പ്ലസ്‌വണ്‍ അപേക്ഷ സ്വീകരിക്കല്‍ 22ന് അവസാനിപ്പിക്കും; സി.ബി.എസ്.സി വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
കോഴിക്കോട്: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കല്‍ ഇന്ന് തുടങ്ങി 22ന് അവസാനിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര സിലബസില്‍നിന്ന് സംസ്ഥാന സിലബസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കും. 20നുള്ളില്‍ സി.ബി.എസ്.സി പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍, മൂല്യനിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ ഫലം വൈകുമെന്നാണ് അറിയുന്നത്. ഇത് സി.ബി.എസ്.സി, ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് കേരളാ സിലബസിലേക്ക് മാറാനുള്ള അവസരം നഷ്ടമാക്കും. നേരത്തേതില്‍നിന്ന് വിഭിന്നമായി കേന്ദ്ര സിലബസില്‍നിന്നുള്ള മാറ്റം വര്‍ധിച്ചിട്ടുണ്ട്.
ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും 12ന് രണ്ടാമത്തെ അലോട്ട്‌മെന്റും നടത്തി ജൂണ്‍ 14ന് പ്ലസ്‌വണ്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഇത്തരത്തില്‍ ക്ലാസുകള്‍ ആരംഭിക്കണമെങ്കില്‍ അപേക്ഷ സ്വീകരിക്കല്‍ മെയ് 22ന് പൂര്‍ത്തിയാക്കി ജൂണ്‍ 12നകം രണ്ട് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കണം. പ്ലസ്‌വണ്‍ പ്രവേശനം വൈകുന്നതിലൂടെ പഠനം മൂന്നുമാസത്തോളം മുടങ്ങുന്നതിനാല്‍ 11 ശതമാനം വരുന്ന സി.ബി.എസ്.സിക്കാരെ കാത്തിരിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.
അതേസമയം, സി.ബി.എസ്.സിക്കാര്‍ക്ക് കേരളാ സിലബസിലേക്ക് മാറാനുള്ള സാഹചര്യം ഒരുക്കണമെന്ന കോടതിവിധി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍, സി.ബി.എസ്.സി ഫലം വന്നശേഷം രണ്ടാം അലോട്ട്‌മെന്റില്‍ അവരെ ഉള്‍പ്പെടുത്തുകയാണ് സര്‍ക്കാരിനു മുന്നിലുള്ള പോംവഴി.
ഫലം പ്രഖ്യാപിച്ചാലും സി.ബി.എസ്.സിക്കാരുടെ എസ്.എസ്.എല്‍.സി ബുക്ക് ലഭിക്കാന്‍ പിന്നെയും കാലതാമസമെടുക്കും. ഇതും വിദ്യാര്‍ഥികളെ കുഴയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."