സഊദിയില്‍ കനത്ത പൊടിക്കാറ്റും മഴയും; രണ്ടു മരണം
റിയാദ്: സഊദിയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴയും പൊടിക്കാറ്റും ജന ജീവിതത്തെ ബാധിച്ചു. കനത്ത കാറ്റിലും മഴയിലും രണ്ടു പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ മഴക്കിടെ ഉണ്ടായ കനത്ത കാറ്റില്‍ കാബിന്‍ തകര്‍ന്നാണ് രണ്ടു പേര്‍ മരിച്ചത്. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള എക്‌സ്പ്രസ് വേയില്‍ തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ നല്‍കുന്നതിന് സ്ഥാപിച്ച കേന്ദ്രത്തിലെ കാബിനുകളാണ് തകര്‍ന്നത്.
ആറ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. മക്കയിലും പരിസരങ്ങളിലും രണ്ടു ദിവസമായുണ്ടായ കനത്ത കാറ്റില്‍ പരസ്യ ബോര്‍ഡുകള്‍ തകര്‍ന്നു വീഴുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ഇരു പുണ്യ നഗരികളിലുമുള്ള ഹാജിമാര്‍ സുരക്ഷിതരാണ്.
അതേസമയം, ജിദ്ദയില്‍ ഉണ്ടായ കനത്ത പൊടിക്കാറ്റ് തീര പ്രദേശത്തെ സാരമായി ബാധിച്ചു. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ ജിദ്ദ ഇസ്‌ലാമിക് തുറമുഖം അടച്ചിടേണ്ടി വന്നു. ഉച്ചക്ക് 1.05 ന് ആണ് തുറമുഖത്ത് കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചത്. ജിദ്ദയിലും മക്ക പ്രവിശ്യയിലെ സമീപപ്രദേശങ്ങളിലും ആരംഭിച്ച പൊടിക്കാറ്റ് നാലു മണി വരെ തുടര്‍ന്നു. കിഴക്കന്‍ പ്രവിശ്യയില്‍ മൂടല്‍ അനുഭവപ്പെട്ടു. കനത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."