പ്രകൃതി ദുരന്തത്തിലും പാഠം പഠിക്കുന്നില്ല; ഊര്‍ങ്ങാട്ടിരിയില്‍ റിസോര്‍ട്ട് നിര്‍മാണം വ്യാപകം
അരീക്കോട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് എഴുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടികളുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും ഊര്‍ങ്ങാട്ടിരിയില്‍ പ്രകൃതിയെ തൊട്ടുള്ള നിയമലംഘനം തുടരുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറ വില്ലേജില്‍ വ്യാപകമായ രീതിയില്‍ റിസോര്‍ട്ട് നിര്‍മാണം നടക്കുന്നതായാണ് വിവരം. ചുണ്ടത്തുംപൊയില്‍ വാര്‍ഡില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയന്ത്രണത്തിലുള്ള തടയണയുടെ സമീപത്താണ് അനധികൃതമായി തടയണയുടെയും റിസോര്‍ട്ടിന്റെയും നിര്‍മാണം നടക്കുന്നത്.
പൊട്ടിയാടി കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിലൂടെ ചെന്നാല്‍ അനധികൃത നിര്‍മാണം കാണാനാകും. എന്നാല്‍ ഈ ഭാഗത്ത് അടിക്കടി പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ കടുത്ത നിയമലംഘനത്തിന് നേരെ കണ്ണടക്കുകയാണ്. ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. 200 മീറ്റര്‍ ദൂരമുള്ള ഈ റോഡിന് പഞ്ചായത്ത് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ നല്‍കിയതായാണ് വിവരം.
കോഴിക്കോട് ജില്ലയിലുള്ള സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിലാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറിയാണ് റിസോര്‍ട്ട് നിര്‍മാണമെന്ന ആരോപണം വ്യാപകമായിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ശരിവക്കുന്ന തരത്തിലാണ് വെറ്റിലപ്പാറ വില്ലേജ് ഓഫിസിലുള്ള രേഖകളെന്ന് പൊതുപ്രവര്‍ത്തകര്‍ പറഞ്ഞു. യാതൊരു രേഖയും തണ്ടപ്പേരും ഇല്ലാതെ വില്ലേജ് ഓഫിസില്‍ എത്തി ഏക്കര്‍ കണക്കിന് ഭൂമിക്ക് നികുതി അടച്ചതായി കാണിച്ച് വ്യാപകമായ തട്ടിപ്പാണ് ഇവിടെ നടക്കുന്നത്.
വില്ലേജ് ഓഫിസിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കടുത്ത നിയമലംഘനം നടക്കുന്നതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. റീസര്‍വേ നടത്തിയാല്‍ സ്വകാര്യ വ്യക്തികള്‍ കൈയേറിയ ഭൂമികള്‍ തിരിച്ചുപിടിക്കാമെങ്കിലും രാഷ്ട്രീയ ഉദ്യോഗസ്ഥ ഭൂമാഫിയ കൂട്ടുകെട്ടിന്റെ നിയന്ത്രണത്തിലാണ് വനഭൂമിയുള്ളത്. ഇത് റീ സര്‍വേക്ക് തടസമാകുകയാണ്. തോന്നിയ രീതിയിലാണ് ഇവിടെ ഭൂമി തരംതിരിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കേണ്ടവര്‍ തന്നെ ഒത്താശ ചെയ്ത് കൊടുക്കുന്നതിനാല്‍ നിയമലംഘനം തുടര്‍ക്കഥയാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."