മതേതര ഇടപെടലുകള്‍ ശക്തിയാര്‍ജിക്കേണ്ട കാലം
ഇന്ത്യന്‍ ജനതയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിപ്പിച്ച് ഭരണം നിലനിര്‍ത്താനുള്ള തീവ്രയത്‌നത്തിലാണ് മോദി ഭരണകൂടം. ഹരിതവിപ്ലവ രംഗത്ത് വലിയ മുന്നേറ്റം നടത്തിയ പഞ്ചാബിലെയും ഹരിയാനയിലെയും സിക്കുകാര്‍ക്കെതിരേ വാളോങ്ങി ഇപ്പോള്‍ കാര്‍ഷിക ബില്ലുകളും ചുട്ടെടുത്തിരിക്കുകയാണ്.
മതങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുത്തുനില്‍ക്കാന്‍ മതേതരവാദികള്‍ രംഗത്തുവന്നത് ഭരണാധികാരികളെ ചൊടിപ്പിച്ചിരിക്കുന്നു. അവര്‍ക്കെതിരേയും കേസുകളുമായി സംഘ്പരിവാര്‍ രംഗത്തു വന്നിരിക്കുകയാണ്. ആര്യസമാജം വിട്ട സ്വാമി അഗ്നിവേശിനെയും വാജ്‌പേയി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ജസ്വന്ത് സിങ്ങിന്റെയും മരണങ്ങള്‍ മതേതരവാദികളുടെ നാവടക്കുമെന്ന വ്യാമോഹം ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവര്‍ക്കുണ്ടോ എന്നറിയില്ല. അതിനിടെ, സീതാറാം യെച്ചൂരിയെയും വൃന്ദാ കാരാട്ടിനെയും ആനി രാജയെയും പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെ പ്രതിചേര്‍ത്ത് കള്ളക്കേസെടുക്കുന്ന പ്രക്രിയകള്‍ ഡല്‍ഹി പൊലിസ് ആരംഭിച്ചു കഴിഞ്ഞു.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മുസ്‌ലിം വംശഹത്യയുമായി ബന്ധപ്പെടുത്തിയാണ് 2,695 പേജ് വരുന്ന കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ഥികളായ ഷര്‍ജീല്‍ ഇമാം, സഫൂറാ സര്‍ഗാര്‍ തുടങ്ങി 15 പേരെ പ്രതിചേര്‍ത്ത് നേരത്തെ തയാറാക്കിയ ചാര്‍ജ്ഷീറ്റിനു പിന്നാലെയാണ് ഈ അനുബന്ധ കുറ്റപത്രം. യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വജ്, രാഹുല്‍ റോയ്, ജയതി ഘോഷ്, അപൂര്‍വാനന്ദ് എന്നീ പ്രമുഖരും പ്രതി ചേര്‍ക്കപ്പെട്ടവരില്‍പെടും. ഇവര്‍ ചേര്‍ന്നുനടത്തിയ മഹിളാ ഏക്തായാത്ര ഡല്‍ഹി വംശഹത്യയുടെ ഒരുക്കമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്!.
തങ്ങള്‍ ഒപ്പുവയ്ക്കാത്ത മൊഴികള്‍പോലും തങ്ങളുടേതായി കുറ്റപത്രത്തില്‍ ചേര്‍ത്തതായി ആക്ടിവിസ്റ്റുകളായ ഗുല്‍ഫിഷ ഫാത്തിമയും നൗഷയും പറയുമ്പോള്‍ സമാധാനപരമായ പ്രക്ഷോഭങ്ങളെപ്പോലും ഡല്‍ഹി പൊലിസ് ഭയക്കുകയാണ്. സീതാറാം യെച്ചൂരി, പി. ചിദംബരം, ജയറാം രമേശ് തുടങ്ങി രാഷ്ട്രീയ നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും ഡല്‍ഹി പൊലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടും, വംശഹത്യയ്ക്ക് പരസ്യമായി ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്കും കൂട്ടാളികള്‍ക്കുമെതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ല. നടപടി ഉണ്ടായത്, ആ ഉത്തരവിട്ട ജഡ്ജിയെ അന്നു രാത്രി തന്നെ ഡല്‍ഹിയില്‍നിന്നു സ്ഥലം മാറ്റിയതാണ്.
കൊടുംതണുപ്പു പോലും വകവയ്ക്കാതെ, ഒരു പാര്‍ട്ടിയുടെയും പ്രാതിനിധ്യമില്ലാതെ ശഹീന്‍ബാഹില്‍ വനിതകള്‍ നടത്തിയ കൂട്ടസത്യഗ്രഹം കൊവിഡ് പശ്ചാത്തലത്തിലാണ് 100 ദിവസങ്ങള്‍ക്കു ശേഷം താല്‍ക്കാലികമായി പിന്‍വലിച്ചത്. നാലുമാസം പ്രായമായ മുഹമ്മദ് ജഹാന്‍ എന്ന കൈക്കുഞ്ഞ് മുതല്‍ 82 വയസായ ദാദി ബില്‍ക്കീസ് വരെ രാപകല്‍ സമരത്തില്‍ പങ്കെടുത്തു. പ്രമുഖ ഇംഗ്ലീഷ് മാസികയായ 'ടൈം' ലോകത്തെ സ്വാധീനിച്ച 100 പേരില്‍ ഒരാളായി ദാദി ബില്‍ക്കീസിനെ ഉയര്‍ത്തിക്കാണിച്ചത് പൗരത്വബോധത്തിന്റെ തീക്ഷ്ണതയില്‍ നിന്നുയര്‍ന്ന സമരത്തിനു കൂടുതല്‍ ശക്തി പകരുന്നതാണ്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ ഒരു ലക്ഷത്തോളം പേര്‍ ഡല്‍ഹിയിലെ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തതായാണ് വിവരം.
പൗരത്വ പ്രക്ഷോഭത്തില്‍ പങ്കാളികളായതിനു പ്രതിചേര്‍ക്കപ്പെട്ട രാഷ്ട്രീയ നേതാക്കളായ വൃന്ദാ കാരാട്ട്, ആനി രാജ എന്നിവരും പ്രത്യേകമായി ഒരു മതത്തോട് ചേര്‍ന്നുനില്‍ക്കുന്നവരല്ല. സി.പി.ഐ ജനറല്‍ സെക്രട്ടറിയായ ഡി. രാജയുടെ പത്‌നിയാണ് ആനി രാജ.
അയല്‍ രാഷ്ട്രങ്ങളിലെ ഇസ്‌ലാം മതവിശ്വാസികള്‍ ഒഴികെയുള്ള എല്ലാ മതക്കാര്‍ക്കും ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര നീക്കത്തിനെതിരേയായിരുന്നു ശഹീന്‍ബാഗ് സമരം. ഈ പ്രക്ഷോഭത്തില്‍ സഹോദര സമുദായങ്ങളും പങ്കുചേര്‍ന്നു. ഡല്‍ഹിയില്‍തന്നെ സത്യഗ്രഹികള്‍ക്ക് ഭക്ഷണമെത്തിക്കാനായി മാത്രം സിക്കുകാരന്‍ സ്വന്തം ഫ്‌ളാറ്റ് പോലും വിറ്റു. ആ അര്‍ഥത്തില്‍ സംഘ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ നില്‍ക്കുന്നവര്‍ മതേതരവാദികള്‍ ആയാലും വെറുതെവിടില്ല എന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലിസിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."