HOME
DETAILS
MAL
എം.എം ഹസന്‍ യു.ഡി.എഫ് കണ്‍വീനറായി ചുമതലയേറ്റു
backup
October 04 2020 | 01:10 AM
തിരുവനന്തപുരം: എം.എം ഹസന്‍ യു.ഡി.എഫ് കണ്‍വീനറായി ചുമതലയേറ്റു. ബെന്നി ബെഹനാന്‍ രാജിവച്ച ഒഴിവിലാണ് നിയമനം. കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് എം.എം ഹസനെ പരിഗണിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 27നാണ് ബെന്നി ബെഹനാന്‍ രാജിവച്ചത്. കെ.പി.സി.സി പ്രസിഡന്റ് പദവിയൊഴിഞ്ഞ ഹസനെ യു.ഡി.എഫ് കണ്‍വീനറാക്കണമെന്ന പൊതുനിര്‍ദേശം ഏതാനും മാസം മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു. ബെന്നി ബെഹനാന്‍ ലോക്‌സഭാംഗമായതോടെ 'ഒരാള്‍ക്ക് ഒരു പദവി' വാദവും ഉയര്‍ന്നു. എന്നാല്‍, ഹൈക്കമാന്‍ഡാണ് തന്നെ കണ്‍വീനറാക്കിയതെന്ന് ബെന്നി നിലപാടെടുത്തു. ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു നാടകീയമായ രാജിപ്രഖ്യാപനം.
കൊവിഡ് കാലത്ത് ആള്‍ക്കൂട്ട സമരങ്ങള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരേ രംഗത്തെത്തിയ കെ. മുരളീധരന് യു.ഡി.എഫ് കണ്‍വീനറായി ചുമതല ഏറ്റതിനു പിന്നാലെ ഹസന്‍ മറുപടി നല്‍കി. ആള്‍ക്കൂട്ട സമരങ്ങള്‍ വേണ്ടെന്ന് എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനമാണ്. അടിയന്തര കാര്യങ്ങള്‍ ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് തീരുമാനിക്കും. കെ. മുരളീധരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. ബെന്നി ബെഹ്‌നാന്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് രാജിവച്ചത് ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദേശം മുന്നോട്ടുവച്ചത് ഉമ്മന്‍ചാണ്ടിയാണ്. എ ഗ്രൂപ്പിലോ പാര്‍ട്ടിയിലോ പൊട്ടിത്തെറിയില്ല. യു.ഡി.എഫ് തല്‍ക്കാലം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. യു.ഡി.എഫിലേക്ക് വരണമെന്ന് എന്‍.സി.പി ആഗ്രഹം പ്രകടിപ്പിച്ചാല്‍ ആലോചിക്കാം. ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുന്നണിയില്‍ മടങ്ങിവരണോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."