തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അഴിമതിക്ക് ശ്രമമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അഴിമതി നടത്താന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. ആലുവ മണല്‍പ്പുറത്തെ ശിവരാത്രി ഒരുക്കങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്താന്‍ ശ്രമം. പെരിയാറിന്റെ തീരത്ത് മണല്‍ച്ചാക്കു വിരിക്കല്‍, അസ്ഥികള്‍ നീക്കംചെയ്യല്‍, താല്‍ക്കാലിക പന്തല്‍ നിര്‍മാണം, മൈക്ക് സെറ്റ്, ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണി തുടങ്ങിയവയുടെ പേരില്‍ 57.76 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കിയാണ് വെട്ടിപ്പ് നടത്താന്‍ ശ്രമം നടന്നത്. ഇതുസംബന്ധിച്ച് അന്വേഷിച്ച ദേവസ്വം വിജിലന്‍സ് പരാതികള്‍ ശരിവച്ചുകൊണ്ട് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. അനുമതി ഇല്ലാതെയാണ് പ്രവൃത്തികള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഭക്തര്‍ക്ക് ബലിയിടുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി എല്ലാവര്‍ഷവും പെരിയാറിന്റെ തീരത്ത് എം സാന്‍ഡ് നിറച്ച സിമന്റ് ചാക്കുകള്‍ അടുക്കാറുണ്ട്. ഈ വര്‍ഷം നദിയുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിലായി മണല്‍ച്ചാക്ക് നിറയ്ക്കുന്നതിന് 10 ലക്ഷത്തോളം രൂപയാണ് എസ്റ്റിമേറ്റ് തുക. അഞ്ച് ലക്ഷത്തിനു മുകളിലുള്ള ജോലികള്‍ക്ക് അനുമതികിട്ടാന്‍ കാലതാമസമെടുക്കുന്നതിനാല്‍ രണ്ടാക്കി പ്രവൃത്തികള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇവിടെ അഞ്ചുലക്ഷം രൂപയുടെ പണികള്‍പോലും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സമാനമായ രീതിയിലാണ് ബലിത്തറയുടെ മുകളിലെ താല്‍ക്കാലിക പന്തലുകളുടെ നിര്‍മാണവും. ബലിത്തറയുടെ മുകളിലെ രണ്ടു പന്തലുകള്‍ക്കായി യഥാക്രമം 4.95 ലക്ഷം, 4.75 ലക്ഷം എന്നിങ്ങനെ ചെലവു കണക്കാക്കിയപ്പോള്‍ വിവിധ പന്തലുകള്‍ക്കായി 2.38 ലക്ഷത്തിന്റെ മറ്റൊരു എസ്റ്റിമേറ്റും തയാറാക്കി. കടമുറികളുടെ മുകളിലെ പന്തലുകള്‍ക്ക് 2,32,140 രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. മൊത്തം 14,40,140 രൂപ. സ്‌ക്വയര്‍ ഫീറ്റിന് 19 രൂപയോളമാണ് പന്തലിന് ബോര്‍ഡ് നല്‍കുന്നത്. മണല്‍പ്പുറത്ത് രണ്ടേക്കറോളം സ്ഥലത്താണ് പന്തലിടേണ്ടത്. ഇതിന്റെ പകുതിപോലും പന്തല്‍ ഇട്ടിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
ക്ഷേത്രത്തിലെ കടവില്‍നിന്ന് അസ്ഥികള്‍ നീക്കംചെയ്യുന്നതിന് ചെലവായത് ഒരു ലക്ഷം രൂപയെന്നാണ് പറയുന്നത്. ദിവസക്കൂലിക്ക് അഞ്ചുപേരെ വച്ച് ഒരു ദിവസം കൊണ്ട് നീക്കംചെയ്യാനുള്ള അവശിഷ്ടങ്ങളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 5,000 രൂപ മാത്രം ചെലവാകേണ്ടിടത്താണ് ഒരു ലക്ഷം പൊടിച്ചത്. ക്ഷേത്ര തിരുമുറ്റം, മണ്ഡപം തുടങ്ങിയ സ്ഥലങ്ങളിലെ മണ്ണ് നീക്കംചെയ്യുന്നതിനായി ചെലവ് കണക്കാക്കിയത് 2,56,700 രൂപയാണ്. ഇതുകൂടാതെ താല്‍ക്കാലിക മൈക്ക് സെറ്റിനും ലൈറ്റുകള്‍ക്കുമായി 25 ലക്ഷം രൂപയും ബാരിക്കേഡ് നിര്‍മാണത്തിന് ആറുലക്ഷം രൂപയും ചെലവായത്രേ.
ശിവരാത്രിയോട് അനുബന്ധിച്ച് 57,76,477 രൂപയുടെ പ്രവൃത്തികള്‍ നടത്തിയെന്നാണ് അധികൃതരുടെ വാദം. പരാതിയെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ ഒത്തുകളികള്‍ വ്യക്തമായത്. ലക്ഷങ്ങളുടെ അഴിമതിക്കാണ് ഇങ്ങനെ വിജിലന്‍സ് തടയിട്ടത്. ചീഫ് എന്‍ജിനീയറോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടു മാസമായിട്ടും ദേവസ്വം ബോര്‍ഡ് പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, റിപ്പോര്‍ട്ട് മറികടന്ന് ബില്ലുകള്‍ മാറാനുള്ള ശ്രമം ബോര്‍ഡിലെ ഉന്നതന്റെ നേതൃത്വത്തില്‍ നടക്കുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."