വോട്ടെടുപ്പ് കഴിഞ്ഞു; ഫലം 23ന്
ന്യൂഡല്‍ഹി: 17ാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഏപ്രില്‍ 11ന് തുടങ്ങി 18, 23, 29, മേയ് 6, 12, 19 തിയതികളില്‍ ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. എട്ടു സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലേക്കാണ് അവസാനഘട്ട വോട്ടെടുപ്പ് നടന്നത്. രാജ്യത്തെ 90 കോടി വോട്ടര്‍മാരാണ് വോട്ടവകാശം രേഖപ്പെടുത്തിയത്. 10,35,928 പോളിങ് ബൂത്തുകളും സജ്ജീകരിച്ചു.
സമൂഹമാധ്യമങ്ങള്‍ ഏറ്റവും വലിയ പങ്കു വഹിച്ച തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഇനി മെയ് 23 വ്യാഴാഴ്ച ഫലമറിയുന്നതോടെ ഒരുമാസത്തിലധികം നീണ്ട ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിന് വിജയികളുടെ ആഘോഷങ്ങളോടെ തിരശീല വീഴും.
അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം, ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടന്നു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 23ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
സമീപകാലത്തെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പെന്ന വിശേഷണത്തോടെയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മില്‍ വാക്‌പോരില്‍ ഉശിരോടെ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. മോദിയും രാഹുലും നൂറിലധികം റാലികളില്‍ പങ്കെടുക്കുകയും ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ദേശീയ രാഷ്ട്രീയത്തിലെ വളര്‍ച്ചയ്ക്കും ഈ തെരഞ്ഞെടുപ്പുകാലം സാക്ഷ്യംവഹിച്ചു. പ്രിയങ്കാഗാന്ധിയുടെ രാഷ്ടീയ പ്രവേശനവും ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ സര്‍വശക്തിയും ആര്‍ജിച്ച് പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.
ബംഗാളിലും മറ്റും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയതും സ്ഥാനാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവങ്ങളും ഈ തെരഞ്ഞെടുപ്പിനെ ആകാംക്ഷാഭരിതമാക്കി. ചരിത്രത്തില്‍ ആദ്യമായി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു ദിവസം വെട്ടിക്കുറച്ചതും കണ്ടു.
പക്ഷപാതപരമായ പെരുമാറ്റത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ചരിത്രത്തിലേറ്റവും കൂടുതല്‍ ആരോപണങ്ങളുയര്‍ന്നതും ഈ തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പ് തിയതി നിശ്ചയിച്ചതു മുതല്‍ പെരുമാറ്റച്ചട്ടം വരെയുള്ള കാര്യങ്ങളില്‍ കമ്മിഷന്‍ പക്ഷപാതം കാട്ടിയെന്ന ആരോപണങ്ങളുണ്ടായി.
പെരുമാറ്റച്ചട്ട ലംഘനങ്ങളിലെ പരാതികളിലെ നടപടിയുമായി ബന്ധപ്പെട്ട് കമ്മിഷനുള്ളിലും പൊട്ടിത്തെറിയുണ്ടായതും വാര്‍ത്തകളില്‍ നിറഞ്ഞു. വോട്ടിങ് മെഷിനെതിരേ വ്യാപകമായ ആരോപണമുയര്‍ന്നതും ഈ തെരഞ്ഞെടുപ്പിലാണ്.
രാജ്യസുരക്ഷ, ബാലാകോട്ട് ആക്രമണം തുടങ്ങിയവയായിരുന്നു ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ പ്രധാന പ്രചാരണായുധങ്ങള്‍. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ കാര്യമായി ഊന്നാതെയായിരുന്നു എന്‍.ഡി.എ പ്രചാരണം.
എന്നാല്‍ പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമായ ന്യായ് പദ്ധതിയിലൂന്നി പ്രചാരണം നടത്തിയ കോണ്‍ഗ്രസ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, റാഫേല്‍ അഴിമതി, നോട്ട്‌നിരോധനം, തൊഴില്‍ നഷ്ടം തുടങ്ങിയവയും വിഷയമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."