പഞ്ചായത്തിന്റെ പിടിവാശി; പുത്തന്‍തെരുവ് ഇ.എസ്.ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം വൈകുന്നു
കരുനാഗപ്പള്ളി: ദേശീയപാതയില്‍ പുത്തന്‍തെരുവ് ജങ്ഷന് സമീപം പണി പൂര്‍ത്തിയായ ഇ.എസ്.ഐ ഡിസ്‌പെന്‍സറി കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്തിന്റെ പിടിവാശി മൂലം വൈകുന്നു. കുലശേഖരപുരം പഞ്ചായത്ത് അധികൃതര്‍ ചില സാങ്കേതിക കാരണം പറഞ്ഞ് കെട്ടിടത്തിന് നമ്പര്‍ നല്‍കാത്തതാണ് ഉദ്ഘാടനം വൈകിക്കുന്നത്. കഴിഞ്ഞ നാലരപതിറ്റാണ്ട് കാലമായി ഇ.എസ്.ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്.
കുലശേഖരപുരം ഇ.എസ്.ഐ ഡിസ്‌പെന്‍സറിക്കും, ഇ.എസ്.ഐ.ബ്രാഞ്ച് ഓഫിസിനുമായാണ് രണ്ടര കോടി രൂപ ചെലവഴിച്ച് പുത്തന്‍തെരുവില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്.
കെട്ടിടത്തില്‍ വികലാംഗക്കാര്‍ക്ക് പ്രത്യേക ശൗചാലയം ഇല്ലെന്നതാണ് നമ്പര്‍ നല്‍കാത്തതിന് കാരണമായി അധികൃതര്‍ പറയുന്നത്.
ഡല്‍ഹി ആസ്ഥാനത്തുള്ള ഒരു സ്ഥാപനമാണ് കെട്ടിടത്തിന്റെ പ്ലാന്‍ വരച്ച് നല്‍കിയത്. അന്ന് വികലാംഗക്കാര്‍ക്ക് കെട്ടിടത്തിനോട് ചേര്‍ന്ന് പ്രത്യേക ശൗചാലയം നിര്‍മിക്കണമെന്ന നിയമം നിലവില്‍ ഇല്ലായിരുന്നു. 2014ല്‍ ജനുവരിയില്‍ ആണ് കെട്ടിടനിര്‍മാണത്തിന് തുടക്കം കുറിച്ചത്. ഒരുവര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കി കെട്ടിടം കോര്‍പറേഷന് കൈമാറണമെന്നായിരുന്നു വ്യവസ്ഥ.
2015ല്‍ ഒക്ടോബറില്‍ പണി പൂര്‍ത്തിയാക്കി. 2016 നവംബറില്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇ.എസ്.ഐ അധികൃതര്‍ പഞ്ചായത്തിന് അപേക്ഷ നല്‍കി. ഗ്രാമ പഞ്ചായത്ത് അധികൃതരുടെ പരിശോധനയില്‍ വികലാംഗകാര്‍ക്ക് കെട്ടിടത്തിനോട് ചേര്‍ന്ന് ശൗചാലയം നിര്‍മ്മിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ഈ കാരണം പറഞ്ഞ് അപേക്ഷ നിരസിക്കുകയുമായിരുന്നു.
കെട്ടിടത്തിന് നമ്പര്‍ നല്‍കിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ വികലാംഗക്കാര്‍ക്ക് ശൗചാലയം നിര്‍മ്മിക്കാമെന്ന് ഇ.എസ്.ഐ അധികൃതര്‍ പഞ്ചായത്തിന് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടും അംഗീകരിക്കാന്‍ തയാറാകാതെ പഞ്ചായത്ത് അധികൃതര്‍ അനാവശ്യ വാശി കാണിക്കുക്കയാണെന്ന് ഡിസ്‌പെന്‍സറിയിലെ ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."