സംഘടനാ റിപ്പോര്‍ട്ട് ചോര്‍ത്തി: ജമാഅത്ത് ശൂറാ അംഗത്തെ പുറത്താക്കി
കോഴിക്കോട്: സംഘടനാ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്നാരോപിച്ച് ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗവും മുന്‍ സംഘടനാ കാര്യ സെക്രട്ടറിയും പ്രഭാഷകനുമായ ഖാലിദ് മൂസ നദ്‌വിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. കൂടിയാലോചനാ സമിതിയായ ശൂറയിലെ ചര്‍ച്ചകളും അന്വേഷണ റിപ്പോര്‍ട്ടും ചോര്‍ത്തിക്കൊടുത്തുവെന്നതാണ് ഇദ്ദേഹത്തിനെതിരേയുള്ള പരാതി.
സംഘടനയുടെ മാധ്യമസ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അന്വേഷിക്കാന്‍ ശൂറ സമിതിയെ നിയോഗിക്കുകയും സമിതി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് കഴിഞ്ഞ ഒന്‍പതിന് ചേര്‍ന്ന ശൂറാ യോഗം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് സസ്‌പെന്‍ഷന്‍. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടിയെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ അബ്്ദുല്‍ അസീസ് പറഞ്ഞു.
സംഘടനാ മുഖപത്രം, ചാനല്‍ എന്നിവയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ നല്‍കിയ പരാതികള്‍ അന്വേഷിക്കാന്‍ നാല് ജില്ലാ പ്രസിഡന്റുമാര്‍ അടങ്ങുന്ന സംഘത്തെയാണ് ശൂറ നിയോഗിച്ചിരുന്നത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് ജമാഅത്ത് അനുകൂല സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. യുവജന വിഭാഗമായ സോളിഡാരിറ്റിയിലും ചര്‍ച്ചയായിരുന്നു.
മാധ്യമം മാനേജ്‌മെന്റിന്റെ പിടിപ്പ്‌കേട് മൂലം ഉണ്ടായ നഷ്ടം നികത്താന്‍ 10 കോടി പിരിക്കാനുള്ള നീക്കത്തെ പ്രവര്‍ത്തക സമ്മര്‍ദം കൊണ്ട് തടയിടാനാണ് താന്‍ സംഘടനയിലെ ശൂറക്ക് പുറത്തുള്ള പ്രധാനികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതെന്നാണ് ഖാലിദ് നദ്‌വിയുടെ വിശദീകരണം.
രണ്ടര വര്‍ഷം മുന്‍പും നടപടി നേരിട്ട ശൂറ അംഗമാണ് ഖാലിദ് മൂസ. പിന്നീട് അഖിലേന്ത്യാ അമീറിന് ക്ഷമാപണം എഴുതി നല്‍കിയ ശേഷം സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. ശേഷം ശൂറയിലും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഭാഷണ രംഗത്തും ഖാലിദ് മൂസ സജീവമായിരുന്നു. ഖാലിദ് മൂസയെ പുറത്താക്കിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലിയുടെ പേരിലുള്ള ഒരു കത്ത് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘടനക്ക് ദോഷകരമാകുന്ന രീതിയില്‍ ഖാലിദ് മൂസ പ്രവര്‍ത്തിച്ചെന്നാണ് ഈ കത്തില്‍ ആരോപിക്കുന്നത്.
അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷനെന്നും കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാകില്ലെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീറിന്റെ നിലപാട്. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. നടപടിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഖാലിദ് മൂസ തയാറായില്ല.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എം.കെ. മുഹമ്മദലിയുടേതായി പുറത്തുവന്ന പ്രസ്താവന
അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്
സഹപ്രവര്‍ത്തകരുടെ ശ്രദ്ധ ഗൗരവപ്പെട്ട ഒരു വിഷയത്തിലേക്ക് ക്ഷണിക്കുകയാണ്. ജനാബ് ഖാലിദ് മൂസാ സാഹിബിനെ ഹല്‍ഖാ അമീര്‍ അന്വേഷണ വിധേയമായി ജമാഅത്ത് അംഗത്വത്തില്‍നിന്നും സസ്പന്റ് ചെയ്തിരിക്കുന്നു.
മാധ്യമം ദിനപത്രത്തിലെ യൂനിയനുകള്‍ ശൂറക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശൂറ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു.പ്രസ്തുത സമിതി പരാതിയില്‍ പരാമര്‍ശിച്ച യൂനിറ്റുകളും പ്രദേശങ്ങളും സന്ദര്‍ശിച്ച്,നിരവധിപേരുമായി മുലാഖാത്ത് നടത്തി പല സിറ്റിംങ്ങുകളിലൂടെ ഒരു റിപ്പോര്‍ട്ട് 9-5-19ന് ശൂറക്ക് സമര്‍പ്പിച്ചു. മീഖാത്ത് അവസാനിക്കാനായിരിക്കെ കഴിവതും നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സമ്മര്‍ദ്ദംശൂറയുടെയും,ഹല്‍ഖാകേന്ദ്രത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടായതിനാല്‍ പരാതിയില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളുടേയും സര്‍വ്വവശങ്ങളും സൂക്ഷമമായി പഠിച്ച് ഒരു അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മറ്റിക്ക് സാധിച്ചിരുന്നില്ല.(ഇക്കാര്യം പ്രസ്തുത റിപ്പോര്‍ട്ടില്‍ അവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്).ഈ സാഹചര്യത്തില്‍ ശൂറാ റിപ്പോര്‍ട്ടിലെ കണ്ടെത്തുലുകളുടേയും നിഗമനങ്ങളുടേയും
ആധികാരികത ഉറപ്പ് വരുത്താനും തുടര്‍ നടപടികള്‍ കൈകൊള്ളാനും ആവശ്യമായ തീരുമാനങ്ങള്‍ എടുത്തുകൊണ്ട് 22/5/19ന് വീണ്ടും ചേരാമെന്ന തീരുമാനത്തില്‍ പിരിഞ്ഞു. (മുഴു നീളം മൗനിയായി ഖാലിദ് സാഹിബും ഈ ശൂറയില്‍ ഉണ്ടായിരുന്നു). സൂക്ഷമമായി എഡിറ്റ് ചെയ്യപ്പെടാത്തതും കേട്ടുകേള്‍വികള്‍ വരെ ഉള്‍കൊളളുന്നതുമായ ഈ റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്ത്‌പോകാന്‍ ഇടയാവരുതെന്നും സൂക്ഷ്‌മതക്ക് വേണ്ടി സോഫ്റ്റ് കോപ്പി ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യണമെന്നും അമീര്‍ പ്രത്യേകം ഉണര്‍ത്തിയിരുന്നു.എന്നാല്‍ഖാലിദ് സാഹിബ് ഈ റിപ്പോര്‍ട്ട് ശൂറക്ക് പുറത്തുള്ള പലര്‍ക്കും കൈമാറി. ഇതിലൂടെ അമീറിന്റെ കല്‍പന ലംഘിക്കുകയും ശൂറയോട് വഞ്ചന കാണിക്കുകയുമാണ് അദ്ദേഹം ചെയ്തത്.അതിന് അദ്ദേഹത്തിന്റെ ന്യായം 10 കോടി പിരിക്കാനുള്ള ശൂറയുടെ നീക്കത്തെ പ്രവര്‍ത്തക സമ്മര്‍ദ്ദത്തിലൂടെ തടയിടാനാണെന്നാണ്. വാസ്തവത്തില്‍ ശൂറ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ടില്ല. എങ്കില്‍പിന്നെ ഈ റമദാനില്‍ തന്നെ തിരക്കുപിടിച്ച് ഒരു യോഗവുംകൂടി തീരുമാനിക്കുകയില്ലല്ലോ...?!!.
ഇത്രയും വിശദമായി പറയാന്‍കാരണം പ്രസ്ഥാനത്തിനും മാധ്യമത്തിനും ഒരു ഗുണവും വരുത്താത്തതും കുറേ ക്ഷതങ്ങള്‍ വരുത്തുന്നതുമായ ചര്‍ച്ചകളാണ് ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയതിലൂടെ ഉണ്ടാവാനിടയുള്ളത്. അവിടെ നമ്മള്‍ ജാഗ്രത കൈകൊള്ളണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നു.
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ...ആമീന്‍
എം.കെ. മുഹമ്മദലി
ജനറല്‍ സെക്രട്ടറി
JIH കേരള
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."