വോട്ടെണ്ണല്‍ അന്തിമ ഫലം വൈകും: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉണ്ടാകുക. എട്ടു മണിമുതലാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. അദ്യം തപാല്‍ വോട്ടുകളായിരിക്കും എണ്ണുക.
വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആവശ്യമമെങ്കില്‍ ബൂത്തുകളില്‍ കൂടുതല്‍ ടേബിളുകളുണ്ടാകും. റിപോളിംഗിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ബൂത്തുകളില്‍ ഔദ്യോഗിക ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനം പതിവിലും വൈകുമെന്നും വിവിപാറ്റ് രസീത് എണ്ണിതീര്‍ത്തതിനുശേഷമെ അന്തിമ ഫലം പ്രഖ്യാപിക്കുകയുള്ളു എന്നും ടിക്കാറാം മീണ വ്യക്തമാക്കി.
അതേസമയം റിപോളിംഗ് കേന്ദ്രങ്ങളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്നും ഇതിനായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും കാസര്‍കോട് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിനെതിരേ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും കലക്ടര്‍ വ്യക്തമാക്കി.
കള്ളവോട്ട് നടന്നതായി കണ്ടെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജി.യു.പി സ്‌കൂളില്‍ മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് ഒരു വനിതാ ജീവനക്കാരിയെ നിയോഗിച്ചെന്ന് കലക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു.
സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂവെന്നും കലക്ടര്‍ വീണ്ടും വ്യക്തമാക്കി.
വോട്ടര്‍ പട്ടികയിലുള്ള പേരും തിരിച്ചറിയല്‍ രേഖയിലെ പേരും ഒരേ പോലെ ആയിരിക്കണം. അല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. പോളിങ് സ്റ്റേഷന് വെളിയില്‍ നില്‍ക്കുന്ന ബിഎല്‍ഒയില്‍ നിന്ന് വോട്ടര്‍ സ്ലിപ്പ് കൈപ്പറ്റി മാത്രമേ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാവൂ എന്നും കളക്ടര്‍ അറിയിച്ചു.
ഇടതുവശത്തെ നടുവിരലിലാകും മഷി പതിപ്പിക്കുക. ചൂണ്ടുവിരലില്‍ മഷി നേരത്തേ പതിപ്പിച്ചതിനാലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."