നിരീക്ഷണ ഗോപുരം തലയുയര്‍ത്തി, പക്ഷേ എന്നു തുറക്കും?
കാട്ടാക്കട: കാട്ടില്‍ അതിക്രമിച്ച് കയറുന്നവരെയും അനുമതി കൂടാതെ കയറുന്നവരെയും പിടികൂടാന്‍ ചിട്ടപ്പെടുത്തിയ പദ്ധതികള്‍ ഒന്നൊന്നായി പൂര്‍ത്തിയാകുന്നു. ആദ്യ പടി എന്ന നിലയില്‍ നിരീക്ഷണ ഗോപുരം ഇവിടെ തലപൊക്കിയിരിക്കുകയാണ്. എന്നാല്‍ ഇതെന്ന് തുറക്കുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാര്‍.
അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതി പ്രദേശത്ത് ചോനം പാറ സെറ്റിന്‍മെന്റിലേക്ക് പോകുന്ന ഭാഗമായ മൂന്നാറ്റിന്‍മുക്ക് ഭാഗത്തിന് മുകളിലായാണ് മനോഹരമായി നിര്‍മിച്ച കാവല്‍ ഗോപുരം തലയുയര്‍ത്തി നില്‍ക്കുന്നത്.
മൂന്ന് തട്ടുകളായി നിര്‍മിച്ചിരിക്കുന്ന ഗോപുരത്തില്‍ നിന്നാല്‍ വനം ആകെയൊന്ന് കാണാനാകും.
അതിനാല്‍ തന്നെ പുറം നാട്ടില്‍ നിന്നും ഊടുവഴികളിലൂടെ കാട്ടില്‍ കയറുന്നവരെ എളുപ്പം കണ്ടെത്താം.
അടുത്തിടെ കോട്ടൂരില്‍ നിന്നും ആദിവാസി സെറ്റില്‍മെന്റകളിലേക്ക് നിര്‍മിച്ച വിശാലമായ റോഡ് കടന്നുകയറ്റക്കാര്‍ക്ക് അനുഗ്രഹമാണ്. മോട്ടോര്‍ വാഹനങ്ങളില്‍ സുന്ദരമായി പോകാം. ആര് പോകുന്നു, വരുന്നു എന്ന് ഒരു നിശ്ചയവുമില്ലാത്ത നില. എന്നാല്‍ ഗോപുരം വന്നതോടെ അതിന് അറുതി വരുകയാണ് എന്നാണ് കരുതിയത്. ഇവിടെ കാവല്‍ക്കാരേയും മറ്റും നിയമിക്കും, മാത്രമല്ല ഇവിടെ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും.
താമസിയാതെ വയര്‍ലെസ് സൗകര്യം ഏര്‍പ്പെടുത്തും. ഇതൊക്കെ വനം വകുപ്പ് വാഗ്ദാനമായി പറഞ്ഞിരുന്നു.
പക്ഷേ അതൊക്കെ ഏടുകളില്‍ മാത്രം. അനധികൃതമായി കടന്നു വരുന്നവര്‍ക്ക് താക്കീതായി മാറുകയാണ് ഗോപുരം എന്ന് പ്രതീക്ഷിച്ചവര്‍ക്ക് കിട്ടിയത് നിരാശമാത്രം.
കാട്ടാനകള്‍ ഉള്‍പ്പടെ കടന്നുവരുന്ന ഭാഗം കൂടിയാണ് ഇവിടം. വന്യജീവികളെ നിരീക്ഷിക്കാനും ഈ ഗോപുരം ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് വനം വകുപ്പ് ഇവിടെ ഇത് പടുത്തുയര്‍ത്തിയത് വന്യജീവികളെ കുറിച്ച് പഠിക്കാന്‍ എത്തുന്നവര്‍ക്കും പക്ഷി നിരീക്ഷകര്‍ക്കും ഗോപുരം തുറന്നു നല്‍കാനും പദ്ധതിയിട്ടിരുന്നു.
പക്ഷേ അതൊക്കെ എന്നു നടക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."