കൊവിഡ് ബാധിതരെ വാരിയെടുത്ത് ആംബുലന്‍സിലേക്ക്; അഭിനന്ദിച്ച് മന്ത്രി
തിരുവനന്തപുരം: ആംബുലന്‍സില്‍ എടുത്തു കയറ്റാന്‍ ആരും തയാറാകാതിരുന്ന കൊവിഡ് ബാധിച്ച കിടപ്പു രോഗിയെ കൈകളില്‍ വാരിയെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കോട്ടയം കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ ബിജുവിനെ അഭിനന്ദിച്ച് മന്ത്രി കെ.കെ ശൈലജ.
സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷകരായി മാറുന്ന ധാരാളം ആരോഗ്യ പ്രവര്‍ത്തകരുണ്ട്. അവരുടെ നന്മ വറ്റാത്ത പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയുടെ കൈത്താങ്ങ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്ത് കൊവിഡ് പിടിപെട്ട നഴ്‌സ് രേഷ്മ, കൊവിഡ് പോസിറ്റീവായ യുവതിക്ക് 108 ആംബുലന്‍സില്‍ പ്രസവ ശുശ്രൂക്ഷ ഒരുക്കിയ ആംബുലന്‍സ് ജീവനക്കാരായ റോബിന്‍ ജോസഫ്, ആനന്ദ് ജോണ്‍, ശ്രീജ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. കോവിഡിന്റെ ഈ വ്യാപന കാലത്തും മറ്റുള്ളവര്‍ക്ക് ഊര്‍ജം നല്‍കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണിതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് 35 വയസുള്ള കൊവിഡ് ബാധിച്ച കിടപ്പ് രോഗിയുടെ രക്ഷകനായി ബിജു മാറിയത്. ബിജുവിനൊപ്പം 65 വയസുള്ള അമ്മയ്ക്കും 39 കാരിയായ സഹോദരിക്കും കൊവിഡ് ബാധിച്ചിരുന്നു. അന്‍പതോളം പടവുകളുള്ള 80 അടിയോളം ദൂരം വരുന്ന കുത്തനെയുള്ള കയറ്റം കയറി വേണം ഇവര്‍ക്ക് റോഡിലെത്താന്‍. കിടപ്പ് രോഗിയായ സഹോദരനെ ആശുപത്രിയിലാക്കാന്‍ സഹോദരി ബന്ധുക്കളോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും വന്നില്ല. വൈകിട്ട് മൂന്നോടെ ആംബുലന്‍സ് എത്തിയെങ്കിലും സഹായിക്കാനാളില്ലാതെ രോഗിയെ കയറ്റാന്‍ കഴിയാതെ തിരിച്ചുപോയി.
കൊവിഡ് കണ്‍ട്രോള്‍ സെല്ലില്‍ കൂടി സേവനമനുഷ്ഠിക്കുന്ന ബിജു വീട്ടിലേക്ക് പോകാന്‍ തുടങ്ങിയ സമയത്താണ് ഈ വിവരം അറിയുന്നത്. ഒടുവില്‍ രാത്രി ഏഴോടെ ബിജു പി.പി.ഇ കിറ്റുമായെത്തി അവിടെ വച്ച് ധരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രോഗിയെ ഒറ്റയ്ക്ക് എടുത്ത് വഴുവഴുപ്പുള്ള നിരവധി പടവുകള്‍ താണ്ടിയാണ് ടോര്‍ച്ച് വെളിച്ചത്തില്‍ ആംബുലന്‍സില്‍ കയറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."