HOME
DETAILS
MAL
കരിപ്പൂര്‍ വിമാനാപകടത്തിന് രണ്ട് മാസം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയില്ല; ചാര്‍ജ് ഷീറ്റ് നല്‍കാനാവാതെ പൊലിസും
backup
October 06 2020 | 04:10 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനപകടം നടന്ന് രണ്ട് മാസമാകുമ്പോഴും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നില്ല. ഇതുമൂലം സംസ്ഥാന പൊലിസിന് അന്വേഷണത്തിന്റെ ചാര്‍ജ് ഷീറ്റ് ഇതുവരെ കോടതിയില്‍ ഹാജരാക്കാനും സാധിച്ചിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് നടത്തുന്നത്. ഇവരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് പൊലിസ് ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കുക. അപകടത്തില്‍ പരുക്കേറ്റവരുടെ മൊഴി അടക്കം ശേഖരിച്ചാണ് പൊലിസ് ചാര്‍ജ് ഷീറ്റ് തയാറാക്കിയത്. ഇതിന്റെ പൂര്‍ത്തീകരണത്തിനാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വേണ്ടത്. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങള്‍ക്ക് പൊലിസ് ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
കരിപ്പൂരിലെ അപകടത്തിന് കാരണം റണ്‍വേയുടെ അപാകതയല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയതാണ്. ചെറിയ ഇനത്തില്‍പ്പെട്ട ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ വൈമാനികരുടെ സംഘടനകള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടതോടെ അഞ്ച് മാസത്തെ സമയമാണ് കേന്ദ്രവ്യോമായാന മന്ത്രാലയം അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്നത്. വിമാനത്തിന്റെ കോക്പിറ്റ് റെക്കോര്‍ഡര്‍, ബ്ലാക്ക് ബോക്‌സ് എന്നിവയില്‍ നിന്നുള്ള തെളിവുകള്‍ പരിശോധിച്ച് വരികയാണ്. റണ്‍വേയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നെത്തിയ വിമാനം നിശ്ചിത നേര്‍രേഖയില്‍ നിന്നും അകലത്തിലാണ് ലാന്‍ഡ് ചെയ്തത്. ഇതിന തുടര്‍ന്നാണ് 35 അടി താഴ്ചയിലേക്ക് വിമാനം വീണതെന്നാണ് വിലയിരുത്തല്‍.
അപകടം നടന്നിട്ട് രണ്ടുമാസം ആകുമ്പോഴും പരുക്കേറ്റ രണ്ട് പേര്‍ ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. അപകടത്തില്‍ 21 പേരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആദ്യഘട്ട ധനസഹായം കൈമാറിയിട്ടുണ്ട്. കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനം ഇതുവരെ മാറ്റിയില്ല. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."