കൊടുംവറുതിയില്‍ പട്ടംകോളനി; വനനശീകരണത്തിന് അറുതിയില്ല; തകിടംമറിഞ്ഞ് കാലാവസ്ഥ
നെടുങ്കണ്ടം: കൊടുംവറുതിയില്‍ എരിയുകയാണ് പട്ടംകോളനി മേഖല. നെടുങ്കണ്ടം, കരുണാപുരം ഗ്രാമപഞ്ചായത്തുകളില്‍ തമിഴ്‌നാടിന്റെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ടൗണുകളും ഗ്രാമങ്ങളും കനത്ത വേനലില്‍ ഉരുകുകയാണ്. പ്രകൃതിയോട് മനുഷ്യന്‍ ചെയ്യുന്ന ദ്രോഹത്തിന്റെ പരിണിതഫലമാണ് ഇവിടുള്ളവര്‍ അനുഭവിക്കുന്നത്. ദിനംപ്രതി നിരവധി ലോഡ് മരങ്ങളാണ് പട്ടംകോളനിയില്‍ നിന്ന് വെട്ടിക്കടത്തുന്നത്.
കസ്തൂരിരംഗന്‍ ഭീതി പരത്തി ഹൈറേഞ്ചില്‍ നിന്ന് വ്യാപകമായി ചുളുവിലയ്ക്ക് തടി വെട്ടിക്കടത്തിയ അതേ മാഫിയ സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്. കൊടുംവേനലായിട്ടും മരം വെട്ടിക്കൊടുക്കുന്നതില്‍ നിന്ന് ഭൂവുടമകളും പിന്തിരിയുന്നില്ല.
കനത്ത വരള്‍ച്ചയെ തുടര്‍ന്ന് രാമക്കല്‍മേട്, ചോറ്റുപാറ, പുഷ്പ്പക്കണ്ടം, അണക്കര, രത്തിനക്കുഴി, പാലാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ മാസങ്ങളായി കുടിവെള്ളം വിലകൊടുത്തു വാങ്ങുകയാണു നാട്ടുകാര്‍. ഗ്രാമപഞ്ചായത്തുകളുടെ കുടിവെള്ളവിതരണം നാമമാത്രമാണ്. കുടിവെള്ള പദ്ധതികള്‍ അധികവും ജലമില്ലാതെ നിലച്ചമട്ടായി.
താഴ്ഭാഗങ്ങളില്‍ നിന്ന് പണം നല്‍കി വാങ്ങുന്ന കുടിവെള്ളമാണ് ഇപ്പോള്‍ ആശ്രയം. അതേസമയം, ഒരാഴ്ചയായി മേഖലയില്‍ ഇടിയും മിന്നലും ഉണ്ടാവുകയും മേഘം കാറുകൊള്ളുകയും ചെയ്യുന്നുണ്ടെങ്കിലും മഴ പെയ്തില്ല. രാവിലെ മുതല്‍ മൂടലായതിനാല്‍ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. സമീപ മേഖലകളായ കട്ടപ്പന, പുളിയന്‍മല, ഉടുമ്പന്‍ചോലകളില്‍ അടക്കം മഴ പെയ്യുമ്പോഴും പട്ടംകോളനി ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മഴ പെയ്യുന്നില്ല.
ഇടുക്കി ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വനശീകരണമുണ്ടായ ഉടുമ്പന്‍ചോല താലൂക്കിലാണെന്ന പഠന റിപ്പോര്‍ട് അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍, ഇതിനു പ്രതിവിധി കാണാനോ, മരംവെട്ട് അവസാനിപ്പിക്കാനോ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിച്ചില്ല. തടിവെട്ട് മാഫിയകളെ സഹായിക്കുന്ന നിലപാടിലാണ് അധികൃതര്‍. ഒരു പാസില്‍ നിരവധി ലോഡ് തടി കടത്തുന്നതിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്.
സംസ്ഥാനത്തു വ്യാപകമായി അടുത്തിടെ വേനല്‍മഴ ലഭിച്ചിരുന്നു. എന്നാല്‍, പട്ടംകോളനി മേഖലയില്‍ മാത്രം നല്ല ഒരു മഴപോലും ലഭിച്ചില്ല. കാര്‍ഷിക മേഖല അപ്പാടെ തകര്‍ന്നിരിക്കുകയാണ്. ഏലത്തോട്ടങ്ങളില്‍ ചെടികള്‍ ഉണങ്ങി നശിച്ചു.
ജലസേചനം നടത്തിയിട്ട് നാളുകളായി. കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ ജലസേചനം നടത്തിയാലും വിപരീത ഫലമാണ് ഉണ്ടാവുക. അതിനാല്‍, ഭൂവുടമകള്‍ തോട്ടങ്ങളില്‍ പണി നടത്താന്‍ മടിക്കുകയാണ്. ഇതുമൂലം മേഖലയിലെ നൂറുകണക്കിനു പേരാണ് തൊഴിലില്ലാതെ കഷ്ടപ്പെടുന്നത്. ആഴ്ചകള്‍ക്കകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്നതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവാന്‍ പോകുന്നത്. ഇത് എങ്ങിനെ പരിഹരിക്കണമെന്ന് അറിയാതെ ആശങ്കയിലാണ് ജനം. മിക്ക കുടുംബങ്ങള്‍ക്കും ബാങ്കുകളില്‍ ലോണ്‍ ഉണ്ട്. ലോണുകളുടെ അടവ് മുടങ്ങി ജപ്തി ഭീഷണിയിലേക്കും നീങ്ങുകയാണ്.
അടിയന്തരമായി അധികൃതര്‍ ആശ്വാസധനം നല്‍കിയില്ലെങ്കില്‍ വന്‍ പ്രതിസന്ധിയിലാകും പട്ടംകോളനി നിവാസികള്‍. വ്യാപകമായ വനശീകരണം അവസാനിപ്പിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."