മൂന്നാര്‍ കയ്യേറ്റം: സര്‍വ്വ കക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചുനീക്കിയത് വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്. കുരിശ് പൊളിച്ച നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തുവരികയും ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍നടപടികള്‍ക്ക് മുന്‍പ് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി അഭിപ്രായം സ്വരൂപിക്കാന്‍ എല്‍.ഡി.എഫ് യോഗമാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഇന്ന് തൈക്കാട് ഗസ്റ്റ്‌ഹൌസില്‍ വിവിധ തുറകളിലുള്ളവരുമായി വെവ്വേറെ ചര്‍ച്ചകള്‍ നടക്കും. രാവിലെ 11 മണിക്ക് പരിസ്ഥിതി പ്രവര്‍ത്തകരുമായാണ് ആദ്യ ചര്‍ച്ച. മുഖ്യമന്ത്രിയെക്കൂടാതെ, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എം എം മണി, നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍, ഇടുക്കി ജില്ലാ കളക്ടര്‍, ദേവികുളം സബ്കളക്ടര്‍, ഉന്നത റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
യോഗത്തിന് മുന്നോടിയായി കയ്യേറ്റക്കാരുടെയും കുടിയേറ്റക്കാരുടെയും പട്ടിക തയ്യാറാക്കാനും ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."