'ഇഅ്തമർനാ' ഉംറ മൊബൈൽ ആപ് ആൻഡ്രോയിഡിലും ലഭ്യമായി; ഉംറ, സിയാറ പെർമിറ്റ് നേടാം
മക്ക: അടുത്ത മാസം നാല് മുതൽ പുനഃരാരംഭിക്കുന്ന ഉംറ തീർത്ഥാടനവും മദീന സിയാറയും സുഖമമാക്കാൻ സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ 'ഇഅ്തമർനാ' മൊബൈൽ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് മൊബൈലിലും ലഭ്യമായിരുത്തുടങ്ങി. തീർത്ഥാടകർക്ക് വ്യക്തമായ മാർഗ്ഗ നിർദേശങ്ങൾ നൽകുന്ന പുതിയ ആപ്ലിക്കേഷൻ നേരത്തെ ഇക്കഴിഞ്ഞ ഞായാറാഴ്ച മുതൽ ഐഒഎസിൽ ലഭ്യമായിത്തുടങ്ങിയിരുന്നു. ഇന്നാണ് ആൻഡ്രോയിഡ് മൊബൈലുകളിൽ ലഭ്യമായത്. സഊദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ (സദായ) സഹായത്തോടെ വികസിപ്പിച്ച ആപ്പ് വഴിയായിരിക്കും തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിനും മദീന സിയാറത്തിനും പെർമിഷൻ ലഭ്യമാകലും സമയ ക്രമീകരണം ലഭിക്കുന്നതും. കൊവിഡ് മുക്തനാണെന്ന് ഉറപ്പുവരുത്തുന്നതിന് 'തവക്കൽനാ' ആപ്ലിക്കേഷനുമായിബന്ധിപ്പിച്ചായിരിക്കും "ഇഅ്തമർനാ" ആപ് പ്രവർത്തനം.
ഉംറ തീർത്ഥാനടത്തിനുള്ള അനുമതി പത്രം, മക്ക ഹറം നിസ്കാരം, മദീന മസ്ജിദുന്നബവി നിസ്കാരം, വിടവാങ്ങൽ ത്വവാഫ്, ജബലുന്നൂർ സന്ദർശനം, മദീനയിലെ റൗദ സന്ദർശനം, മദീനയിലെ മസ്ജിദുൽ ഖുബാ, ഉഹ്ദ് സന്ദർശനം തുടങ്ങിയവക്കുള്ള അനുമതി പത്രങ്ങൾക്കുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് മൊബൈലുകളിൽ https://play.google.com/store/apps/details?id=com.sejel.eatamrna&hl=en_US&gl=SA ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്പിൾ മൊബൈലുകളിൽ https://apps.apple.com/sa/app എന്ന ലിങ്കിൽ കയറിയാണ് ഡൌൺ ലോഡ് ചെയ്യേണ്ടത്. തുടർന്ന് ഇഖാമ നമ്പറും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യണം. ഉടൻ തന്നെ തവക്കൽനാ ആപ്പുമായി ഇത് ബന്ധിപ്പിക്കപ്പെടും.
കൊവിഡ് മഹാമാരി വ്യാപനം തടയുന്നതിനയെ ഭാഗമായി ഈ വർഷം ഫെബ്രുവരി 27ന് നിർത്തിവെച്ച ഉംറ തീർഥാടനവും മദീന സിയാറയും ഒക്ടോബർ നാലിന് പുനഃരാരംഭിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആദ്യ ഘട്ടത്തിൽ 6000 പേർക്കും 18 നു തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ പതിനയ്യായിരം ഉംറ തീർത്ഥാടകരെയും നാൽപതിനായിരം ഹറം സന്ദര്ശകരേയും നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ വിദേശ ഉംറ തീര്ഥാടകരെയുമാണ് അനുവദിക്കുക. നിലവിലെ പശ്ചാത്തലത്തിൽ ലഭ്യമായ തീയതികൾക്കനുസരിച്ച് തീർഥാടകന് ഉചിതമായ സമയവും മറ്റു സേവനങ്ങളും തെരഞ്ഞെടുക്കാനാകുമെന്നും അധികൃതർ അറിയിച്ചു. ഈ സമയ ക്രമീകരണം പാലിച്ചായിരിക്കണം തീർത്ഥാടകർ ഉംറയും സിയാറയും പൂർത്തീകരിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."