തലപ്പുഴ 43ല്‍ ഉരുള്‍പൊട്ടി അഞ്ച് ഏക്കര്‍ വനം നശിച്ചു
തലപ്പുഴ(വയനാട്): തലപ്പുഴ 43ല്‍ രണ്ട് കിലോമീറ്റര്‍ അകലെ ഉള്‍വനത്തിനുള്ളില്‍ വന്‍ ഉരുള്‍പൊട്ടല്‍. രണ്ടാഴ്ച മുന്‍പാണ് ഇവിടെ വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്.
എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇത് വനംവകുപ്പിന്റെയും നാട്ടുകാരുടെയും ശ്രദ്ധയില്‍പെട്ടത്. അഞ്ച് ഏക്കറോളം വനഭൂമിയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. ഒരു മലയുടെ ഭൂരിഭാഗവും ഇടിഞ്ഞു നിരന്നിട്ടുണ്ട്. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പാറക്കല്ലിനും മണ്ണിനുമൊപ്പം വന്മരങ്ങളും കടപുഴകി ഒരു കിലോമീറ്റര്‍ താഴേക്ക് പതിച്ചു.
ഉരുള്‍പൊട്ടി ഒലിച്ചെത്തിയ മണ്ണ് സമീപത്തെ മറ്റൊരു മലയോട് തട്ടിയാണ് നിന്നത്. മണ്ണ് നിരങ്ങി വനത്തിന് നടുവിലൂടെ ഒഴുകുന്ന അരുവിയിലേക്കാണ് വീണത്.
ഇതോടെ അരുവിയുടെ ഒഴുക്ക് തടസപ്പെട്ടതിനാല്‍ ഒരു ഏക്കറിലധികം വിസ്തൃതിയില്‍ ഇവിടെ ഒരു തടാകവും രൂപപ്പെട്ടു. കൊട്ടിയൂര്‍ വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ വനം വയനാട് ബേഗൂര്‍ റെയ്ഞ്ചിന്റെ കീഴിലാണുള്ളത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്വാഭാവിക വനത്തിനുള്ളിലെ ഉരുള്‍പൊട്ടലിനെ കുറിച്ച് അറിയാന്‍ ജിയോളജി വകുപ്പിന്റെ സഹായം തേടുമെന്ന് ബേഗൂര്‍ റെയ്ഞ്ച് ഓഫിസര്‍ കെ.പി അബ്ദുല്‍സമദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."