മിന്നല്‍ കൊല്‍ക്കത്ത
ബംഗളൂരു: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എട്ടാം വിജയം സ്വന്തമാക്കി പ്ലേയോഫിലേക്ക്. ആറ് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തിയാണ് അവര്‍ അടുത്ത ഘട്ടത്തിലേക്ക് സീറ്റ് ഏതാണ്ടുറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 158 റണ്‍സെടുത്തപ്പോള്‍ മറുപടി പറഞ്ഞ കൊല്‍ക്കത്ത 15.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു. ചുവപ്പ് ജേഴ്‌സി മാറ്റി പച്ച ജേഴ്‌സിയിലിറങ്ങിയിട്ടും ബാംഗ്ലൂര്‍ ഒരിക്കല്‍ കൂടി പച്ച പിടിക്കാതെ പോയി.
വിജയം തേടിയിറങ്ങിയ കൊല്‍ക്കത്തയ്ക്ക് സുനില്‍ നരെയ്‌നും പരുക്ക് മാറി തിരിച്ചെത്തിയ ക്രിസ് ലിനും ചേര്‍ന്ന് മിന്നല്‍ തുടക്കമാണ് നല്‍കിയത്. 15 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട് സുനില്‍ നരെയ്ന്‍ ഐ.പി.എല്ലിലെ ഏറ്റവും വേഗതയാര്‍ന്ന അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പമെത്തി.
ടീമംഗമായ യൂസുഫ് പത്താന്റെ റെക്കോര്‍ഡിനൊപ്പമാണ് വിന്‍ഡീസ് സ്പിന്നര്‍ എത്തിയത്. നരെയ്ന്‍ 17 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറുഭാഗത്ത് ക്രിസ് ലിന്‍ 22 പന്തില്‍ 50 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്ന് 37 പന്തില്‍ അടിച്ചെടുത്തത് 105 റണ്‍സ്. നരെയ്ന്‍ അഞ്ച് ഫോറും നാല് സിക്‌സും പറത്തിയപ്പോള്‍ ലിന്‍ ആറ് ഫോറും നാല് സിക്‌സും തൂക്കി. ഇരുവരും പുറത്തായെങ്കിലും വേവലാതികളില്ലാതെ മത്സരം പൂര്‍ത്തിയാക്കേണ്ട ബാധ്യതയേ പിന്നാലെ വന്നവര്‍ക്കുണ്ടായിരുന്നുള്ളു. മൂന്നാമനായി ക്രിസിലെത്തിയ ഗ്രാന്‍ഡ്‌ഹോം 28 പന്തില്‍ 31 റണ്‍സെടുത്തു. ഗംഭീര്‍ 14 റണ്‍സില്‍ പുറത്തായെങ്കിലും മനീഷ് പാണ്ഡെ നാല് റണ്‍സെടുത്ത് വിജയം ഉറപ്പാക്കി.
നേരത്തെ ടോസ് നേടി കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ക്രിസ് ഗെയിലിനെ പുറത്താക്കി ഉമേഷ് യാദവ് വരാനിരിക്കുന്ന ദുരന്തത്തിന്റെ നാന്ദി കുറിച്ചു.
പിന്നാലെയെത്തിയ കോഹ്‌ലി (അഞ്ച്), ഡിവില്ല്യേഴ്‌സ് (10) എന്നിവരും പരാജയമായി. ഓപണര്‍ മന്‍ദീപ് സിങ് ഒരറ്റം കാത്തപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയ ട്രാവിസ് ഹെഡ്ഡ് മികച്ച ബാറ്റിങുമായി കളം നിറഞ്ഞതോടെ ബാംഗ്ലൂര്‍ ട്രാക്കിലായി. ഇരുവരും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ബാംഗ്ലൂരിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മന്‍ദീപ് 43 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ ഹെഡ്ഡ് 47 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും പറത്തി 75 റണ്‍സ് വാരി പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കായി ഉമേഷ് യാദവ് മൂന്നും സുനില്‍ നരെയ്ന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത നരെയ്‌നാണ് കളിയിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."