മാനന്തവാടിയെ തകര്‍ക്കാന്‍ ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ്
മാനന്തവാടി: ഒ.ആര്‍.കേളു എം.എല്‍.എ മാനന്തവാടിക്ക് ബാധ്യതയായി മാറുകയാണെന്നും മാനന്തവാടിയെ തകര്‍ക്കാന്‍ കല്‍പ്പറ്റ എം.എല്‍.എയുമായി ചേര്‍ന്ന് അദ്ദേഹം ഗൂഡാലോചന നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് താലൂക്ക്‌ലാന്റ് ബോര്‍ഡ് കല്‍പ്പറ്റക്ക് മാറ്റിയത്. ഇതിനെ പ്രതിരോധിക്കാന്‍ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും എം.എല്‍.എ തയാറായിട്ടില്ല. ഇതേരീതിയില്‍ ഡി.എം.ഒ ഓഫിസ് മാറ്റാന്‍ ശ്രമിച്ചതാണ്. കോണ്‍ഗ്രസ് നടത്തിയ ശക്തമായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു. മാനന്തവാടിക്ക് പി.കെ ജയലക്ഷ്മിയുടെ കാലത്ത് അനുവദിച്ച നഴ്‌സിങ് കോളജ് കെട്ടിട നിര്‍മാണത്തിനുള്ള 50 ലക്ഷം രൂപയുടെ പ്രവര്‍ത്തി അന്ന് ടെന്‍ഡര്‍ ചെയ്തതാണ് ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല.
നഴ്‌സിങ് കോളജ് കല്‍പ്പറ്റക്ക് മാറ്റാന്‍ അണിയറ നീക്കം നടത്തുകയാണ്. നബാര്‍ഡ് സഹായത്തോടെ ജില്ലാ ആശുപത്രിക്ക് അനുവദിച്ച മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തിന്റെ ടെന്‍ഡര്‍ നടന്നിട്ട് 10 മാസം കഴിഞ്ഞു. കാബിനറ്റ് അംഗീകാരം നല്‍കാത്തതിനാല്‍ ടെന്‍ഡര്‍ അംഗീകരിച്ചില്ല. മെഡിക്കല്‍ കോളജ് കല്‍പ്പറ്റയില്‍ വരുന്നതു കൊണ്ട് 42 കോടി മുടക്കി ജില്ലാ ആശുപത്രിയില്‍ കെട്ടിടം വേണ്ട എന്ന നിലപാടാണോ എം.എല്‍.എയ്ക്ക് എന്ന് വ്യകതമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാനന്തവാടി എം.എല്‍.എ ആയിട്ടല്ല കല്‍പ്പറ്റ എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പോലെയാണ് ഒ.ആര്‍ കേളു പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ആത്മാര്‍ഥത ഉണ്ടെങ്കില്‍ ലാന്‍ഡ് ബോര്‍ഡ് ഓഫിസ് മാറ്റാനുള്ള നീക്കം പിന്‍വലിച്ച് മാനന്തവാടിയോടൊപ്പം നില്‍ക്കാന്‍ എം.എല്‍.എ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓഫിസ് മാറ്റുന്നതിനെതിരേ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും സേവ് മാനന്തവാടി കാംപയിന്‍ ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. എന്‍.കെ വര്‍ഗീസ്, എക്കണ്ടി മൊയ്തുട്ടി, എം.ജി ബിജു, പി.വി ജോര്‍ജ്, ഡെന്നിസണ്‍ കണിയാരം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."