ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്‍ അലംഭാവം വേണ്ട
ചെറുവത്തൂര്‍: സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ അലംഭാവം ഇത്തവണ വേണ്ട. വീഴ്ച വരുത്തുന്ന പ്രധാനാധ്യാപകര്‍ക്കെതിരേ നടപടി കര്‍ശനമാക്കും. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം മെയ് പത്തിന് മുന്‍പ് സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കേണ്ടതും സ്കൂള്‍ തുറക്കുന്നതിനു മുന്‍പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്. എന്നാല്‍ പല വിദ്യാലയ അധികൃതരും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഇത് ഹാജരാക്കുന്നത്. തസ്തിക നിര്‍ണയ നടപടികളെ ഉള്‍പ്പെടെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വരും വര്‍ഷം തസ്തിക നിര്‍ണയം ഓണ്‍ലൈനായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അങ്ങനെ വരുമ്പോള്‍ ജൂണ്‍ ആദ്യവാരം തന്നെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ സോഫ്റ്റ്വെയര് വഴി നല്‍കേണ്ടി വരും.
ഈ സാഹചര്യത്തില്‍ ജൂണ്‍ മൂന്നിന് മുന്‍പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. അതേസമയം, ചില സര്‍ക്കാര്‍ വിദ്യാലയ അധികൃതര്‍ ഫിറ്റ്നസ് ഹാജരാക്കാതിരിക്കുന്ന പതിവുമുണ്ട്. എന്നാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്നിങ്ങനെ ഭേദമില്ലെന്നും മുഴുവന്‍ സ്കൂളുകളും കൃത്യസമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."