ഹരിതാഭമായി പൊന്നാനി പൊലിസ് സ്റ്റേഷന്: ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
പൊന്നാനി: കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ ശവപ്പറമ്പായിരുന്ന പൊന്നാനി പൊലിസ് സ്റ്റേഷന് ഇപ്പോള്‍ ഹരിത പൊലിസ് സ്റ്റേഷനാണ്. ഇവിടെയിപ്പോള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് നറുമണം വിതറുന്ന പൂന്തോട്ടമാണ്. ഒപ്പം സ്റ്റേഷന് വളപ്പിലെ പച്ചക്കറിത്തോട്ടവും.
കാടുമൂടിക്കിടന്ന പൊലിസ് സ്റ്റേഷന് മുറ്റത്ത് ഇപ്പോള്‍ വിളഞ്ഞുകിടക്കുന്നത് ഏഴുതരം പച്ചക്കറികളാണ്. സ്റ്റേഷനു കീഴിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ കൃഷിചെയ്യാന്‍ സി.ഐ തന്നെ മുന്നിട്ടിറങ്ങിയതോടെ പോലീസുകാരെല്ലാം ഒത്തൊരുമയോടെ ഒന്നിച്ചിറങ്ങി. കസ്റ്റഡി വാഹനങ്ങളെല്ലാം മറ്റൊരിടത്തേക്ക് മാറ്റിയപ്പോള്‍ സ്റ്റേഷന് വളപ്പ് വേലികെട്ടി തിരിച്ച് മനോഹരമാക്കി. ഇനി പക്ഷികളെയും ഒപ്പം അക്വേറിയവും ഒരുക്കാനാണ് പദ്ധതി. അടുത്ത ദിവസം തന്നെ പക്ഷികള്‍ എത്തും. പക്ഷിക്കൂട് റെഡിയായിക്കഴിഞ്ഞു. സ്റ്റേഷനിലെത്തുന്നവരുടെ മാനസിക നില സന്തോഷമാക്കാന്‍ പക്ഷികള്‍ക്കും അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്കും കഴിയുമെന്നാണ് പൊലിസുകാര്‍ പറയുന്നത്. പൊലിസ് കൂട്ടായ്മ ഒരുക്കിയ പച്ചക്കറി, ചെണ്ടുമല്ലി കൃഷിയിടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം ഇന്നലെ പൊന്നാനി പൊലിസ് ഇന്‍സ്പെക്ടര്‍ സണ്ണി ചാക്കോ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."