ഒരേയൊരു ഗാന്ധി ശാന്തി
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഗുജറാത്തിലെ പോര്‍ബന്ദറില്‍ 1869 ഒക്ടോബര്‍ 2നാണ് ജനിച്ചത്. കരംചന്ദ് ഗാന്ധിയും പുത്‌ലിബായിയുമാണ് ഗാന്ധിജിയുടെ മാതാപിതാക്കള്‍. അഹിംസയില്‍ ഊന്നിയ സത്യഗ്രഹം സമരമാര്‍ഗമായി സ്വീകരിച്ചതിലൂടെ ഗാന്ധി ലോകത്തിന് മാതൃകയായി. തന്റെ ജീവിതം വരുംതലമുറയ്ക്കുള്ള സന്ദേശമാക്കിയാണ് അദ്ദേഹം കടന്നു പോയത്. ലളിത ജീവിതവും പൊതുനന്മയും ജീവിത വ്രതമാക്കിയ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഇന്നും വിവിധ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. മഹാത്മാവായും ബാപ്പുവായും ആ പുണ്യപുരുഷന്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.ട
ഒക്ടോബര്‍ 2
ഗാന്ധിജിയുടെ ജന്മദിനം നാം ഗാന്ധി ജയന്തി ആയി ആഘോഷിക്കുന്നു. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
കേരളവും ഗാന്ധിയും
അഞ്ച് തവണ ഗാന്ധിജി കേരളം സന്ദര്‍ശിച്ചു. 1920ല്‍ മൗലാനാ ഷൗക്കത്ത് അലിക്കൊപ്പം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്നതിനിടയിലാണ് ആദ്യമായി ഗാന്ധിജി കേരളം സന്ദര്‍ശിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി 1925ലാണ് രണ്ടാമത്തെ സന്ദര്‍ശനം. ഈ യാത്രയില്‍ ശ്രീനാരായണ ഗുരു, കെ. കേളപ്പന്‍ എന്നീ നേതാക്കളെ സന്ദര്‍ശിക്കുകയും അവര്‍ണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1927ലാണ് മൂന്നാമത്തെ കേരള സന്ദര്‍ശനം. തിരുവാര്‍പ്പ് ക്ഷേത്രനിരത്തില്‍ അയിത്തജാതിക്കാരെ വഴി നടക്കാന്‍ അനുവദിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ പങ്കാളിയാകാനായിരുന്നു ഈ സന്ദര്‍ശനം. 1934ല്‍ നാലാമതും ഗാന്ധിജി കേരളം സന്ദര്‍ശിച്ചു. ഹരിജന്‍ ഫണ്ട് സ്വരൂപിക്കുന്നതിനായിരുന്നു ഇത്. 1937ല്‍ ക്ഷേത്ര പ്രവേശന വിളംബരവുമായാണ് അഞ്ചാമത്തെ കേരള സന്ദര്‍ശനം.
ഗാന്ധി എന്ന ശുശ്രൂഷകന്‍
1899-1902 കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബോവര്‍ യുദ്ധത്തില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കാന്‍ ഗാന്ധിജി ആംബുലന്‍സ് സംഘം രൂപീകരിച്ചു.
ജനുവരി ഒന്‍പത്
ജനുവരി ഒന്‍പത് ഭാരതീയ പ്രവാസി ദിനമായി ആചരിച്ചു വരുന്നു. 1915 ജനുവരി ഒന്‍പതിന് ദക്ഷിണാഫ്രിക്കയില്‍നിന്നു ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓര്‍മയ്ക്കായാണിത്.
ഐന്‍സ്റ്റീനും ഗാന്ധിയും
ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഗാന്ധിജിയെ ഏറെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു. ഭൂമിയില്‍ രക്തവും മജ്ജയുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നെന്ന് വരും തലമുറ വിശ്വസിച്ചേക്കില്ല എന്നാണ് അദ്ദേഹം ഗാന്ധിജിയെ വിശേഷിപ്പിച്ചത്.
സത്യഗ്രഹം
ഗാന്ധിജിയുടെ പ്രധാന സമരമാര്‍ഗങ്ങളിലൊന്നായിരുന്നു സത്യഗ്രഹം. ഇന്ത്യയില്‍ ഗാന്ധിജി നേതൃത്വം നല്‍കിയ ആദ്യത്തെ സത്യാഗ്രഹമാണ് ചമ്പാരന്‍. 1917 ലാണ് ഈ സത്യാഗ്രഹം നടന്നത്.
ഇന്ത്യന്‍ ഒപ്പീനിയന്‍
1903 ജൂണ്‍ 4നാണ് ഗാന്ധിജി ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രം ആരംഭിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്ന വര്‍ണവിവേചനത്തിനെതിരേയും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പൗരാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഓപ്പീനിയന്‍ ആരംഭിച്ചത്. യങ് ഇന്ത്യ, ഹരിജന്‍, നവജീവന്‍ എന്നിവയെല്ലാം ഗാന്ധിജിയുടെ പത്രങ്ങളാണ്.
ഗാന്ധിമാര്‍
കേരള ഗാന്ധി എന്നറിയപ്പെടുന്നത് കെ. കേളപ്പന്‍ ആണ്. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ആണ്. നെല്‍സണ്‍ മണ്ടേലയാണ് ആഫ്രിക്കന്‍ ഗാന്ധിയായി അറിയപ്പെടുന്നത്. ജോമോ കെനിയാത്തയെ കെനിയന്‍ ഗാന്ധിയെന്നും അഹംഗമാഖേ അരിയത്‌നയെ ശ്രീലങ്കന്‍ ഗാന്ധി എന്നും അറിയപ്പെടുന്നു. അതിര്‍ത്തി ഗാന്ധി എന്ന വിശേഷണം ഖാന്‍ അബ്ദുല്‍ഗാഫര്‍ ഖാനാണ്. ബാബാ ആംതെയെ ആധുനിക ഗാന്ധിയെന്നാണ് വിശേഷിപ്പിക്കുന്നത്.
ഗാന്ധിജിയും പുസ്തകവും
ഗാന്ധിജിയുടെ ആത്മകഥയാണ് 'എന്റെ സത്യാന്വേഷണ പരീക്ഷണ കഥ'. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച പുസ്തകം ജോണ്‍ റസ്‌കിന്റെ 'അണ്‍ടു ദിസ് ലാസ്റ്റ്'. ഗാന്ധിജിയെക്കുറിച്ച് 'ഗാന്ധി എ ലൈഫ്' എന്ന പുസ്തകം രചിച്ചത് കൃഷ്ണകൃപലാനിയാണ്. ഡി.ജി തെന്‍ഡുല്‍ക്കര്‍ രചിച്ച പുസ്തകമാണ് 'മഹാത്മ ലൈഫ് ഓഫ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി'.
വിശേഷണങ്ങളേറെ
നേതാജി സുഭാഷ് ചന്ദ്രബോസ് ആണ് ആദ്യമായി ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത്. രബീന്ദ്ര നാഥ ടാഗോറാണ് ആദ്യമായി മഹാത്മ എന്നു വിളിച്ചത്. ദക്ഷിണാഫ്രിക്കയെ രാഷ്ട്രീയ പരീക്ഷണ ശാല എന്നാണ് ഗാന്ധിജി വിളിച്ചത്. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു എന്ന വിശേഷണം ഗോപാലകൃഷ്ണ ഗോഖലെയ്ക്കാണ്. ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന വിശേഷണം സി. രാജഗോപാലാചാരിക്കാണ്. അര്‍ധനഗ്നനായ ഫക്കീര്‍ എന്നു ഗാന്ധിജിയെ വിളിച്ചത് ബ്രിട്ടന്റെ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലാണ്.
ഗാന്ധി സമാധാന
പുരസ്‌കാരം
ഇന്ത്യ അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് ഗാന്ധി സമാധാന പുരസ്‌കാരം. 1995ല്‍ ഗാന്ധിജിയുടെ ജന്മദിനവാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഒരു കോടി രൂപ സമ്മാനത്തുകയുള്ള ഈ പുരസ്‌കാരത്തിനര്‍ഹനായ ആദ്യത്തെ വ്യക്തി ജൂലിയസ് നെരേരയാണ്. ടാന്‍സാനിയയുടെ രാഷ്ട്ര പിതാവായി അറിയപ്പെടുന്ന നെരേര ഗാന്ധിയന്‍ ആശയങ്ങളെ സമരപോരാട്ടങ്ങളിലേക്ക് സമന്വയിപ്പിക്കുകയും ടാങ്കനീക്ക ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ രൂപീകരിച്ച് രാജ്യത്തെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."