അധ്യാപനരംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ സുകൃതവുമായി ഐ.ബി ഉസ്മാന് ഫൈസി സമസ്ത കേന്ദ്ര മുശാവറയിലേക്ക്
കൊച്ചി: സരസമായ പ്രഭാഷണവും പണ്ഡിതോചിതമായ ഇടപെടലുകളും ദര്‍സ് അധ്യാപന രംഗത്ത് മൂന്ന് പതിറ്റാണ്ടുകളുടെ സേവനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗമായി ഐ.ബി ഉസ്മാന് ഫൈസി തെരഞ്ഞെടുക്കപ്പെട്ടത് നാടിന്റെ അഭിമാന മുഹൂര്‍ത്തമാവുന്നു.
എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ വാവക്കുട്ടിയുടെയും സാറ ഉമ്മയുടെയും എട്ടാമത്തെ മകനായി ജനം. സഹോദരങ്ങള്‍ ഒമ്പത്പേര്‍. 1977 ല്‍ ഉമ്മയുടെ നാടായ പള്ളിക്കര പിണര്മുണ്ടത്തായിരുന്നു ദര്‍സ് വിദ്യാഭ്യാസം ആരംഭിച്ചത്. സൂഫീ വര്യനായ കണ്ണൂര്‍ അബ്ദുല്ലാഹ് മുസ്ലിയാരായിരുന്നു പ്രഥമ ഗുരുനാഥന്. ഒരു വര്‍ഷം ഇവിടെ പഠിച്ചു. തുടര്‍ന്ന് കാലടി അലിമൗലവി, ചേലക്കുളം അബുല്ബുശ്റ മൗലവി എന്നിവരില്‍ നിന്ന് അഞ്ച് വര്‍ഷത്തോളം വിദ്യ അഭ്യസിച്ചു.
1982ല്‍ ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ ചേര്‍ന്നു. കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്, മൗലാനാ കെ.കെ അബൂബക്കര്‍ ഹസ്റത്ത്, എം.റ്റി അബ്ദുല്ലാഹ് മുസ്ലിയാര്, പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്, കരുവാരക്കുണ്ട് അബ്ദുല്ലാഹ് മുസ്ലിയാര് എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാര്. 1985ല്‍ നൂറുല്‍ഉലമയുടെ പ്രസിഡന്റായി.
പഠനശേഷം 1986ല്‍ എറണാകുളം ജില്ലയിലെ വള്ളുവള്ളിയില്‍ മുദരിസും ഖത്ത്വീബുമായി പ്രവേശിച്ചു. തുടര്‍ന്ന് അതേവര്‍ഷം തന്നെ ആലപ്പുഴ കുന്നുംപുറം ജുമാമസ്ജിദില്‍ ചുമതലയേറ്റു. രണ്ട് വര്‍ഷമാണ് ഇവിടെ സേവനം ചെയ്തത്. 1989ല്‍ എറണാകുളം തണ്ടേക്കാട് ജുമാമസ്ജിദില്‍ ഖത്വീബും മുദരിസുമായി. പതിനഞ്ച് വര്‍ഷം നാടിന്റെ ആത്മീയ നേതൃത്വമായി തുടര്‍ന്നു. പിന്നീട് 2004ല്‍ കൊല്ലം ജില്ലയിലെ പ്രമുഖ ജമാഅത്തായ അഞ്ചല്‍ ജുമാമസ്ജിദില്‍ സേവനം ചെയ്തു. 2005 മുതല്‍ ആലപ്പുഴ മണ്ണഞ്ചേരി പടിഞ്ഞാറെ മഹലില്‍ ഖത്വീബും മുദരിസുമാണ്.
സമീപ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലയുടെ പ്രഥമ പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ ആലപ്പുഴ ജില്ലാപ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ സമസ്ത എറണാകുളം ജില്ലാ പ്രസിഡന്റാണ്. സുമയ്യ, മുഹമ്മദ് സുഹൈല്‍, മുഹമ്മദ് സുഹൈബ് എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."