പറയുന്നവരുടെ മനസാണ് പുഴുവരിച്ചത്; ഐ.എം.എയുടെ വിമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെതിരെ അതിരൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എം.എയുടെ വിമര്‍ശനം ശരിയായ നടപടിയല്ല. സ്വയം വിദഗ്ധര്‍ എന്നു കരുതുന്നവര്‍ തെറ്റിദ്ധാരണ പരത്തുന്നു. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു പോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ്സ് പുഴുവരിച്ചവര്‍ക്ക് മാത്രമേ കേരളത്തില്‍ പറയാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദഗ്ദ്ധരെ സര്‍ക്കാര്‍ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ വിദഗ്ദ്ധര്‍ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല. കേരളത്തിന്റെ ആരോഗ്യരംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരുവകയുമുണ്ടായിട്ടില്ല. ആവശ്യമായ കരുതലോടെ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് എന്തെങ്കിലും വീഴ്ച പറ്റിയെങ്കില്‍ ആ വീഴ്ച എന്താണെന്ന് സര്‍ക്കാരിനെ നേരിട്ടറിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജാഗ്രതയില്‍ കുറവുണ്ടായി. അത് കൊവിഡ് വ്യാപനത്തിന് ഇടയാക്കി. എന്നാല്‍, നല്ല രീതിയില്‍ തന്നെ ചെറുക്കാന്‍ കഴിഞ്ഞു. പക്ഷേ നേരത്തെയുണ്ടായിരുന്ന നില തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോള്‍ മരണനിരക്കും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. അതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലി്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."