പോളിടെക്‌നിക് പ്രവേശനത്തിന് നാളെ മുതല്‍ അപേക്ഷിക്കാം
സംസ്ഥാനത്തെ പോളിടെക്‌നിക് പ്രവേശന നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലെ മുഴുവന്‍ സീറ്റിലേക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും, സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമാണ് ഓണ്‍ലൈനായി പ്രവേശനം നടക്കുന്നത്.
സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഈമാസം 19 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, സി.ബി.എസ്.ഇ മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങള്‍ ഓരോ വിഷയങ്ങളായി പഠിച്ചവര്‍ക്ക് എന്‍ജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം. 1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം. 2) അപേക്ഷിക്കാം. ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ എന്നിവ പാസായവര്‍ക്ക് യഥാക്രമം പത്ത്, രണ്ട് ശതമാനം വീതം റിസര്‍വേഷന്‍ ഉണ്ട്. വി.എച്ച്.എസ്.ഇ പാസായവര്‍ക്ക് ട്രേഡുകള്‍ അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുക.
ഭിന്നശേഷിയുള്ളവര്‍ക്ക് (സഞ്ചാരം, കാഴ്ച, കേള്‍വി വൈകല്യം ഉള്ളവര്‍) അഞ്ച് ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. തൃപ്രയാര്‍ ശ്രീരാമ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ്, കോട്ടയം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് എന്നിവിടങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 10 ശതമാനം അധിക സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്
എന്‍.സി.സി സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി ഫീസടച്ച് അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകര്‍പ്പ് യഥാക്രമം എന്‍.സി.സി ഡയറക്ടറിലേക്കും സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കും നല്‍കണം. എസ്.എസ്.എല്‍.സിക്കു ലഭിച്ച മാര്‍ക്കില്‍ കണക്ക്, സയന്‍സ് എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് സ്ട്രീം ഒന്നിലേക്കുള്ള സെലക്ഷന്റെ ഇന്‍ഡ്ക്‌സ് സ്‌കോര്‍ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് സ്ട്രീം രണ്ടിലേക്കുള്ള സെലക്ഷന്റെ ഇന്‍ഡ്ക്‌സ് സ്‌കോര്‍ നിശ്ചയിക്കുന്നത്.
പൊതുവിഭാഗങ്ങള്‍ക്ക് 150 രൂപയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 75 രൂപയുമാണ് അപേക്ഷാ ഫീസ്.അഡ്മിഷന്‍ ഹെല്‍പ്‌ഡെസ്‌കുകളുടെ സേവനം ഓണ്‍ലൈനായി എല്ലാ സ്ഥാപനങ്ങളിലും ലഭിക്കും. ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക:് www.polyadmission.or-g.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."