ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല: കൊലയാളിക്കുമേല്‍ ഭീകരക്കുറ്റം ചുമത്തി
വെല്ലിങ്ടണ്‍: ന്യൂസിലന്റിലെ മുസ്‌ലിംപള്ളികളില്‍ വെടിവയ്പു നടത്തി 51 വിശ്വാസികളെ കൊലപ്പെടുത്തിയ തീവ്രവലതുപക്ഷ ഭീകരന്‍ ബ്രന്‍ഡന്‍ ടാറന്റിനുമേല്‍ ഭീകരതാ കുറ്റം ചുമത്തിയതായി ന്യൂസിലന്റ് പൊലിസ് അറിയിച്ചു.
ഇതിനു പുറമെ 51 കൊലക്കുറ്റങ്ങളും 40 വധശ്രമക്കുറ്റങ്ങളും ഇയാള്‍ക്കുനേരെ ചുമത്തിയിട്ടുണ്ട്. 2002ല്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും ന്യൂസിലന്റ് കോടതി മുന്‍പാകെ ഭീകരതാ കുറ്റം ചുമത്തിയ ഒരു കേസുപോലും ഇതുവരെ വന്നിട്ടില്ല. പ്രോസിക്യൂട്ടര്‍മാരുമായും നിയമവിദഗ്ധരുമായും ചര്‍ച്ച നടത്തേണ്ടിവന്നതിനാലാണ് ഭീകരക്കുറ്റം ചുമത്താന്‍ രണ്ടു മാസത്തിലേറെ വൈകിയതെന്നു പൊലിസ് പറഞ്ഞു. വെള്ളക്കാരുടെ ആധിപത്യത്തില്‍ വിശ്വസിക്കുന്ന കൊലയാളി മാര്‍ച്ച് 15ന് യന്ത്രത്തോക്കുകളുമായി വന്ന് രണ്ടു പള്ളികളില്‍ ആരാധന നടത്തുന്നവരുടെ നേരെ നിറയൊഴിക്കുകയായിരുന്നു. ആസൂത്രിതമായ ഭീകരാക്രമണമെന്നായിരുന്നു ഇതിനെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിശേഷിപ്പിച്ചത്.
വിചാരണയ്ക്ക് ഹാജരാവാന്‍ മാനസികമായി കരുത്തുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിനാല്‍ 29കാരനായ കൊലയാളിയെ അതീവസുരക്ഷയുള്ള ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ജൂണ്‍ 14നാണ് പ്രതിയെ ഇനി കോടതിയില്‍ ഹാജരാക്കേണ്ടത്. കൂട്ടക്കൊലയെ തുടര്‍ന്ന് രാജ്യത്ത് തോക്കുനിയമങ്ങള്‍ കര്‍ക്കശമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."