HOME
DETAILS
MAL
അച്ചടക്ക നടപടിക്കെതിരേ കൊവിഡ് നോഡല്‍ ഓഫിസര്‍മാരുടെ കൂട്ടരാജി
backup
October 04 2020 | 01:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ അച്ചടക്ക നടപടിക്കെതിരേ ഡോക്ടര്‍മാരുടെ കൂട്ടരാജി. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തെ എല്ലാ കൊവിഡ് നോഡല്‍ ഓഫിസര്‍മാരും രാജിവച്ചിരിക്കുന്നത്. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നോഡല്‍ ഓഫിസര്‍ ഡോ. അരുണ, ഹെഡ്‌നഴ്‌സുമാരായ ലീന കുഞ്ചന്‍, രജനി കെ.വി എന്നിവരെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. വെള്ളിയാഴ്ച തന്നെ ഭരണാനുകൂല സംഘടനയില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുമായി ഇരുസംഘടനകളും ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് ഇരു സംഘടനകളും ഇന്നലെ മുതല്‍ സമരവുമായി രംഗത്തിറങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ ഇന്നലെ രാവിലെ രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിച്ച ശേഷം 48 മണിക്കൂര്‍ റിലേ സത്യഗ്രഹം തുടങ്ങി. റിലേ സത്യഗ്രഹം അവസാനിക്കും മുമ്പ് നടപടി പിന്‍വലിച്ചെങ്കില്‍ ചുമതലകളില്‍നിന്ന് രാജിവയ്ക്കുമെന്നും കൊവിഡ് ഇതര ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പും നല്‍കി. നിരോധനാജ്ഞ ലംഘിച്ചായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ സമരം. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലിസ് എഴുപതോളം ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തു. ഇതിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കൊവിഡ് നോഡല്‍ ഓഫിസര്‍മാര്‍ കൂട്ടരാജി നല്‍കി. അധിക ചുമതല ചെയ്യേണ്ടതില്ലെന്ന് പൊതുതീരുമാനം എടുത്ത ശേഷമായിരുന്നു ഡോക്ടര്‍മാരുടെ രാജി. ഇതോടെ പലയിടത്തും കൊവിഡ് ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും താളംതെറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."