വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി; അന്തിമ തീരുമാനമായില്ല
ജിദ്ദ: സഊദിയിലെ വിദേശികള്‍ സ്വന്തം നാടുകളിലേക്ക് അയയ്ക്കുന്ന പണത്തിന് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും ഈ വിഷയം ശൂറ പരിഗണിക്കുന്നതില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് ധനകാര്യസമിതി അംഗം ഡോ. മുഹമ്മദ് ആലു അബ്ബാസ് പറഞ്ഞു.
മുന്‍ ശൂറാ കൗണ്‍സില്‍ അംഗം ഹുസാം അല്‍അന്‍ഖരിയാണ് നേരത്തെ ഈ വിഷയം ശൂറയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ധനകാര്യ മന്ത്രാലയത്തിന്റെ നിഷേധം ശൂറാ കൗണ്‍സിലിന് വിഷയമല്ലെന്നും അംഗത്തിന്റെ നിര്‍ദേശം ശൂറാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും ഡോ. മുഹമ്മദ് ആലു അബ്ബാസ് പറഞ്ഞു. വിദേശ പണമിടപാടിന് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം നേരത്തെ നിശ്ചയിച്ചത് പോലെ ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിനകത്ത് തന്നെ പണം ചെലവഴിക്കുന്നതിന് വിദേശ തൊഴിലാളികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം ഈ നിര്‍ദേശത്തിന് പിറകിലുണ്ടെന്നും ഡോ. ആലു അബ്ബാസ് വ്യക്തമാക്കി. നിയമവിധേയമല്ലാത്ത ധനസമ്പാദനത്തിന് തടയിടുക എന്നതും പുതിയ നിര്‍ദേശത്തിന് പ്രേരകമാണ്. അതേ സമയം വിദേശികളുടെ പണമിടപാടിനു നികുതി വരുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ധനകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.വിദേശികള്‍ അയക്കുന്ന പണത്തിനു യാതൊരു ഫീസും ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ധനം ഔദ്യോഗിക ചാനലുകള്‍ വഴി തന്നെ ധനം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിനിമയം ചെയ്യുന്നതിനെ തങ്ങള്‍ പിന്തുണയ്ക്കുന്നുമെന്നുമാണു മന്ത്രാലയം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."