ഐ ഫോണ്‍ ലഭിച്ചതില്‍ ഒരാള്‍ കോടിയേരിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ്: ഫോട്ടോ സഹിതം വിവരങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല
തിരുവനന്തപുരം: സ്വപ്ന സുരേഷില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയ മൂന്നു പേരുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പുറത്തുവിട്ടു.2019 ഡിസംബര്‍ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം. ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവന്‍ അടക്കം മൂന്നുപേര്‍ക്കാണ് ആ ചടങ്ങില്‍ ഫോണ്‍ ലഭിച്ചത്.
എ.പി രാജീവന്‍ അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസറാണ്. ലക്കി ഡിപ്പ് വഴിയായിരുന്നു സമ്മാനം നല്‍കിയത്. രാജീവന്‍ ഫോണ്‍ വാങ്ങിയത് തെറ്റാണെന്ന് പറയുന്നില്ല. തന്റെ സ്റ്റാഫില്‍ പെട്ട ഹബീബിന് ലക്കി ഡിപ്പില്‍ വാച്ച് സമ്മാനമായി കിട്ടിയിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഐ ഫോണ്‍ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പന്റെ വാദം ശുദ്ധ അസംബന്ധമാണ്. ഒരു ഫോണ്‍ എവിടെയാണെന്ന് ഇപ്പോള്‍ കണ്ടെത്താനായി. മറ്റ് രണ്ട് ഫോണുകള്‍ എവിടെയാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. അത് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.
തെളിവില്ലാതെ ഒരു ആരോപണവും ഞാന്‍ ഉന്നയിച്ചിട്ടില്ല. ഇന്ന് ഞാന്‍ ഉന്നയിച്ച ആരോപണം എല്ലാം തെളിവിന്റെ പിന്‍ബലത്തിലാണ്. നിയമസഭയില്‍ ഞാന്‍ പറഞ്ഞ ആരോപണങ്ങളില്‍ ഫയല്‍ സഹിതമാണ് പറഞ്ഞത്. തെളിവില്ലാതെ അത്തരം ആരോപണം ഞാന്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ എനിക്കെതിരെ നിയമനടപടി സ്വീകരിക്കാം.
കൊവിഡിന്റെ മറവില്‍ നടക്കുന്ന അഴിമതിയും തീവെട്ടിക്കൊള്ളയും പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് തനിക്കെതിരായ ഈ ആക്രമണമെന്നും ചെന്നിത്തല പറഞ്ഞു.ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത് അന്വേഷണം മുഖ്യമന്ത്രിക്ക് നേരെ വരുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് മുഖ്യമന്ത്രിയിലേക്ക് ചോദ്യങ്ങള്‍ എത്തും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്. വിദേശ വിനിമയ ചട്ട ലംഘനം ഉണ്ടായാല്‍ സി.ബി.ഐ അന്വേഷണം നടത്താമെന്നു മുന്‍പ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നെന്ന് രേഖകള്‍ സഹിതം വാദിച്ച പ്രതിപക്ഷ നേതാവ് ഇത് മറച്ച് വച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."