മതേതരത്വം തിരിച്ചുപിടിക്കുമ്പോള്‍
ഭാര്യവീട്ടില്‍ അന്തിയുറങ്ങുന്ന പുതിയാപ്പിളമാരുടെ 'പോരിശ' എഴുതിയതിനു പെരുത്തു പഴികേട്ട ഒരാളാണ് ഈ ലേഖകന്‍. മലബാറിലെ തീരദേശത്തു മാത്രം ഒതുങ്ങിനില്‍ക്കുന്ന 'നാണംകെട്ട' ആചാരമായാണ് 'എതിരാളികള്‍' ഈ സമ്പ്രദായത്തെ ഇകഴ്ത്തിപ്പറയാറ്. എന്നാല്‍ ഇക്കൂട്ടര്‍ക്ക് അറിഞ്ഞുകുടാത്ത ഒരു സംഗതിയുണ്ട് പുതിയാപ്പിളമാര്‍ ഒരു മലബാറിയന്‍ പ്രതിഭാസമല്ല.
മേഘാലയയില്‍ ഗാരോ ഗോത്രവര്‍ഗത്തിലെ യുവാക്കള്‍ വിവാഹശേഷം ഭാര്യവീട്ടിലാണു കഴിയുക. അരുണാചല്‍ പ്രദേശിലെ പട്ടികവര്‍ഗവിഭാഗമായ മിക്രികളുടെ നാട്ടുനടപ്പുപ്രകാരം ഏകസന്തതി പെണ്ണാണെങ്കില്‍ വിവാഹശേഷവും അച്ഛനമ്മമാരോടൊപ്പം കഴിയണം. പിന്തുടര്‍ച്ചാവകാശം അവള്‍ക്കു മാത്രമാണെന്നതിനാലാണത്. വരനും അവളോടൊപ്പം താമസിക്കാന്‍ നിയമപരമായി ബാധ്യസ്ഥനാണ്.
മുഖ്യധാരയുടെ സാമൂഹികശീലങ്ങളില്‍നിന്നു വ്യതിചലിക്കാന്‍ ഭരണഘടനാപരമായി പ്രത്യേകആചാരം അനുവര്‍ത്തിക്കുന്നവര്‍ക്ക് അവകാശമുണ്ടെന്നും രാജ്യത്താകമാനം ബാധകമായ പൊതുകുടുംബനിയമം കൊണ്ടുവന്ന് അത്തരം വിഭാഗങ്ങളുടെ സാംസ്‌കാരികസവിശേഷത എടുത്തുകളയരുതെന്നും ഓര്‍മപ്പെടുത്തുന്നത് നിയമകമ്മിഷനാണ്.
രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ മെനക്കെട്ട ലോ കമ്മിഷന്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 31 സമര്‍പ്പിച്ച ചര്‍ച്ചാരേഖ നമ്മുടെ രാജ്യത്തിന്റെ നിയമബഹുസ്വരതയെക്കുറിച്ച് ആഴത്തിലിറങ്ങി തൊട്ടുകാണിക്കുന്നു. അതേസമയം ആചാരവിശേഷങ്ങളുടെ വൈവിധ്യങ്ങള്‍ കൊണ്ടാടപ്പെടുകയാണ്. ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും പരിമിതികളും ഒരുവശത്ത് ഇഴപിരിച്ചു പരിശോധിക്കുന്ന നിയമകമ്മിഷന്‍, സമീപകാലത്ത് അരോചകപദമായി ഹിന്ദുത്വവാദികളും അവരുടെ പിണിയാളുകളും മാറ്റിയെടുത്ത 'മതേതരത്വ'ത്തെ പുതിയ അര്‍ഥത്തില്‍ വ്യാഖ്യാനിക്കാനും മുന്നോട്ടുവരുന്നുണ്ട്.
ഇതു നരേന്ദ്രമോദിയുടെ കാലാവധി കഴിയാറായ ഈ ഘട്ടത്തില്‍ സന്തോഷം പകരുന്ന വര്‍ത്തമാനമാണ്. ഏക സിവില്‍കോഡിന്റെ ആവശ്യമേയില്ലെന്നു പറഞ്ഞുനിര്‍ത്തുന്നതിനപ്പുറം ഇതുവരെ നിയമജ്ഞരും രാഷ്ട്രീയനേതാക്കളും എഴുത്തുകാരുമൊക്കെ മറച്ചുപിടിച്ച അല്ലെങ്കില്‍ വിവരമില്ലായ്മ കൊണ്ടു പറയാന്‍ വിട്ടുപോയ മര്‍മപ്രധാന വശങ്ങളിലേക്കു സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ വെളിച്ചം ചൊരിയുന്നുവെന്നത് ന്യൂനപക്ഷങ്ങളുടെ മാത്രമല്ല പാരസ്പര്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളുടെയും മാനസിക പിരിമുറുക്കം കുറയ്ക്കുകയാണ്.
രാജ്യത്തെ 130 കോടി ജനങ്ങളുടെ വിവാഹവും വിവാഹമോചനവും അനന്തരമെടുക്കലും ഖബറടക്കലുമെല്ലാം ഒരു നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നു വാദിക്കുന്നവര്‍ മനസിലാക്കാതെ പോയ ഒരു സംഗതിയുണ്ട്; ഭരണഘടനയുടെ മുഴുവന്‍ വ്യവസ്ഥകളും ബാധകമല്ലാത്ത സംസ്ഥാനങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പല സംസ്ഥാനങ്ങള്‍ക്കും ഇളവനുവദിക്കുന്നുണ്ട്.
1962ല്‍ 13ാം ഭരണഘടന ഭേദഗതി കൊണ്ടുവന്ന് 371 എ അനുച്ഛേദം എഴുതിച്ചേര്‍ത്തത് എന്തിനാണെന്നറിയാമോ? പാര്‍ലമെന്റ് പാസാക്കുന്ന നിയമം നാഗാസംസ്‌കാരത്തെ പ്രതികൂലമായി ബാധിക്കുന്നതാണെങ്കില്‍ അതു ബാധകമാവില്ലെന്നു വ്യക്തമാക്കാനാണ്. നാഗന്മാരുടെ മതപരവും സാമൂഹികവുമായ ആചാരങ്ങള്‍ക്ക് എതിരാണെങ്കില്‍ അത്തരം നിയമങ്ങള്‍ നാഗാലാന്‍ഡിന്റെ പടിക്കു പുറത്താണ്. നാഗാ നാട്ടാചാരങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായ നിയമങ്ങള്‍ക്ക് ആ സംസ്ഥാനത്തു സാധുതയില്ല. പാര്‍ലമെന്റ് പാസാക്കുന്ന ഏതെങ്കിലും നിയമം നാഗാലാന്‍ഡിനു ബാധകമാകണമെങ്കില്‍ സംസ്ഥാന നിയമസഭ അനുമതി നല്‍കണം.
ഭരണഘടനയുടെ 371 ബി ഖണ്ഡിക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു ബാധകമല്ല. രാജ്യത്തിന്റെ സംവരണനയം സംസ്ഥാനത്തിനു ബാധകമല്ലെന്നു 2012 ല്‍ നാഗാ അസംബ്ലി പാസാക്കുകയുണ്ടായി. 1970ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി) നാഗാലാന്‍ഡിലും ഗോത്രമേഖലകളിലും ഇപ്പോഴും ബാധകമാക്കിയിട്ടില്ല. അതിനര്‍ഥം വ്യക്തിനിയമങ്ങള്‍ മാത്രമല്ല ഭരണഘടനാവ്യവസ്ഥകളും ക്രിമിനല്‍നിയമങ്ങളും ഒരേപോലെ രാജ്യത്തു പ്രായോഗികമല്ല.
വ്യത്യസ്ത സമൂഹങ്ങളുടെ സാംസ്‌കാരിക വൈവിധ്യവും വൈജാത്യവും നിലനിര്‍ത്തുന്ന വ്യക്തിനിയമങ്ങള്‍ തൊടേണ്ടതില്ലെന്ന ലോ കമ്മിഷന്റെ സുചിന്തിത നിലപാട് സ്വാതന്ത്ര്യലബ്ധി തൊട്ടു കേള്‍ക്കുന്ന ഏകീകൃത സിവില്‍ കോഡിനായുള്ള മുറവിളിക്ക് അന്ത്യം കുറിക്കേണ്ടതാണ്. മെക്‌സിക്കന്‍ കവിയും നയതന്ത്രപ്രതിനിധിയുമായിരുന്ന ഒക്ടോവിയോ പാസ് 'ഇന്ത്യ പോലെ നാഗരികതകളുടെ സംഗമഭൂമി ഭൂമുഖത്ത് എവിടെയുണ്ട് 'എന്നു ചോദിച്ചത് വൈജാത്യങ്ങളുടെ മാസ്മരികത സമ്മാനിച്ച അനുഭവസാക്ഷ്യങ്ങള്‍ ഈ മണ്ണിനോടു തന്റെ ഹൃദയതാളങ്ങള്‍ ചേര്‍ത്തുവച്ചപ്പോഴാണ്.
മഴവില്ലഴകാണ് നാനാത്വത്തിന്. ഏകത്വം അധീശത്വത്തിന്റെ മറുപേരാണ്. ഭൂരിപക്ഷമേല്‍ക്കോയ്മ ലക്ഷ്യമിടുന്നവരാണു സാംസ്‌കാരിക ബഹുസ്വരതയും വര്‍ണരാജികളും കുടഞ്ഞുമാറ്റുന്ന പൊതുകോഡ് കിനാവു കാണുന്നത്. ഇന്ത്യയില്‍ അതു നടപ്പില്ലെന്നു നിയമകമ്മിഷന്‍ പറയുമ്പോള്‍ രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്ര ആവനാഴിയിലെ മൂര്‍ച്ചയേറിയ ഒരായുധം ബൂമറാങ്ങായി തിരിഞ്ഞുകുത്തുകയാണ്.
തിരിച്ചുപിടിക്കുന്ന ബഹുസ്വരത
സമീപകാലത്ത് കൃത്യമായി പറഞ്ഞാല്‍ നരേന്ദ്രമോദി കേവല ഭൂരിപക്ഷത്തോടെ കേന്ദ്രഭരണം പിടിച്ചെടുത്ത 2014 തൊട്ട് മതേതരത്വമെന്ന പദം തന്നെ അശ്ലീലമായി മാറ്റപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യയെന്ന മഹത്തായ ആശയത്തിന്റെ അപായമണി മുഴങ്ങാന്‍ തുടങ്ങിയിരുന്നു. പരമോന്ന നീതിപീഠം തന്നെയാണ് ഇക്കാര്യം വിളിച്ചുപറഞ്ഞത്: 'ഇതുവരെ ഇന്ത്യ ഒരു മതേതര രാജ്യമാണ്. അങ്ങനെ മതേതരരാജ്യമായി എത്രനാള്‍ തുടരുമെന്നു ഞങ്ങള്‍ക്കു പറയാനാവില്ല. സിവില്‍ നിയമത്തില്‍നിന്നു മതത്തെ തൂത്തുവാരിയെറിയണം. അത്യാവശ്യമാണത്. ഇതിനകം നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. '
സെക്യുലറിസത്തിനു പുനര്‍വ്യാഖ്യാനം വേണമെന്നവാദത്തിന്റെ മുന നീണ്ടതു ഹൈന്ദവേതര മതങ്ങളിലേക്കാണ്. മതേതരത്വത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ വലിയ അപരാധമാണു ചെയ്യുന്നതെന്നും ഭൂരിപക്ഷസമുദായത്തോടു വഞ്ചന കാട്ടുകയാണെന്നുംവരെ വികല സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. കോടതികള്‍ ആ വഴിക്കു വിധിന്യായങ്ങള്‍ എഴുതുന്ന ഖേദകരമായ അനുഭവങ്ങളുണ്ടായി.
ഏകസിവില്‍ കോഡിനെ നിരാകരിച്ചുകൊണ്ടു ലോ കമ്മിഷന്‍ സമര്‍പ്പിച്ച ചര്‍ച്ചാരേഖയിലൂടെ മതേതരത്വം വീണ്ടെടുക്കാനുള്ള ശ്രമം പുനരാരംഭിച്ചിരിക്കുകയാണ്. മതം, മതാചാരങ്ങള്‍, വ്യക്തിനിയമങ്ങള്‍, ഭരണഘടനയില്‍ അവയുടെ പദവി എന്നിത്യാദി വിഷയങ്ങളെ ആഴത്തില്‍ പരിശോധിക്കുന്ന സമീപനരേഖയില്‍ നമ്മുടെ രാഷ്ട്രശില്‍പികള്‍ വിഭാവന ചെയ്യുന്ന മതേതര കാഴ്ചപ്പാടിന്റെ അന്തഃസത്ത ഉയര്‍പ്പിടിക്കുന്നുണ്ട്. ഇന്ത്യ അതിന്റെ വൈവിധ്യത്തില്‍ ചരിത്രപരമായി അഭിമാനം കൊള്ളുന്നുണ്ടെന്നും മതേതരത്വത്തെയും ബഹുസംസ്‌കൃതിയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ തത്ത്വചിന്തകരെയും രാഷ്ട്രമീംമാസകരെയും മാത്രമല്ല, സാധാരണക്കാരായ ഇന്ത്യന്‍ പൗരന്മാരെയും ഉള്‍പ്പെടുത്തിയുള്ളതാണെന്നും കമ്മിഷന്‍ ശരിയാംവിധം നിരീക്ഷിക്കുന്നു.
എല്ലാതരം വൈജാത്യങ്ങളെയും ഭിന്നതകളെയും അംഗീകരിക്കുമ്പോഴാണു മതേതരത്വം അതിന്റെ അര്‍ഥവ്യാപ്തിയാര്‍ജിക്കുന്നത്. മതപരമോ പ്രദേശികമോ ആയ വ്യത്യാസങ്ങള്‍ ഭൂരിപക്ഷത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ മുങ്ങിപ്പോകുമ്പോള്‍ സെക്യുലറിസം അവിടം കൊണ്ട് അവസാനിക്കാതിരിക്കില്ല. മതപരമായ സ്വാതന്ത്ര്യമാണു നമ്മുടെ സംസ്‌കാരത്തിന്റെ മര്‍മ്മമെന്നു നിയമകമ്മിഷന്‍ ഓര്‍മപ്പെടുത്തുന്നതു സര്‍ള മുദുഗല്‍ കേസിലെ സുപ്രിംകോടതി വിധി ഉദ്ധരിച്ചാണ്.
മതസ്വാതന്ത്ര്യത്തില്‍നിന്നുള്ള നിസാരമായ വ്യതിചലനംപോലും സാമൂഹികാഘാതങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് ആ വിധിയില്‍ പരമോന്നത നീതിപീഠം നിരീക്ഷിച്ചതു കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നതു വ്യക്തിനിയമങ്ങള്‍ എടുത്തുകളയാനുള്ള ഏതു നീക്കവും മതസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാവുമെന്ന മുന്നറിയിപ്പോടെയാണ്. കുടുംബത്തെ പ്രാഥമിക യൂനിറ്റായി കണ്ടു വിവാഹം, വിവാഹമോചനം, സ്വത്താവകാശം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിഷയത്തില്‍ അന്താരാഷ്ട്ര ഉടമ്പടികളില്‍ അംഗമായ ഇന്ത്യക്ക് ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ പറ്റില്ല.
വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും അംഗീകരിക്കുന്നതിലാണു പുതിയലോകത്തിന്റെ ശ്രദ്ധ. അതിനു വിപരീതമായി പൊങ്ങിവരുന്ന വിഭാഗീയതയുടെയും വര്‍ഗീയതയുടെയും ചിന്തകളെ ചെറുത്തുതോല്‍പ്പിക്കാന്‍ ലോകം ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലും തീവ്രവലതുപക്ഷത്തിന്റെ ഇരച്ചുകയറ്റം തടയാന്‍ ബഹുസ്വരതയിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നവര്‍ ഐക്യദാര്‍ഢ്യത്തിലേര്‍പ്പെടുമ്പോള്‍ ഇന്ത്യക്ക് അതില്‍ മാതൃകയുണ്ട്.
എല്ലാ സംസ്‌കൃതികളെയും തകര്‍ത്തുനിരപ്പാക്കി ഹിന്ദുത്വയെ തല്‍സ്ഥാനത്തു പ്രതിഷ്ഠിക്കാനുള്ള ആസൂത്രിത ശ്രമങ്ങളുമായി തീവ്രവലതുപക്ഷം മുന്നോട്ടുപോകുമ്പോള്‍ അത് അനുവദിക്കാനാവില്ലെന്നു വെട്ടിത്തുറന്നു പറയുന്നത് ഏതെങ്കിലും രാഷ്ട്രീയനേതാവോ 'അര്‍ബന്‍ മാവോയിസ്റ്റോ' അല്ല രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിയമവേദിയായ ലോ കമ്മിഷനാണ്. പൊതുസിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ 2016 ജൂണ്‍ 17നു കേന്ദ്ര നീതീന്യായനിയമ മന്ത്രാലയം ലോകമ്മിഷനോട് ആവശ്യപ്പെട്ടപ്പോള്‍ ഇമ്മട്ടിലൊരു റിപ്പോര്‍ട്ടാണു കൈയിലെത്താന്‍ പോകുന്നതെന്നു സ്വപ്‌നേപി നിനച്ചിട്ടുണ്ടാവില്ല മോദി സര്‍ക്കാര്‍.
ഈ ദിശയില്‍ അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ടു വ്യക്തികളോടും കൂട്ടായ്മകളോടും മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'ഗൂഢാലോചന' മണത്തു ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ചുവടുവയ്പ്പ് അപക്വമായിപ്പോയെന്നും തെളിഞ്ഞിരിക്കയാണിവിടെ.
മതങ്ങളുടെ ചന്തപ്പറമ്പ്
മതേതരത്വത്തെക്കുറിച്ചു നാക്കിട്ടടിക്കുന്ന നമ്മുടെ നേതാക്കള്‍ അതിന്റെ അന്തഃസത്ത വേണ്ടവിധം ഉള്‍ക്കൊണ്ടുവോയെന്നു സംശയമാണ്. സെക്യുലറിസത്തിനു നിരവധി വിവക്ഷകളുണ്ട്. പടിഞ്ഞാറിന്റെ കാഴ്ചപ്പാടല്ല ഇന്ത്യയുടേത്. ജി.എം ബനാത്ത്്‌വാല ഇതുമായി ബന്ധപ്പെട്ടു രചിച്ച പുസ്തകം എത്രപേര്‍ വായിച്ചിട്ടുണ്ടാവും. മാധവ് ഗോഡ്‌ബോലെയുടെ 'സെക്യുലറിസം, ഇന്ത്യ അറ്റ് ക്രോസ് റോഡ് ' എന്ന പുസ്തകം സുപ്രിംകോടതി ഈ വിഷയത്തില്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഭംഗിയായി അടുക്കിവച്ചിട്ടുണ്ട്. എന്നു മാത്രമല്ല സമീപകാലത്തു സെക്യുലറിസം നേരിട്ട ഭീഷണികളെ അതുള്‍ക്കൊള്ളുന്ന ഗൗരവത്തോടെ തൊട്ടുകാണിക്കുന്നുമുണ്ട്.
സീസര്‍ക്കുള്ളതു സീസറിനും പോപ്പിനുള്ളതു പോപ്പിനുമെന്ന പാശ്ചാത്യ കാഴ്ചപ്പാടല്ല നമ്മുടേത്. ദേശീയഭാഷ പോലെ അല്ലെങ്കില്‍ ദേശീയമൃഗം പോലെ ഇന്ത്യക്കു ദേശീയമതമില്ല. ഹിന്ദുത്വയാണ് ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വമെന്ന വാദം ആര്‍.എസ്.എസ്സിന്റേതു മാത്രമാണ്. 98 ശതമാനം ഹിന്ദുക്കളും അതംഗീകരിക്കുന്നില്ല. രാജ്യത്തിന് ഒരു മതത്തോടും വിധേയത്വമില്ല, വിദ്വേഷവുമില്ല. മതനിരാസത്തില്‍ ഭരണഘടന വിശ്വസിക്കുന്നുമില്ല. മറിച്ച്, മതങ്ങളുടെ ചന്തപ്പറമ്പാണ് ഇന്ത്യാമഹാരാജ്യം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നു.
ഓരോ വ്യക്തിയുടെയും ജനം തൊട്ടു മരണം വരെയുള്ള ജീവിതവ്യവഹാരങ്ങള്‍ നിയന്ത്രിക്കുന്നത് അവന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെയോ സമുദായത്തിന്റെയോ ചട്ടക്കൂടാണ്. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് അവന്റെ ജീവിതത്തെ സചേതനമാക്കുന്നത്. വ്യക്തിനിയമമാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുസ്‌ലിംകള്‍ക്കു മാത്രമാണു വ്യക്തിനിയമമുള്ളതെന്ന തെറ്റിദ്ധാരണ ആര്‍.എസ്.എസ് വഴി തലമുറകളായി കൈമാറിക്കൊണ്ടിരിക്കുന്ന വിവരക്കേടിന്റെ പരിണതിയാണ്. മൂന്നൂറിലേറെ വ്യക്തിനിയമങ്ങള്‍ നിലവിലുണ്ട് ഇവിടെ. പൊതുഇടങ്ങളിലേയ്ക്കു പൗരന്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ അവന്‍ ഭരിക്കപ്പെടുന്നതു സിവില്‍, ക്രിമിനല്‍ നിയമങ്ങളാലാണ്.
മതസ്വാതന്ത്ര്യവും വ്യക്തിനിയമങ്ങളുടെ നൈരന്തര്യവും ഉറപ്പുവരുത്തുന്ന നിയമകമ്മിഷന്‍, മതത്തിന്റെ 'മേലങ്കിയണിയിച്ച' ഭരണഘടനാ തത്ത്വങ്ങളോട് എതിരുനില്‍ക്കുന്ന ആചാരങ്ങളെയും മാമൂലുകളെയും വകവെച്ചുകൊടുക്കാന്‍ പറ്റില്ലെന്നു തറപ്പിച്ചുപറയുന്നുണ്ട്. എല്ലാ കുടുംബനിയമങ്ങളിലും ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നാണു കമ്മിഷന്റെ നിലപാട്. ആ വഴിക്കുള്ള ചര്‍ച്ചയായിരിക്കും വരുംനാളുകളില്‍ അരങ്ങേറാന്‍ പോവുന്നത്.
ഈ ദിശയില്‍ പുതിയ കാല്‍വയ്പ്പുകള്‍ ഉണ്ടാവേണ്ടത് ഉലമാക്കളുടെയും ഉമറാക്കളുടെയും ഭാഗത്തുനിന്നാണ്. അല്ലെങ്കില്‍ ജസ്റ്റിസുമാരായ നരിമാനും തോമസുമൊക്കെ നമ്മെ പഠിപ്പിക്കും. ഖുര്‍ആനിലും ഹദീസിലുമൊക്കെ ഇങ്ങനെയുണ്ടല്ലോയെന്ന്. അതിനു ഇടം കൊടുക്കാതെ ലോ കമ്മിഷന്റെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്നതാണു ബുദ്ധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."