ലൈഫ് മിഷന്‍: യു.വി ജോസും ഉദ്യോഗസ്ഥരും സി.ബി.ഐയ്ക്ക് മുന്നില്‍
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ചോദ്യം ചെയ്യലിനായി സി.ഇ.ഒ യു.വി ജോസും രണ്ട് ഉദ്യോഗസ്ഥരും സി.ബി.ഐയ്ക്ക് മുന്നില്‍. രാവിലെ പതിനൊന്ന് മണിയോടെയാണ് കടവന്ത്രയിലെ സി.ബി.ഐ ഓഫിസില്‍ ഇവരെത്തിയത്.
ഇന്ന് സി.ബി.ഐ കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ജോസിന് കഴിഞ്ഞയാഴ്ചയാണ് സി.ബി.ഐ നോട്ടിസയച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
റെഡ് ക്രസന്റുമായുള്ള ധാരണാപത്രമുള്‍പ്പെടെ പ്രധാനമായി ആറു രേഖകളാണ് ഹാജരാക്കേണ്ടത്. വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍, കരാറുകാരായ യൂനിടാക്കും സെയ്ന്‍ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള രേഖകള്‍ തുടങ്ങിവയും ഹാജരാക്കണം.
കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ കഴിഞ്ഞ ദിവസം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരെങ്കിലും പദ്ധതി നിരീക്ഷിച്ചിരുന്നോ, ഇടപെടലുകള്‍ നടത്തിയോ തുടങ്ങിയ വിവരങ്ങളില്‍ വ്യക്തത ലഭിക്കാനാണ് രേഖകള്‍ പരിശോധിച്ച് തൃശൂര്‍ കോ- ഓര്‍ഡിനേറ്ററെ ചോദ്യം ചെയ്തത്.
യൂനിടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെയും ഒന്നിലേറെ തവണ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. വിദേശ സഹായ നിയന്ത്രണ ചട്ടം ലംഘിച്ചെന്നു കാണിച്ച് സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എടുത്ത കേസില്‍ യൂനിടാക് ഓഫിസില്‍ സി.ബി.ഐ പരിശോധന നടത്തുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു.
നേരത്തെ ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയില്‍ വിവിധ രേഖകള്‍ സി.ബി.ഐ സംഘം പിടിച്ചെടുത്തു.
വടക്കാഞ്ചേരിയിലെ ഭവന സമുച്ചയ നിര്‍മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ആക്സിസ് ബാങ്ക് തിരുവനന്തപുരം കരമന ശാഖയിലെ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സി.ബി.ഐ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."