ശബരിമല: ഒരു ദിവസം 1000 പേര് മാത്രം, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
10 നും 60 നും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ദര്‍ശനം നടത്താന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കുമാണ് ദര്‍ശനം അനുവദിക്കേണ്ടത്. മാത്രമല്ല മണ്ഡലപൂജ ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നു.
പമ്പ വഴി മാത്രമേ പ്രവേശനം അനുവദിക്കൂ. ബാക്കി പാതകളെല്ലാം അടയ്ക്കും. 48 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ അത് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് തുടര്‍ന്ന് കിട്ടിയ രേഖയുമായി വരുന്നവര്‍ക്ക് എന്‍ട്രി പോയിന്റായ നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധനയുണ്ടാകും. പമ്പയിലൊ സന്നിധാനത്തോ തങ്ങാന്‍ തീര്‍ത്ഥാടകരെ അനുവദിക്കില്ല.
വിദഗ്ദ്ധസമിതി വിപുലമായ ശുപാര്‍ശ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാരായിരിക്കും. നാളെ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."