോ എന്നതാണ് നിക്ഷേപകരുടെ ആശങ്ക. എന്നാല്‍ ആരും ആശങ്കപ്പെടേണ്ടെന്നും പിന്‍വലിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നാലുദിവസം കൊണ്ട് പണം തിരിച്ചുനല്‍കുമെന്ന് നിഷാദ് വ്യക്തമാക്കി.
അന്വേഷണം പ്രഖ്യാപിച്ചതോടെ നിക്ഷേപകരെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ് കമ്പനി അധികൃതര്‍. മോറിസ് കോയിന്‍ അമേരിക്കയിലെ പേബിറ്റോയില്‍ ലിസ്റ്റ് ചെയ്‌തെന്നാണ് പുതിയ അവകാശവാദം. ഇന്നലെ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് നിഷാദ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ നിക്ഷേപ പദ്ധതിയുടെ പ്രഖ്യാപനമെന്ന പേരിലാണ് കൊച്ചിയില്‍ യോഗം ചേര്‍ന്നത്.
മണി ചെയിന്‍ മാതൃകയില്‍ വന്‍ തോതില്‍ നിക്ഷേപം സ്വീകരിച്ചെന്ന് ബോധ്യമായതോടെയാണ് എല്‍.ആര്‍ ടെകേ്‌നാളജീസ് കമ്പനിക്കെതിരേ ചൊവ്വാഴ്ച പൂക്കോട്ടുംപാടം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നിഷാദിന്റെ തോട്ടെക്കാട് വീട്ടില്‍ പൊലിസ് പരിശോധന നടത്തിയെങ്കിലും ഇടപാട് സംബന്ധിച്ച കൂടുതല്‍ രേഖകളൊന്നും ലഭിച്ചിട്ടില്ല. മലപ്പുറം ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം, പൂക്കോട്ടുംപാടം പൊലിസില്‍ നിന്ന് അന്വേഷണം ശക്തമായിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടിട്ടും അന്വേഷണം വൈകിപ്പിക്കാന്‍ പൊലിസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ശ്രമിച്ചതായി ആരോപണവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."